കാസര്‍കോട് (www.evisionnews.co): നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാസര്‍കോട് നഗരസഭയുടെ നേതൃത്വത്തില്‍ സ്ഥാപിച്ച ദിശാബോര്‍ഡുകള്‍ മുസ്ലിം ലീഗ് പ്രാദേശിക നേതാക്കളുടെ ഇടപെടലില്‍ മാറ്റിസ്ഥാപിച്ചു. കാസര്‍കോട് നഗരത്തിലെത്തുന്നവര്‍ ദിശയറിയാതെ ദുരിതത്തിലാവുന്നത് പതിവാകുന്ന സാഹചര്യത്തിലാണ് നഗരസഭ മുന്‍കയ്യെടുത്ത് കാസര്‍കോട് എം.ജി റോഡിലും പുലിക്കുന്നിലും പുതിയ ബസ് സ്റ്റാന്റിലും ഉള്‍പ്പടെ വിവിധ ജംഗ്ഷനുകളില്‍ ദിശാബോര്‍ഡുകള്‍ സ്ഥാപിച്ചത്.
എന്നാല്‍ ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡ് യാത്രക്കാര്‍ക്ക് വായിക്കാനാകുന്നില്ലെന്ന് വ്യാപകമായി ആക്ഷേപം ഉയരുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ വിവാദമാവുകയും ചെയ്തു. ബോര്‍ഡ് എത്രയും പെട്ടെന്ന് മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് പ്രാദേശിക നേതാക്കളും രംഗത്തെത്തി. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകിട്ടോടെ ബോര്‍ഡുകള്‍ നഗരസഭ മാറ്റി സ്ഥാപിക്കുകയായിരുന്നു.
നഗരസഭയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും ലീഗിന്റെ പ്രാദേശിക നേതാക്കള്‍ സംസ്ഥാന നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. ഇടക്കയ്ക്കിടെ നഗരസഭക്കെതിരെ ഉയരുന്ന പരാതികളെയും സാമൂഹിക മാധ്യമങ്ങളിടക്കം വരുന്ന ആരോപണങ്ങളെയും കുറിച്ചും ബോധ്യപ്പെടുത്തിയതായും ഉപതെരഞ്ഞെടുപ്പിന് ശേഷം ഇതുസംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച നടത്താമെന്നും സംസ്ഥാന നേതൃത്വം ഉറപ്പുനല്‍കിയതായും വിവരമുണ്ട്.
നഗരസഭക്കെതിരെ ഉണ്ടാകുന്ന പരാതികള്‍ക്ക് പിന്നില്‍ ചില ഉദ്യോഗസ്ഥരാണെന്നും നഗരസഭയെയും ഭരണംകയ്യാളുന്ന മുസ്ലിം ലീഗിനെയും ജനങ്ങള്‍ക്കിടയില്‍ താറടിച്ചുകാണിക്കാനുള്ള ഉദ്യോഗസ്ഥരുടെ കളിയാണെന്നും നേതൃത്വത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ബി.ജെ.പി പ്രതിപക്ഷമായ നഗരസഭ ആയതുകൊണ്ട് തന്നെ സംസ്ഥാന നേതൃത്വം ഗൗരവത്തിലെടുത്തിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പിന് ശേഷം ഇവിഷയങ്ങളില്‍ കാര്യമായ ഇടപെടല്‍ ഉണ്ടാകുമെന്നാണ് നേതാക്കള്‍ നല്‍കുന്ന ഉറപ്പ്.

Post a Comment
0 Comments