ദേശീയം (www.evisionnews.co): പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധച്ചവര്‍ക്ക് നേരെ ഉത്തര്‍പ്രദേശ് പോലീസ് വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇതോടെ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെച്ചില്ലെന്ന് പോലീസ് വാദം പൊളിയുന്നു. കാന്‍പൂരില്‍ പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് ഉദ്യോഗസ്ഥന്‍ കൈത്തോക്കുപയോഗിച്ച് വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
പ്രതിഷേധക്കാര്‍ക്ക് നേരെ ഒരൊറ്റ ബുള്ളറ്റുപോലും ഉപയോഗിച്ചിട്ടില്ലെന്ന് യുപി പോലീസ് ഡിജിപി ഒപി സിംഗ് ആവര്‍ത്തിക്കുന്നതിനിടെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. പ്രതിഷേധക്കാരാണ് നാടന്‍തോക്കുകളുമായി വെടിവെപ്പ് നടത്തിയതെന്നായിരുന്നു പോലീസിന്റെ വാദം. എന്നാല്‍ പോലീസുകാര്‍ വെടിവയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പോലീസ് പ്രതിരോധത്തിലായിട്ടുണ്ട്.
വെടിവെപ്പില്‍ 57പോലീസുകാര്‍ക്കു പരിക്കേറ്റിരുന്നെന്നും വെടിവെപ്പില്‍ ആരെങ്കിലും മരിച്ചിട്ടുണ്ടെന്നു സംശയമുണ്ടെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നും ഡി.ജി.പി പറഞ്ഞിരുന്നു. അതിനിടെ ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ പ്രതിഷേധക്കാര്‍ക്കു നേരെ വ്യാപക അക്രമമാണ് ഉണ്ടാകുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇവിടെ ഇരുന്നൂറോളം വാഹനങ്ങളും രണ്ട് മുസ്ലിം പള്ളികളും നശിപ്പിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
Post a Comment
0 Comments