ടെഹ്‌റാന്‍ (www.evisionnews.co): ഇറാനിലെ സൈനിക തലവനായിരുന്ന ഖാസിം സുലൈമാനിയുടെ മൃതദേഹം ഖബറടക്കുന്ന ചടങ്ങിനിടയില്‍ വന്‍ദുരന്തം. മൃതദേഹം വിലാപയാത്രയായി കൊണ്ടുപോകുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് മുപ്പത്തഞ്ചിലേറെ പേര്‍ മരിച്ചതായി അല്‍ ജസീറ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 48 പേര്‍ക്ക് പരിക്കേറ്റതായും സൂചനയുണ്ട്. സംസ്‌കാരച്ചടങ്ങുകള്‍ക്കായി സുലൈമാനിയുടെ മൃതദേഹം ജന്മനാടായ കിര്‍മാനിലേക്ക് എത്തിച്ചപ്പോഴാണ് ദുരന്തമുണ്ടായത്.
മൂന്ന് ദിവസത്തെ ദുഃഖാചരണത്തിന് ശേഷം ഇന്ന് രാവിലെയാണ് സുലൈമാനിയുടെ ഭൗതിക ശരീരം ഖബറടക്ക ചടങ്ങുകള്‍ക്കായി ടെഹ്‌റാനില്‍ എത്തിച്ചത്. അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ പതിനായിരക്കണക്കിന് ആളുകളാണ് ഇറാന്റെ തലസ്ഥാന നഗരിയിലേക്ക് എത്തിയത്. ഇതിനിടെ, ഇറാഖില്‍ നിന്ന് അമേരിക്ക സൈന്യത്തെ പിന്‍വലിക്കുമെന്ന വാര്‍ത്തകള്‍ പ്രതിരോധ മന്ത്രാലയം തള്ളി. സൈന്യത്തെ പിന്‍വലിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് കാണിച്ച് ഇറാഖിലെ അമേരിക്കന്‍ സൈനിക മേധാവി കത്ത് നല്‍കിയെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത്തരം ഒരു തീരുമാനത്തെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ പറഞ്ഞു. സൈനിക മേധാവിയുടേതായി പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നും പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി.
Post a Comment
0 Comments