Type Here to Get Search Results !

Bottom Ad

പരിമിതികള്‍ക്കിടയിലും ഇന്ത്യക്ക് മാതൃകയായി കാസര്‍കോട്


കാസര്‍കോട് (www.evisionnews.co): ലോകത്തിന് മുന്നില്‍ കാസര്‍കോട് മാതൃകയാകുമ്പോള്‍ കോവിഡ് പ്രതിരോധനത്തിന്റെ കാസര്‍കോടന്‍ മോഡലിന് പറയാനേറെയുണ്ട്. ഏറെ പരിമിതികള്‍ക്കകത്ത് നിന്ന് ലോകത്തെ തന്നെ വിറപ്പിച്ച മഹാമാരിയോട് കാസസര്‍കോട് ഒന്നിച്ചൊന്നായി പ്രതിരോധം തീര്‍ത്തപ്പോള്‍ ഒരു വലിയ മാതൃക രാജ്യത്തിനും ലോകത്തിനും തന്നെ ഉയര്‍ത്തിക്കാട്ടാനായി. 

കോവിഡ് ഭീതിയുടെ ആദ്യദിവസങ്ങളില്‍ സമൂഹിക വ്യാപനത്തിന്റെ എല്ലാ സാധ്യതകളും കാസര്‍കോടിന്റെ മേല്‍ അറിഞ്ഞോ അറിയാതെയോ കെട്ടിവെച്ചു. രോഗികളുടെ ഗ്രാഫ് കുത്തനെ ഉയരുന്നതോടെ ആശങ്കയുടെയും ഭീതിയുടെയും തോതും കൂടി. ആരോഗ്യ രംഗത്ത് ഏറെ പരിമിതികളും പരാധീനതകളുമുള്ള ഈ വടക്കന്‍ ജില്ല എങ്ങനെ പ്രതിരോധിക്കുമെന്നതായിരുന്നു പൊതുജനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും ആശങ്ക. എന്നാല്‍ രണ്ടാംഘട്ടത്തില്‍ ആദ്യ കോവിഡ് സ്ഥിരീകരിച്ച് ഒരു മാസം കഴിയുമ്പോഴേക്കും കുത്തനെ ഉയര്‍ന്ന ഗ്രാഫ് ഫ്‌ളാറ്റാകുന്ന കാഴ്ചയായിരുന്നു. 

കോവിഡ് സ്ഥിരീകരിച്ച 168പേരില്‍ 123 പേരും രോഗമുക്തരായി. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ജില്ലയില്‍ പുതുതായി ആര്‍ക്കും കോവിഡ്-19 രോഗം സ്ഥീരീകരിച്ചിട്ടുമില്ല. ശനിയാഴ്ച മാത്രം രണ്ടു പേരാണ് പരിശോധനാ ഫലം നെഗറ്റീവായി ആശുപത്രി വിട്ടത്. രണ്ടുപേരും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്നാണ്ഡിസ്ചാര്‍ജായത്. ഇതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 45 ആയി ചുരുങ്ങി. ഇവരില്‍ 49 പേര്‍ ജില്ലയിലെ ആസ്പത്രികളിലും നാലുപേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലുമാണ് ചികിത്സയിലുള്ളത്.5857പേരാണ് ശനിയാഴ്ച വരെ നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 5740 പേരും ആശുപത്രികളില്‍ 117പേരുമാണ് നീരിക്ഷണത്തില്‍ കഴിയുന്നത്. 

രോഗബാധയുടെ ഗ്രാഫ് കുത്തനെ ഉയരുമ്പോള്‍ തന്നെ പരിമിതിക്കകത്ത് നിന്ന് എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി ആരോഗ്യവകുപ്പ് പ്രവര്‍ത്തകരും ജില്ലാ ഭരണകൂടവും പോലീസും പൊതുജനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിച്ചതാണ് അത്ഭുതകരമായ ഈ തേരോട്ടം സാധ്യമായത്. രണ്ടുപ്രളയങ്ങളെയും അതിജയിച്ചതിന്റെ അനുഭവത്തില്‍ എല്ലാവരും ഒന്നിച്ചുനിന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ സ്‌പെഷ്യല്‍ ഓഫീസറായി നിയോഗിക്കപ്പെട്ട അല്‍കേഷ് കുമാര്‍ ഐഎഎസിന്റെ ഇടപെടലും വലിയ രീതിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ശക്തിപകര്‍ന്നു. 

ജില്ലയില്‍ പ്രതിരോധ നടപടികള്‍ ഫലപ്രദമാവാത്ത സാഹചര്യത്തിലാണ് സ്‌പെഷ്യല്‍ ഓഫീസറെ നിയമിച്ചത്. പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും നേരത്തെ തന്നെ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. രാജ്യത്താകെ കേന്ദ്രം ലോക്‌ഡോണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പെ തന്നെ ആരാധനാലയങ്ങള്‍ അടക്കം ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു പുറപ്പെടുവിച്ചിരുന്നു. പൊതുപരിപാടികള്‍ക്കും ഇതോടൊപ്പം നിരോധനം ഏര്‍പ്പെടുത്തി. ആരോഗ്യ പ്രവര്‍ത്തകരും പോലീസും മുഴുദിനം ഡ്യൂട്ടിയെടുത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായതോടെ കോവിഡ് വ്യാപനം ഏറ്റവും മികച്ചരീതിയില്‍ ചെറുക്കാനായി. 1500 പൊലീസുകാരെ കൂടുതലായി ഇറക്കി ജനങ്ങളെ നിയന്ത്രിച്ചു. ഐജി വിജയ സാക്കറെയെ നിയമിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെ കുറവു നികത്താനും ലോക് ഡൗണിലെ പൊതുജീവിതം താളംതെറ്റിയപ്പോഴും സന്നദ്ധ പ്രവര്‍ത്തകര്‍ കൂടി പ്രതിരോധത്തില്‍ ഒരുമിച്ചതോടെ അതിജീവനത്തിന് പുതിയ മാനം കണ്ടെത്തനായി. 

കാസര്‍കോടിന്റെ കോവിഡ് പ്രതിരോധത്തെ കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ തീര്‍ച്ചയായും ഉയരേണ്ടത് ജില്ലയുടെ ആരോഗ്യമേഖല ഉള്‍പ്പടെ അനുഭവിക്കുന്ന പരാധീനതകളും പരിമിതികളെയും കുറിച്ചുള്ള ചര്‍ച്ചകളാണ്. ജില്ലയില്‍ ജനറല്‍, ജില്ലാ ആസ്പത്രി കഴിഞ്ഞാല്‍ രണ്ടു താലൂക്ക് ആസ്പത്രികളും ഒമ്പത് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുമാണ് ഉള്ളത്. നാല്‍പതോളം പ്രാഥമികാരോഗ്യ കേന്ദ്രവുമുണ്ട്. അതില്‍ പത്തെണ്ണം മാത്രമെ മുഴുവന്‍ സമയം പ്രവര്‍ത്തനമുള്ളൂ. 

കാസര്‍കോടിന്റെ സമഗ്രപുരോഗതിക്കായി 2013ല്‍ അന്നത്തെ സര്‍ക്കാര്‍ കൊണ്ടുവന്ന മെഡിക്കല്‍ കോളജ് പണി ഏകദേശം പൂര്‍ത്തിയായിട്ടും തുറന്നുകൊടുക്കാത്തതായിരുന്നു കോവിഡിന്റെ ആദ്യം മുതലെ ഉയര്‍ന്നുവന്ന ചര്‍ച്ച. എംഎല്‍എ, എംപിമാരടക്കമുള്ള ജനപ്രതിനിധികളുടെ ഇടപെടലില്‍ ഗദ്യന്തരമില്ലാതെ ഔദ്യോഗിക ഉദ്ഘാടനത്തിനും മുമ്പെ കോവിഡ് ആസ്പത്രിയായി പ്രവര്‍ത്തനം തുടങ്ങി. ജനറല്‍ ആസ്പത്രി, ജില്ലാ ആസ്പത്രിക്കും പുറമെ മെഡിക്കല്‍ കോളജിലെ കോവിഡ് സെന്ററുമായതോടെ കാസര്‍കോടിന്റെ ആരോഗ്യ രംഗത്തെ പ്രതിസന്ധി അല്‍പംകൂടി മാറുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നെത്തിയ പ്രത്യേക മെഡിക്കല്‍ സംഘവും പ്രശംസനീയമായി പ്രവര്‍ത്തിച്ചു. 

കാസര്‍കോടിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചവരില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എംവി രാംദാസിന്റെ പങ്ക് അഭിനന്ദനാര്‍ഹമാണ്. കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ആര്‍എംഒ ഡോ. ഗണേഷ്, ജില്ലാ ആസ്പത്രി സൂപ്രണ്ട് എന്നിവരടങ്ങുന്ന സംഘത്തിന്റെ നേതൃത്വം ആശാവഹമാണ്. ലീവില്ലാതെ 18ഉം അതിലധികവും ഡ്യൂട്ടിയെടുത്താണ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്. 

ജില്ലയിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍, ആശുപത്രി ജീവനക്കാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, സന്നദ്ധ സേവകര്‍, പോലീസ്, ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തകര്‍, ജാഗ്രതാ സമിതി അംഗങ്ങള്‍ ഒക്കെ ഈ അഭിമാന നേട്ടത്തിന് പിറകിലുണ്ട്. അതിലേറെ പൊതുജനങ്ങളുടെ സഹകരണവും പറയാതിരിക്കാന്‍ വയ്യ. 
Post a Comment

0 Comments

Top Post Ad

Below Post Ad