Type Here to Get Search Results !

Bottom Ad

മംഗളൂരുവിന്റെ കൊട്ടിയടക്കപ്പെട്ട വാതിലുകള്‍ നല്‍കുന്ന പാഠം


ഇത് കാസര്‍കോടുകാര്‍ക്കുള്ള താക്കീതാണ്.... എന്തിനും ഏതിനും മംഗളുരുവിനെ മാത്രം ആശ്രയിക്കുന്ന ഞാനുള്‍പ്പെടെയുള്ള പൊതുജനം മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചു. ഇന്ത്യ മഹാരാജ്യത്തു ഒരു പൗരനു ചികിത്സ നിഷേധിക്കാനും അതിര്‍ത്തികള്‍ മണ്ണിട്ട് സഞ്ചാരം തടയാനും ഏതെങ്കിലും സംസ്ഥാനത്തിന് എന്തെങ്കിലും അവകാശമുണ്ടോ എന്ന വിഷയം തത്കാലം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ല.

കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ അനിവാര്യമെന്ന് വസ്തുത അംഗീകരിച്ച് തന്നെ ഈയൊരു നിര്‍ണായക ഘട്ടത്തില്‍ കര്‍ണാടകം അല്ലെങ്കില്‍ മംഗളൂരു നമ്മള്‍ മലയാളികളോട് പ്രതേകിച്ച്, കാസര്‍കോട്ടുകാരോട് കാണിച്ച നന്ദികേടിനെ ഒരു കാസര്‍കോടുകാരനും ഒരിക്കലും മറക്കാന്‍ പാടില്ല. (www.evisionnews.co) ചികിത്സ നിഷേധിക്കപ്പെട്ട നിരവധി നിത്യ രോഗികളും ചികിത്സ കിട്ടാതെ മരണപ്പെട്ടുപോയ ഏഴു സഹോദരങ്ങളും ഒരു തീ ആയി നമ്മുടെ മനസിലുണ്ടാവണം. വര്‍ഷങ്ങളായി അവഗണിക്കപ്പെട്ട് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ അതിനെതിരെ പ്രതികരിക്കാതെ പ്രതിഷേധിക്കാതെ അതുമായി സമരസപ്പെട്ടു അതിരുവിട്ടു മംഗളൂരുവിനെ ആശ്രയിക്കുകയും ആഗ്രഹിക്കുകയും ചെയ്തതിന്റെ പരിണിതഫലമാണ് ഇന്ന് നിങ്ങള്‍ക്ക് നേരെ അടഞ്ഞ ആശുപത്രിയുടെ വാതിലുകള്‍.

ഉച്ച ഭക്ഷണത്തിനു പോലും മംഗളൂരുവിലേക്ക് പോവുന്ന നിരവധി കാസര്‍കോട്ടുകാരുണ്ട്. ഒട്ടുമിക്ക കുടുംബങ്ങളും അവധി ദിനങ്ങള്‍ ചെലവഴിക്കുന്നതും ഷോപ്പിഗും എന്തിനു വീട്ടുസാധനങ്ങള്‍ വരെ വാങ്ങുന്നത് മംഗളുരുവില്‍ നിന്നാണ്. കൂടാതെ എഞ്ചിനീയറിംഗ് മെഡിക്കല്‍ ആര്‍ട്‌സ് സയന്‍സ് കോളേജുകളില്‍ പഠിക്കുന്ന പതിനായിരക്കണക്കിന് മലയാളി വിദ്യാര്‍ത്ഥികള്‍,പഠിപ്പിക്കുന്ന അധ്യാപകര്‍, കച്ചവടക്കാര്‍, കുട്ടികളുടെ പഠനാവശ്യത്തിനു വേണ്ടി മംഗളൂരുവിലേക്ക്  (www.evisionnews.co)താമസം മാറിയ നിരവധി കുടുംബങ്ങള്‍ എന്നു് തുടങ്ങി സമസ്ത മേഖലകളിലും മംഗളൂരു എന്ന നഗരം കെട്ടിപ്പടുക്കുന്നതില്‍ അവരുടെ സാമ്പത്തിക മേഖല അഭിവൃദ്ധിപ്പെടുത്തുന്നതില്‍ മലയാളികളുടെ പ്രതേകിച്ചു കാസറകോഡുകാരുടെ വിയര്‍പ്പും അധ്വാനവും ഉണ്ട് .മേല്പറഞ്ഞ കാര്യങ്ങള്‍ക്കു ഒരു അയാള്‍ നഗരത്തെ ആശ്രയിക്കുന്നത് അത്ര വല്യ തെറ്റുമല്ല. 

പക്ഷെ ഒരു നിര്‍ണായക ഘട്ടത്തില്‍ കൈത്താങ്ങാവേണ്ടതിനു പകരം മുഖം തിരിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്ത ഈ സാഹചര്യത്തില്‍ കാസര്‍കോട്ടെ ജനങ്ങള്‍ ചില കാര്യങ്ങള്‍ പുനര്‍വായനക്ക് വിധേയമാക്കേണ്ടതുണ്ട്. നമുക്കും വേണ്ടേ മെഡിക്കല്‍ കോളേജുകളും എഞ്ചിനീയറിംഗ് കോളേജുകളും മള്‍ട്ടി സ്‌പെഷ്യലിറ്റി ആശുപത്രികളും. ഇനിയും മംഗളുരുവിനെ ആശ്രയിക്കാനാണോ തീരുമാനം.

ആരാണ് കാരണക്കാര്‍ ?
ജില്ലയിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ പിടിപ്പുകേടാണ് ഒന്നാമത്തെ കാരണം. അതില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും മാറി നില്‍ക്കാനാവില്ല. മംഗളൂരു വിദ്യാഭ്യാസ- ആരോഗ്യ ലോബിയുടെ ദല്ലാളുമാരെ പോലെ പ്രവര്‍ത്തിക്കുകയും ജില്ലയില്‍ വികസനം കൊണ്ട് വന്നില്ലെന്ന് മാത്രമല്ല പലപ്പോഴും മംഗലാപുരം ലോബിക്ക് വേണ്ടി കാസര്‍കോട്ട് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുകയും ചെയ്തു. അല്ലെങ്കില്‍ വര്‍ഷങ്ങളോളം ഒരു മെഡിക്കല്‍ കോളേജ് കടലാസില്‍ ഒതുങ്ങി നില്‍ക്കില്ലായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറവും സര്‍ക്കാര്‍ മേഖലയില്‍ എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജും (അര്‍ദ്ധ സര്‍ക്കാര്‍) കാസര്‍കോട് ഗവ. കോളേജും മാത്രമാണ് വടക്കേ കാസര്‍കോടിന്  (www.evisionnews.co)വിദ്യാഭ്യാസ മേഖലയില്‍ ഉള്ള രണ്ടു പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍. സാങ്കേതിക- മെഡിക്കല്‍ രംഗത്ത് ഒരു സര്‍ക്കാര്‍ സ്ഥാപനം ജില്ലയില്‍ വേണമെന്ന ശക്തമായ ആവശ്യവും ഇടപെടലും ഒരു രാഷ്ട്രീയ നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഉയര്‍ന്നു കേട്ടില്ല. എയിംസിനു വേണ്ടിയും ഐ.ഐ.ടി ക്കു വേണ്ടിയും പൊതുജനം ചെറിയ തോതില്‍ സമ്മര്‍ദ്ദം ഉണ്ടാക്കിയപ്പോള്‍ ചില നിവേദനങ്ങള്‍ ഉണ്ടായി എന്നത് മാത്രമാണ് ഈ രംഗത്തെ ആകെയുള്ള ഇടപെടല്‍.

മെറിറ്റ് അടിസ്ഥാനത്തിലുള്ള പ്രവേശനത്തിന് സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷകള്‍ക്കു അപേക്ഷിക്കാന്‍ പോലും മടിക്കുന്ന ഒരു വലിയ തലമുറയെ ഉണ്ടാക്കിയതില്‍ രക്ഷിതാക്കള്‍ക്കും മംഗളൂരുവിലെ കോളേജുകളുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള ഒരു വലിയ വിഭാഗം കാസര്‍കോട്ടുകാര്‍ക്കും പങ്കുണ്ട്. വിദ്യാര്‍ത്ഥികള്‍ എന്‍ട്രന്‍സിന് കൃത്യമായി പരിശീലിക്കാന്‍ തുടങ്ങിയപ്പോള്‍ എഞ്ചിനീയറിംഗ്- മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷകളില്‍ ആദ്യ പത്തില്‍ ഉള്‍പ്പടെ നിരവധി റാങ്കുകള്‍  (www.evisionnews.co)ജില്ലയില്‍ നിന്നുമുണ്ടായി.പണം കൊടുത്തു വാങ്ങുന്ന മെഡിക്കല്‍ എഞ്ചിനീയറിംഗ് സീറ്റുകളെക്കാള്‍ എത്രയോ മഹത്വവും ഗുണനിലവാരവുമുള്ള സ്ഥാപനങ്ങള്‍ ഉണ്ടെന്നു രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലാക്കി കൊടുക്കണം. ഇന്ന് നമുക്ക് നേരെ അടഞ്ഞ ആശുപത്രികള്‍ അക്കാദമിക് വര്‍ഷാവസാനം എഡ്യൂകേഷന്‍ എക്‌സ്‌പോ ആയും സ്‌കോളര്‍ഷിപ് എക്സാമുളായും നമ്മുടെ കാല്‍ ചുവട്ടിലെത്തും.അവിടെ തുടങ്ങണം ബഹിഷ്‌കരണം. പിന്നെ അത് സകല മേഖലകളിലേക്കും വ്യാപിപ്പിക്കണം. അതോടപ്പം ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാവാന്‍ ജനപ്രതിനിധികളോട് നിരന്തരം സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടേയിരിക്കുകയും വേണം. 

മംഗലാപുരത്തെ ഒട്ടു മിക്ക ആശുപത്രികളും മെഡിക്കല്‍ കോളേജുകളും എഞ്ചിനീയറിംഗ് കോളേജുകളും ഒന്നുകില്‍ മലയാളികള്‍ ഡയറക്ടര്‍മാരായിട്ടുള്ളതാണ് ആളെങ്കില്‍ മലയാളികള്‍ മാനേജ് ചെയ്യുന്നതാണ് കൂടാതെ അവിടെ പഠിക്കുന്ന ഭൂരിഭാഗം വിദ്യാര്‍ത്ഥികളും നല്ലൊരു ശതമാനം അധ്യാപകരും സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍മാരും മലയാളികളാണ്.മംഗലാപുരത്തു ഒരു സ്ഥാപനം തുടങ്ങുന്നതിന്റെയും് നടത്തിക്കൊണ്ടു പോവുന്നതിന്റെയും അനുകൂലമായ സാഹചര്യം കാസര്‍കോട് ഉണ്ടാവില്ല എന്ന വസ്തുത അംഗീകരിച്ചു  (www.evisionnews.co)കൊണ്ട് തന്നെ മലയാളികളായ വ്യവസായികളോട് ഒരു അപേക്ഷയുണ്ട്. നല്ല സ്‌കൂളുകളും സ്ഥാപനങ്ങളും ഒരു സാമൂഹിക ഉത്തരവാദിത്വത്തിന്റെ പേരില്‍ എങ്കിലും നിങ്ങള്‍ കാസര്‍കോടും ആരംഭിക്കുക. ജില്ലയില്‍ നല്ല സാമ്പത്തിക ശേഷിയും കഴിവും പ്രാപ്തിയുമുള്ളആളുകള്‍ മക്കളുടെ വിദ്യാഭ്യാസത്തിനും മറ്റും വേണ്ടി മംഗലാപുരത്തേക്ക് ചേക്കേറുന്നതിനു പകരം എല്ലാവര്‍ക്കും ഒന്നിച്ചു നിന്ന് നമ്മുടെ നാട്ടില്‍ എന്ത് ചെയ്യാന്‍ പറ്റും എന്ന് ആലോചിക്കുക.നാടിനു വേണ്ടി ഒന്നിച്ചു നിന്ന് ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാം. കാസര്‍കോടും വളരട്ടെ.ഇനി ഒരു ദുരന്തം വരുമ്പോള്‍ അതിര്‍ത്തികള്‍ അടച്ചുകൊഞ്ഞനം കുത്തുന്നവരോട് നമ്മുടെ വിലപ്പെട്ട രണ്ടു ജീവിതങ്ങള്‍ കവര്‍ന്നെടുത്തവരോട് നമുക്ക് ഇങ്ങനെയൊക്കെയേ പകരം വീട്ടാന്‍ സാധിക്കൂ..

Post a Comment

0 Comments

Top Post Ad

Below Post Ad