കൊച്ചി (www.evisionnews.co): ബിഗ് ബോസ് മത്സരാര്‍ത്ഥി രജിത് കുമാറിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കിയ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 13ആയി. എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ 75പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത് ഇവരില്‍ അമ്പതോളം പേരെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. അതേ സമയം കേസിലെ ഒന്നാം പ്രതി രജിത്കുമാറിന് വേണ്ടിയുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. ഇയാളുടെ സ്വദേശമായ ആറ്റിങ്ങലിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. രജിത് കുമാര്‍ ഒളിവില്‍ തന്നെയാണ് എന്നാണ് പോലീസിന്റെ നിഗമനം.
റിയാലിറ്റി ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ട അധ്യാപകന്‍ കൂടിയായ രജിത് കുമാര്‍ ഏതാനും വിദ്യാര്‍ത്ഥികളെ മൊബൈല്‍ ഫോണില്‍ വിളിച്ച് തന്നെ സ്വീകരിക്കാനെത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഈ വിദ്യാര്‍ഥികള്‍ മറ്റ് കുട്ടികളെ വിളിച്ചു. ഒമ്പത് മണിയോടെ ഇവര്‍ ഒത്തുകൂടിയപ്പോഴാണ് വിമാന താവളത്തിലെ പോലിസുകാര്‍ വിവരമറിയുന്നത്. പിന്നീട് പ്രതികള്‍ മുദ്രാവാക്യവുമായി രജിത് കുമാറിനെ സ്വീകരിക്കുകയായിരുന്നു. ആലുവയില്‍ ലോഡ്ജിലായിരുന്നു സംഭവശേഷം രജിത്കുമാര്‍ തങ്ങിയിരുന്നത്. അന്വേഷണം തുടങ്ങിയതോടെ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് ഇയാള്‍ കടന്നുകളഞ്ഞു.
വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് രജിതിനെ സ്വീകരിക്കാന്‍ വരികയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത മുഴുവന്‍ ആളുകളേയും തിരിച്ചറിയാനുള്ള ശ്രമം പോലീസ് തുടരുകയാണ്. പരിപാടിക്ക് എത്ര പേരുണ്ടെങ്കിലും അവരെയെല്ലാം അറസ്റ്റ് ചെയ്യാനാണ് പോലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. നാടിനാകെ അപമാനം സൃഷ്ടിച്ച ഈ സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും മന്ത്രി സുനില്‍ കുമാര്‍ വ്യക്തമാക്കി.
Post a Comment
0 Comments