
ന്യൂഡല്‍ഹി (www.evisionnews.co): നിര്‍ഭയ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ നാലു പ്രതികളുടെയും വധശിക്ഷ ജനുവരി 22 ന് നടപ്പിലാക്കാന്‍ ഉത്തരവ്. ദല്‍ഹി പട്യാല ഹൗസ് കോടതിയുടേതാണ് ഉത്തരവ്. ഇതുസംബന്ധിച്ച് മരണവാറണ്ട് നാലുപ്രതികള്‍ക്ക് നല്‍കി. പ്രതികള്‍ക്ക് മരണ വാറണ്ട് നല്‍കണമെന്ന നിര്‍ഭയയുടെ അമ്മയുടെ ആവശ്യം അംഗീകരിച്ചാണ് കോടതി വിധി.
മുകേഷ്, രവി, വിനയ്, അക്ഷയ് എന്നീ പ്രതികളെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കുക. വാറണ്ട് പുറത്ത് വന്ന് 14 ദിവസത്തിനകം നിയമപരമായ എല്ലാ സാധ്യതകളും പ്രതികള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംഭവത്തില്‍ ലൈംഗികാതിക്രമത്തിനും കൊലപാതകക്കുറ്റത്തിനും കേസെടുത്ത് ആറ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളായിരുന്നു.
2012 ഡിസംബര്‍ 16നായിരുന്നു നിര്‍ഭയയെ ആറു പേര്‍ ചേര്‍ന്ന് ഓടുന്ന ബസില്‍വെച്ച് ക്രൂരമായ ലൈംഗികാക്രമണത്തിന് ശേഷം റോഡില്‍ തള്ളിയിട്ടത്. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.
Post a Comment
0 Comments