Type Here to Get Search Results !

Bottom Ad

കാസര്‍കോട് സ്വദേശിയുടെ ആരോഗ്യനില തൃപ്തികരം: സമ്പര്‍ക്കം പുലര്‍ത്തിയ നാലുപേര്‍ നിരീക്ഷണത്തില്‍


കാസര്‍കോട് (www.evisionnews.co): കോവിഡ് 19 സ്ഥിരീകരിച്ച കാസര്‍കോട് സ്വദേശിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. ഇയാളെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ വിളിപ്പിച്ചിട്ടുണ്ടെന്നും നിരീക്ഷിച്ചുവരികയാണെന്നും കലക്ടര്‍ പറഞ്ഞു.

മാര്‍ച്ച് 14ന് ദുബൈയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിക്ക് കഴിഞ്ഞ ദിവസമാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. മംഗളുരു എര്‍പോര്‍ട്ടിലാണ് ഇയാള്‍ വിമാനമിറങ്ങിയത്. ഇയാളുടെ കൂടെ വന്ന ഒരാളും എയര്‍പോര്‍ട്ടില്‍ നിന്നും കാറില്‍ കൂട്ടിക്കൊണ്ടുവന്ന രണ്ടുപേരും പിതാവുമാണ് പുതിയതായി നിരീക്ഷണത്തിലുള്ളത്.

വരുമ്പോള്‍തന്നെ ഇയാള്‍ക്ക് നേരിയ പനിയുണ്ടായിരുന്നു. മുന്‍കരുതലായി മാസ്‌ക് ധരിച്ചായിരുന്നു ഇരുവരും നാട്ടിലെത്തിയത്. കാസര്‍കോട്ടെത്തിയ ഇയാള്‍ സ്വകാര്യ ആസ്പത്രിയില്‍ രക്തസാമ്പിള്‍ നല്‍കി. തുടര്‍ന്ന് മറ്റൊരു ആസ്പത്രിയിലെ കാന്റീനില്‍ നിന്ന് ചായ കഴിച്ചശേഷം ഡോക്ടറുടെ നിര്‍ദേശപ്രകാരം വീട്ടിലേക്ക് പോവുകയായിരുന്നു. അതുകൊണ്ട്തന്നെ കൂടുതല്‍ സമ്പര്‍ക്കം ഉണ്ടാകാനിടയില്ല.

വിമാനത്തില്‍ ഏറ്റവും പിറകിലായിരുന്നു ഇയാളുടെ സീറ്റ്. തൊട്ടടുത്ത സീറ്റുകളിലെ യാത്രക്കാരെ അന്വേഷിച്ചുവരികയാണ്. വിവരം ലഭിക്കുന്ന മുറയ്ക്ക് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.


Post a Comment

0 Comments

Top Post Ad

Below Post Ad