Type Here to Get Search Results !

Bottom Ad

കാസര്‍കോട് മെഡിക്കല്‍ കോളജ്: ആരോഗ്യ മന്ത്രി കള്ളം പറയുന്നുവെന്ന് ഡിസിസി പ്രസിഡന്റും എംഎല്‍എയും


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട വസ്തുതകള്‍ ആരോഗ്യമന്ത്രിയും സര്‍ക്കാറും വളച്ചൊടിക്കുന്നതായി എന്‍എ നെല്ലിക്കുന്ന് എംഎല്‍എയും ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലും പ്രസ്താവിച്ചു. കോവിഡ് രോഗ ബാധിതരുടെ ഗ്രാഫ് കുത്തനെ കൂടിയതിന് ശേഷമാണെങ്കിലും മെഡിക്കല്‍ കോളജിനെ പരിഗണിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവന്നതിനെ അഭിനന്ദിക്കുന്നു. എന്നാല്‍ നാടാകെ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ഈയൊരാപല്‍ ഘട്ടം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗപ്പെടുത്തിയാല്‍ ചെയ്ത നല്ല കാര്യവും ജനങ്ങള്‍ മുഖവിലക്കെടുക്കാതെ വരും.

2012 മാര്‍ച്ച് 24ന് കഴിഞ്ഞ സര്‍ക്കാരാണ് കാസര്‍കോട് മെഡിക്കല്‍ കോളജിന് ഭരണാനുമതി നല്‍കിയതെന്ന് പറയാന്‍ ആരോഗ്യമന്ത്രി മനസുകാണിച്ചു. പൊതുതെരഞ്ഞെടുപ്പിനും ഭരണം അവസാനിക്കുന്നതിനും തൊട്ടുമുമ്പ് 2016 ജനുവരി 28ന് അക്കാദമിക് ബ്ലോക്കിന്റെ തറക്കല്ലിടല്‍ നടത്തിയതെന്നും പറയുന്നു. 

തെരഞ്ഞെടുപ്പും ഭരണവസാനവും പറയുന്നതിന്റെ ഉദേശ്യം മനസിലാക്കുന്നു. പക്ഷെ അങ്ങനെയൊരു തറക്കല്ലിടല്‍ ചടങ്ങ് ഉണ്ടായിരുന്നില്ല. ശിലാഫലകവും അവിടെ ഇല്ല. അക്കാദമിക് ബ്ലോക്ക് 25 കോടിയിലധികം ചെലവൊഴിച്ചതായും പറയുന്നു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ഈ 25കോടി കാസര്‍കോട് പാക്കേജില്‍ നിന്ന് അനുവദിച്ചത്. 

2018 നവംബര്‍ 25ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആസ്പത്രി ബ്ലോക്കിന്റെ തറക്കല്ലിട്ടതിന്റെ സാഹചര്യം ഇതുവരെ മനസിലായില്ല. 2013 നവംബര്‍ 30ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മെഡിക്കല്‍ കോളജിന് ശിലയിട്ടിരുന്നു. 2014ല്‍ 68.45 കോടി രൂപ നബാര്‍ഡിന്റെ ഒരു പ്രവര്‍ത്തനത്തിന് എഎസായിരുന്നു എന്ന് മന്ത്രി തന്നെ നിയമസഭയില്‍ സബ്മിഷനു മറുപടിയായി പറഞ്ഞതാണ്. ഈ തുക ഉപയോഗിച്ചാണ് ആസ്പത്രി ബ്ലോക്കിന്റെ പണി ചെയ്തുവരുന്നത്. റിപൈഡ് എസ്റ്റിമേറ്റ് വഴി ഈ സര്‍ക്കാര്‍ 27കോടി രൂപ കരാറുകാരന് അധികം നല്‍കിയെന്നതിനാല്‍ ആസ്പത്രി ബ്ലോക്കില്‍ നിന്ന് കഴിഞ്ഞ സര്‍ക്കാരിനെ ഔട്ടാക്കാന്‍ മന്ത്രിക്ക് എങ്ങനെയാണ് കഴിയുക. 

വൈദ്യുതി വിതരണത്തിനു ലൈനുകള്‍ മാറ്റിസ്ഥാപിച്ചതും പദ്ധതി പ്രദേശത്ത് റോഡ് നിര്‍മിച്ചതും ശുദ്ധജല വിതരണത്തിന് പദ്ധതികള്‍ ആവിഷ്‌കരിച്ചതും യുഡിഎഫാണ്. 2012-13, 2013-14, 2014-15 സംസ്ഥാന ബജറ്റുകളിലായി 11.25 കോടി രൂപ അനുവദിച്ചിരുന്നു. എല്ലാം പകല്‍വെളിച്ചം പോലെ പ്രകടമായിട്ടും സത്യങ്ങളെ കണ്ണടച്ചിരുട്ടാക്കാന്‍ ശ്രമിക്കാന്‍ ബന്ധപ്പെട്ടവര്‍ തുനിയരുതെന്ന് എന്‍എ നെല്ലിക്കുന്നും ഹക്കീം കുന്നിലും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad