കാസര്‍കോട് (www.evisionnews.co): ചെമ്പിരിക്ക സ്വദേശി തസ്ലീം എന്ന മുഹ്തസിമിന്റെ (38) കൊലപ്പെടുത്തിയത് പണമിടപാടുമായി ബന്ധപ്പെട്ട ദുബൈയില്‍ നിന്നുള്ള ക്വട്ടേഷനെന്ന് കര്‍ണാടക പോലീസിന് സൂചന ലഭിച്ചു. ദുബൈയില്‍ സ്വര്‍ണം കള്ളക്കടത്ത് നടത്തുന്ന വിവരം ഒറ്റിക്കൊടുത്തതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഉപ്പള സ്വദേശികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഹുബ്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘത്തിനാണ് തസ്ലീമിനെ റാഞ്ചാനും കൊലപ്പെടുത്താനുമുള്ള ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പോലീസിന് ലഭിച്ച സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹുബ്ലി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്. 2019 സെപ്തംബര്‍ മൂന്നിന് മംഗളൂരുവിനടുത്ത ബന്ദര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ അരുണ്‍ ജ്വല്ലറിയില്‍ 1.11 കോടി രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്ന കേസിലാണ് തസ്ലീം അറസ്റ്റിലായത്.
സെപ്തംബര്‍ 23ന് അറസ്റ്റിലായ തസ്ലിമിന് ഗുല്‍ബര്‍ഗ ജയിലില്‍ റിമാന്‍ഡിലായിരുന്നു. തുടര്‍ന്ന് 2020 ജനുവരി 31 രണ്ടു മണിയോടെയാണ് തസ്ലിം ജയില്‍ മോചിതനായത്. പുറത്തുകാത്തിരുന്ന സഹോദരന്‍ അബ്ദുല്‍ ഖാദറിനും മറ്റു രണ്ട് സുഹൃത്തുക്കള്‍ക്കുമൊപ്പം കാറില്‍ മടങ്ങവെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു.
ഞായറാഴ്ച വൈകിട്ടോടെയാണ് സജിപെ മുന്നൂര്‍ വില്ലേജിലെ സാഗ്രി ശാന്തിനഗറില്‍ തസ്ലീമിനെ ഇന്നോവ കാറിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. യുവാവിനെ തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കാറില്‍ തന്നെയാണ് അതിക്രൂരമായി കഴുത്തറുത്തും കുത്തിയും കൊലപ്പെടുത്തിയത്. വെടിവെച്ചതായും വിവരമുണ്ടെങ്കിലും പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Post a Comment
0 Comments