കാസര്‍കോട് (www.evisionnews.co): പ്രമുഖ മതപണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവി വധക്കേസില്‍ പുനരന്വേഷണം ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധ റാലിയും സംഗമവും സംഘടിപ്പിച്ചു. അബ്ദുല്ല മൗലവിയുടെ കുടുംബവും ജനകീയ ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായി നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ 451-ാം ദിവസത്തിലാണ് പ്രതിഷേധ റാലിയും സംഗമവും സംഘടിപ്പിച്ചത്.
ഖാസി കേസില്‍ പുനരന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കുന്നത് വരെ പ്രതിഷേധ സമരങ്ങള്‍ തുടരുമെന്ന് സംഗമം മുന്നറിയിപ്പ് നല്‍കി. കോടതി രണ്ടു തവണ അന്വേഷണ റിപ്പോര്‍ട്ട് തള്ളുകയും കേസില്‍ ഉന്നത സംഘത്തിന്റെ നേതൃത്വത്തില്‍ പുനരന്വേഷണം നടത്തണമെന്ന് സി.ബി.ഐയോട് കോടതി നിര്‍ദേശിച്ചിട്ടു ഒരു വര്‍ഷം പിന്നിട്ടും സി.ബി.ഐ നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു.
കാസര്‍കോട് ടൗണ്‍ ഹാള്‍ പരിസരത്ത് നിന്നും ആരംഭിച്ച റാലിയില്‍ സി.ബി.ഐക്കെതിരെ കരിങ്കൊടി പിടിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന് നഗരം ചുറ്റി കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ സമരപന്തലില്‍ റാലി സമാപിച്ചു. കീഴൂര്‍ മംഗളൂരു സംയുക്ത ജമാഅത്ത് ദക്ഷിണ കന്നഡ ജില്ലാ ഖാസി ത്വാഖാ അഹമ്മദ് അല്‍ അസ്ഹരി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദര്‍ സഅദി അധ്യക്ഷത വഹിച്ചു.. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സിദ്ധീഖ് നദ്വി, സി.എ.മുഹമ്മദ് ഷാഫി, സുബൈര്‍ പടുപ്പ്, ഉബൈദുല്ല കടവത്ത്, കരിവെള്ളൂര്‍ വിജയന്‍, രവീന്ദ്രന്‍, അബൂബക്കര്‍ ഉദുമ സംസാരിച്ചു.
Post a Comment
0 Comments