കൂടത്തായി (www.evisionnews.co) കൂടത്തായി കൊലപാതക പരമ്പര കേസില്‍ അറസ്റ്റിലായ ജോളി ജോസഫ് ചോദ്യം ചെയ്യലില്‍ കുറ്റംസമ്മതിച്ചു. അഞ്ചു കൊലപാതകങ്ങള്‍ പൊട്ടാസ്യം സയനൈനഡ് ഉപയോഗിച്ചാണ് നടത്തിയതെന്നും അന്നമ്മയെ കൊല്ലാന്‍ മറ്റൊരു വിഷമെന്ന് ഉപയോഗിച്ചതെന്ന് ജോളി വെളിപ്പെടുത്തിയതായാണ് വിവരം. മറ്റു രണ്ടുപേരെ കൂടി കൊല്ലാന്‍ ലക്ഷ്യമിട്ടിരുന്നെന്നും ജോളി ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തി.
കേസില്‍ ജോളിയടക്കമുള്ള മൂന്നുപ്രതികളെയും പോലീസ് ഇന്ന് പ്രത്യേകം ചോദ്യം ചെയ്തു. വടകര റൂറല്‍ എസ്.പി ഓഫീസിലാണ് പ്രതികളായ ജോളിയമ്മ ജോസഫ് എന്ന ജോളി, കാക്കവയല്‍ മഞ്ചാടിയില്‍ മാത്യു, തച്ചംപൊയില്‍ മുള്ളമ്പലത്തില്‍ പി പ്രജുകുമാര്‍ എന്നിവരെ ഒറ്റയ്ക്കൊറ്റയ്ക്ക് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം ജോളിയെ വടകര പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇന്ന് വടകര പൊലീസ് സ്റ്റേഷനിലെ വനിതാ സെല്ലില്‍ ജോളിയെ പാര്‍പ്പിക്കും. ചോദ്യം ചെയ്യലുമായി ജോളി സഹകരിക്കുന്നുണ്ടെന്ന് എസ്പി കെ ജി സൈമണ്‍ പറഞ്ഞു. ഈമാസം 16വരെയാണ് മൂന്നു പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ ജോളി കൊലപ്പെടുത്തിയതിന് നാല് കാരണങ്ങള്‍ ഉണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കസ്റ്റഡി അപേക്ഷയിലാണ് ഞെട്ടിക്കുന്ന വിശദീകരണങ്ങളുള്ളത്. സ്ഥിരവരുമാനമുള്ളയാളെ വിവാഹം കഴിക്കാനുള്ള ആഗ്രഹം റോയ് തോമസിന്റെ അമിത മദ്യപാനം, അമിത അന്ധവിശ്വാസം, വിവാഹേതര ബന്ധങ്ങള്‍ എതിര്‍ത്തതിലെ പകയും കൊലപാതകത്തിന് കാരണമായി എന്നാണ് കസ്റ്റഡി അപേക്ഷയില്‍ പറയുന്നത്. കൊല രണ്ടും മൂന്നും പ്രതികളുടെ അറിവോടെയും സഹായത്തോടെയുമാണ് ജോളി മൊഴിനല്‍കിയതായി കസ്റ്റഡി അപേക്ഷയില്‍ പോലീസ് വിശദമാക്കുന്നു.

Post a Comment
0 Comments