Type Here to Get Search Results !

Bottom Ad

കര്‍ണാടക അതിര്‍ത്തി തുറക്കില്ലെന്ന എംപിയുടെ പ്രസ്താവന ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളി: നോയല്‍


(www.evisionnews.co) കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക സര്‍ക്കാര്‍ അടച്ച അതിര്‍ത്തികള്‍ ഒരു കാരണവശാലും കേരളത്തിനുവേണ്ടി തുറന്നുതരില്ലെന്ന് ദക്ഷിണ കര്‍ണാടക എംപിയും ബിജെപി കര്‍ണാടക സംസ്ഥാന പ്രസിഡണ്ടുമായ നളിന്‍ കുമാര്‍ കട്ടിലിന്റെ പ്രസ്താവന രാജ്യത്തിന്റെ ക്വാസി ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയും സത്യപ്രതിജ്ഞ ലംഘനവുമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നോയല്‍ ടോമിന്‍ ജോസഫ് പ്രസ്താവിച്ചു.

തലപ്പാടി അതിര്‍ത്തിയും മറ്റ് ഉള്‍നാടന്‍ അതിര്‍ത്തി പ്രദേശങ്ങളിലേയും റോഡുകള്‍ അടച്ച കര്‍ണാടക സര്‍ക്കാര്‍ വ്യക്തികളുടെ സഞ്ചാരസ്വാതന്ത്ര്യം ആര്‍ട്ടിക്കിള്‍ 19, വ്യക്തികളുടെ ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം ആര്‍ട്ടിക്കിള്‍ 21, റൈറ്റ് ടു ലൈഫ് ആന്റ് പേഴ്‌സണല്‍ ലിബേര്‍ട്ടി (ഫുഡ് ആന്റ് ഹെല്‍ത്ത്) ഹനിച്ചിരിക്കുകയാണ്. 

അടിയന്തരാവസ്ഥക്കാലത്ത് പോലും നിരോധിക്കാന്‍ കഴിയാത്ത മൗലിക അവകാശമാണ് ആര്‍ട്ടിക്കിള്‍ 21 പൗരന്‍മാര്‍ക്ക് നല്‍കുന്നത്. മംഗലാപുരം സൗത്ത് എംഎല്‍എ വേദവ്യാസ കമ്മത്തും മലയാളികളെ ഒരു കാരണവശാലും മംഗലാപുരത്ത് പ്രവേശിപ്പിക്കില്ല എന്ന് ഫേസ്ബുക്കില്‍ പ്രസ്താവന നടത്തിയിരിക്കുകയാണ്. ഇത് ബിജെപി അവരുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണെന്ന് സംശയിക്കുന്നതായ് നോയല്‍ പ്രസ്താവനയില്‍ പറഞ്ഞു. ആംബുലന്‍സുകളോ ചരക്ക് വാഹനങ്ങളോ കേരള അതിര്‍ത്തി കടന്ന കര്‍ണാടകത്തിലേക്ക് കടത്തി വിടാന്‍ പാടില്ലെന്ന് പറയുന്ന നളിന്‍ കുമാര്‍ കട്ടില്‍ മനുഷ്യാവകാശം കൂടി ലംഘിക്കാന്‍ പ്രേരണ നല്‍കുകയാണ്.

കാസര്‍ഗോഡ് ജനതയുടെ ജീവിതം ദുസ്സഹമായ ഘട്ടത്തില്‍ പ്രസ്തുത പ്രശ്‌നങ്ങളില്‍ ഇടപെടാതെ കാസര്‍ഗോഡ് ജില്ലയിലെ ബിജെപി നേതൃത്വം ഒളിച്ചോടുകയാണ്. യഥാര്‍ത്ഥ ജനവഞ്ചകര്‍ ആണ് തങ്ങളെന്ന് ബിജെപിക്കാര്‍ ഇതിലൂടെ തെളിയിച്ചിരിക്കുന്നു. ജനങ്ങളെ വഞ്ചിച്ച ബിജെപി ജില്ല നേതൃത്വം ജനങ്ങളോട് മാപ്പ് പറയാന്‍ തയ്യാറാകണം. നാഷണല്‍ ഹൈവേ ആക്ട് 1956, കണ്‍ട്രോള്‍ നാഷണല്‍ ഹൈവേ ആക്ട് 2002 ഇവ രണ്ടിലും ദേശീയപാത അടച്ചിടാന്‍ നിഷ്‌കര്‍ഷിക്കുന്ന വകുപ്പുകളില്ലെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad