Type Here to Get Search Results !

Bottom Ad

ഡോ. എന്‍.എ മുഹമ്മദ്: അതിജീവനത്തിന്റെയും പ്രചോദനത്തിന്റെയും ഏഴുപതിറ്റാണ്ടുകള്‍


(ebiz.evisionnews.co) ഭദ്ര പുഴയാണ് കര്‍ണ്ണാടകയിലെ ഭദ്രാവദി നഗരത്തിന് ആ പേര് നല്‍കിയത്. ഭദ്ര പുഴയുടെ ചരിത്രം തേടിപ്പോയാല്‍ കത്തിജ്വലിക്കുന്ന നഗരം എന്ന വിളിയിലെക്കാണ് ചെന്നെത്തുക. ഹൃദയത്തില്‍ പുതിയ ലോകം കെട്ടിപ്പെടുക്കാനുള്ള കത്തിജ്വലിക്കുന്ന അഗ്‌നിയുമായി നടന്നൊരു ചെറുപ്പക്കാരനെ ഭദ്രാവദി നഗരം അതിന്റെ പേരിനെ അന്വര്‍ത്ഥമാക്കുംവിധം ചേര്‍ത്ത് പിടിച്ചപ്പോള്‍ എന്‍.എ മുഹമ്മദ് എന്ന അതികായകന്റെ ചരിത്രം തുടങ്ങുകയായിരുന്നു. കാസര്‍കോട്് താലൂക്കിലെ പൗരപ്രമുഖനും കര്‍ഷക പ്രമാണിയുമായിരുന്ന നാലപ്പാട് അബ്ദുല്‍ ഖാദര്‍ ഹാജിയുടെ മൂത്ത മകനായി ജനിച്ച എന്‍ എ മുഹമ്മദ് 1956ല്‍ വലിയ സ്വപ്നങ്ങളോടെ തന്നെയായിരുന്നു ഭദ്രാവദിയിലുണ്ടായിരുന്ന അമ്മാവന്‍ ഡോക്ടര്‍ സയ്യിദ് അബ്ദുള്ളയുടെ അടുത്തേക്ക് പോയത്. അവിടെ കോണ്‍ട്രാ്റ്റ് രംഗത്തേക്ക് കാലെടുത്തുവെച്ച എന്‍എ മുഹമ്മദ് ഇന്ന് കാണുന്ന നാലപ്പാട് ബിസിനസ് ഗ്രൂപ്പ് പടുത്തുയര്‍ത്തിയ ഡോക്ടര്‍ എന്‍. മുഹമ്മദായി വളര്‍ന്ന വിജയഗാഥക്ക് പിന്നില്‍ സമാനതകളില്ലാത്ത കഠിനാധ്വാനത്തിന്റെയും സത്യസന്ധതയുടെയും ആത്മസമര്‍പ്പണത്തിന്റെയും നൂറുകഥകള്‍ പറയാനുണ്ട് .



ഭദ്രാവദിയുടെ തണുപ്പിലും കുളിരിലും വരെ വിയര്‍പ്പ് പൊടിഞ്ഞ കഠിനാധ്വാനത്തിന്റെ ദിനങ്ങള്‍ ,രാവും പകലും മറന്നുപോയ ആത്മസമര്‍പ്പണം താന്‍ ചെയ്യുന്ന ജോലിയില്‍ ജനങ്ങളോടുള്ള ഉത്തരവാദിത്വം കൂടിയുണ്ടെന്ന് നിരന്തരം മനസ് മന്ത്രിച്ചുകൊണ്ടിരുന്ന സത്യസന്ധത, എല്ലാം സമന്വയിച്ചപ്പോള്‍ ഭദ്രാവദിയില്‍ നിന്നും ലെക്കവള്ളി, തരീക്കര,ഒളയന്നൂര്‍, ഷിമോഗ, തുംകൂര്‍, ഹാസന്‍, ഗൗരിബിദന്നൂര്‍, ചിക്കബല്ലാപുര, ബാംഗ്ലൂര്‍, കനകപുര, ചാമ രാജ് നഗര്‍ തുടങ്ങിയ പ്രദേശങ്ങളിലേക്ക് എന്‍എയുടെ കോണ്‍ട്രാക്ടിംഗ് വര്‍ക്കുകള്‍ വ്യാപിക്കാന്‍ അധികനാള്‍ വേണ്ടി വന്നില്ല. ജനങ്ങളോട് സമഭാവനയോടും സഹാനുഭൂതിയോടും കൂടിയുള്ള എന്‍എയുടെ പെരുമാറ്റം അദ്ദേഹത്തെ ജനകീയനാക്കി മാറ്റി. ഭദ്രാവദിയിലെ ജനങ്ങള്‍ 1963ല്‍ മുനിസിപ്പല്‍ കൗണ്‍സിലറായും 1968ല്‍ മുനിസിപ്പല്‍ പ്രസിഡണ്ടായും അദ്ദേഹത്തെ തെരഞ്ഞെടുത്തു. എന്‍എ യുടെ ഭരണ കാലയളവ് ഭദ്രാവദി മുനിസിപ്പാലിറ്റിയില്‍ അടിസ്ഥാന സൌകര്യ വികസനത്തിന്റെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു. ഭദ്രാവദി യിലെ ദേവസ്ഥാന ത്തിന്റെ പുനര്‌നിര്‍മ്മാണ ത്തിന് മുനിസിപ്പാലിറ്റി നല്‍കിയ പിന്തുണ വിശ്വാസികളില്‍ എന്‍എയില്‍ വലിയ മതിപ്പാണ് ഉണ്ടാക്കിയത്. ഭദ്രാവദിയിലെ വിദ്യാഭ്യാസ പുരോഗമന പ്രവര്‍ത്തനങ്ങളിലും നേത്രപരമായ പങ്ക് ഡോക്ടര്‍ എന്‍.എ മുഹമ്മദ് വഹിച്ചു.

ഇന്ന് കര്‍ണാടക സംസ്ഥാനത്ത് തലയുയര്‍ത്തി നില്‍ക്കുന്ന മുപ്പതോളം ഡാമുകള്‍, മൈല്‌സ് കണക്കിന് റോഡുകള്‍, പാലങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് പിന്നില്‍ ഡോക്ടര്‍ എന്‍എ മുഹമ്മദിന്റെ കരവിരുത് ഉണ്ട്. അദ്ദേഹത്തിന്റെ വര്‍ക്കുകളുടെ ക്വാളിറ്റി എടുത്ത് പറയേണ്ടതാണ്. വേള്‍ഡ് ബാങ്കിന്റെ സഹായത്തോടെ കര്‍ണാടകയില്‍ നടപ്പിലാക്കിയ നൂറ്റന്‍പതോളം പ്രോജക്ടുകള്‍ക്കിടയില്‍ ഡോക്ടര്‍ എന്‍ എ മുഹമ്മദ് ഏറ്റെടുത്ത വര്‍ക്കുകള്‍ക്ക് ഒരേസമയം വേള്‍ഡ് ബാങ്ക് ഒന്നും രണ്ടും സ്ഥാനങ്ങള്‍ നല്‍കി ആദരിച്ചത് എന്‍എയുടെ കോണ്‍ട്രാക്ടിംഗ് ജീവിതത്തിലെ നാഴികക്കല്ലുകളില്‍ ഒന്നാണ്. തുടര്‍ന്ന് കര്‍ണാടക സര്‍ക്കാറും എന്‍ എ യുടെ വര്‍ക്കുകള്‍ക്ക് പ്രശസ്തി പത്രങ്ങള്‍ നല്‍കി. കേരളത്തില്‍ അപൂര്‍വമായേ ഡോക്ടര്‍ എന്‍എ മുഹമ്മദ് കോണ്ട്രാക്ടിംഗ് വര്‍ക്കുകള്‍ ഏറ്റെടുത്തുള്ളൂ എങ്കിലും അവയുടെ ഗുണനിലവാരം അത്ഭുതപ്പെടുത്തുന്നതാണ്.മാറി മറിഞ്ഞ രൂക്ഷമായ കാലാവസ്ഥകളെയൊക്കെ മറികടന്നും ഇന്നും കരുത്തുറ്റ പാതയായി നിലകൊള്ളുന്ന ഒന്നര പതിറ്റാണ്ട് മുമ്പ് പണിത കാസര്‍കോട്്- ചെര്‍ക്കള- ജാല്‍സൂര്‍ റോഡ് തന്നെ വലിയൊരു ഉദാഹരണവും മാതൃകയുമാണ്.

നിങ്ങള്‍ എന്തെങ്കിലും നേടാന്‍ ആഗ്രഹിച്ചാല്‍ അത് നേടാനായി ലോകം മുഴുവന്‍ ഗൂഡാലോചന നടത്തും എന്ന് പൌലോ കൌലോ പറഞ്ഞിട്ടുണ്ട്. ബിസിനസ് രംഗത്തെ വൈവിധ്യങ്ങള്‍ ആഗ്രഹിച്ചിരുന്ന ഡോക്ടര്‍ എന്‍എ മുഹമ്മദ് 1975ല്‍ തന്റെ ബിസിനസ് മേഖല ബാംഗ്ലൂരിലേക്കും കൂടി വ്യാപിപ്പിച്ചു. നിങ്ങള്‍ ഉറങ്ങുമ്പോള്‍ കാണുന്നതല്ല സ്വപ്നം, നിങ്ങളെ ഉറങ്ങാന്‍ അനുവദിക്കാതെ പരിശ്രമിപ്പിക്കുന്നതാണ് സ്വപ്നം എന്ന എ പി ജെ അബ്ദുല്‍ കലാമിന്റെ വാക്കുകള്‍ പോലെ ഡോക്ടര്‍ എന്‍ എ മുഹമ്മദ് വലിയ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിച്ച് കൊണ്ടേയിരുന്നു. 1977ല്‍ ബാംഗ്ലൂര്‍ ബ്രോഡ് വെ ഹോട്ടലിന്റെ ഉടമസ്ഥാവകാശം കരസ്ഥമാക്കി നാലപ്പാട് ഗ്രൂപ്പ് ഓഫ് ഹോട്ടല്‌സിന്' ഡോക്ടര്‍ എന്‍.എ മുഹമ്മദ് തുടക്കം കുറിച്ചു. ബാംഗ്ലൂര്‍, ഊട്ടി, മൈസൂര്‍, മാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ഹോട്ടല്‍ ശ്രിം ഖലയായി ഇന്നത് വളര്‍ന്നു. മകന്‍ എന്‍.എ ഹാരിസിന്റെ സംഭാവനകള്‍ നാലപ്പാട് ഗ്രൂപ്പ് ഓഫ് ഹോട്ടല്‌സിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചു. നാലപ്പാട് പൈപ്‌സ്, നാലപ്പാട് ഹോട്ടല്‍സ്, നാലപ്പാട് സുരക്ഷ, നാലപ്പാട് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അങ്ങനെ വൈവിധ്യമാര്‍ന്ന ബിസിനസ് രംഗങ്ങളിലോക്കെ വിജയോക്കൊടി പാറിക്കാന്‍ ഡോക്ടര്‍ എന്‍.എ മുഹമ്മദിന് സാധിച്ചു. കാസര്‍കോട് നഗരത്തില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മാണം പുരോഗമിക്കുന്ന യു.കെ മാള്‍ നാലപ്പാട് പ്രോപ്പര്‍ട്ടിയിലാണ് സ്ഥിതി ചെയ്യുന്നത്. 

നാലപ്പാട് ഗ്രൂപ്പിന്റെ സാമുഹിക സമര്‍പ്പണത്തിന്റെ യും ദീര്‍ഘ ദൃഷ്ടിയുടെയും മകുടോദാഹരണമാണ് നാലപ്പാട് അക്കാദമി. രാജ്യത്തിന് തന്നെ മാതൃകയാക്കാന്‍പറ്റും വിധത്തിലുള്ള വിദ്യാഭ്യാസ രംഗത്തെ നൂതനമായ ആശയമാണ് ബാംഗ്ലൂരില്‍ സ്ഥാപിച്ചിരിക്കുന്ന നാലപ്പാട് അക്കാദമി മുന്നോട്ടുവെക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് അന്താരാഷ്ട്ര രംഗത്ത് ഉണ്ടായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് കൊണ്ട് വ്യക്തി കേന്ദ്രീകൃതമായ പഠനത്തിന് നാലപ്പാട് അക്കാദമി പ്രാധാന്യം നല്‍കുന്നു. ഓരോ കുട്ടിയും അവരിലുള്ള കഴിവുകളും വ്യത്യസ്തമാണ്. അതു തിരിച്ചറിഞ്ഞു കൊണ്ടുള്ള കരിക്കുലമാണ് നാലപ്പാട് അക്കാദമി തയ്യാറാക്കിയിരിക്കുന്നത്. ഒരു മനുഷ്യന്റെ സ്വഭാവ രൂപികരണത്തിലും ഭാവി ജീവിതത്തിലും നിര്‍ണായകമായ പങ്കുവഹിക്കുന്ന കാലയളവ്, പ്രീ നഴ്‌സറി തൊട്ട് പത്താം ക്ലാസ് വരെ യുള്ള വിദ്യാഭ്യാസമാണ് നാലപ്പാട് അക്കാദമി നല്‍കുന്നത്. ഓരോ കുട്ടിയിലും കുടുംബത്തിനും നാടിനും ഒരു പ്രതീക്ഷയുണ്ട്. കുട്ടികളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് അവ വളര്‍ത്തിയെടുത്ത് പ്രതീക്ഷകളെ യാഥാര്‍ഥ്യമാക്കി രാജ്യത്ത് ഉത്തമപൗരന്മാരെ സംഭാവന ചെയ്യാന്‍ നാലപ്പാട് അക്കാദമിക്ക് സാധിക്കും. ടൈം സ്‌കൂള്‍ സര്‍വേയില്‍ ഇന്റര്‍നാഷണല്‍ കരിക്കുലം വിഭാഗത്തില്‍ ബെസ്റ്റ് എമേര്‍ജിംഗ് സ്‌കൂളുകളില്‍ ഒന്നാം സ്ഥാനവും പ്രീസ്‌കൂളുകളില്‍ മൂന്നാം സ്ഥാനവും നാലപ്പാട് അക്കാദമി ഇതിനകം കരസ്ഥമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന ചെയര്‍മാന്‍ ഡോക്ടര്‍ എന്‍.എ മുഹമ്മദിന്റെ അഭിലാഷത്തിന്റെ സാധൂകരണമാണ് മകന്‍ എന്‍.എ ഹാരിസ് നാലപ്പാട് അക്കാദമിയിലൂടെ യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്.


കാസര്‍കോട്ടുകാര്‍ക്കും ബാംഗ്ലൂരിലുള്ളവര്‍ക്കും ഒരേസമയം അവരിലൊരാളായി ഡോ. എന്‍.എ മുഹമ്മദിനെ കാണാന്‍ പറ്റുന്നത് സാംസ്‌കാരിക വൈവിധ്യങ്ങളെ ചേര്‍ത്തു പിടിക്കാനുള്ള അദ്ദേഹത്തിന്റെ അസാധാരണമായ കഴിവ് കൊണ്ടാണ്. ആവൈവിധ്യം അദ്ദേഹം ബിസിനസ് രംഗത്തും പുലര്‍ത്തി. കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന എസ്.എം കൃഷ്ണ ഒരിക്കല്‍ ഡോ. എന്‍.എ മുഹമ്മദിനെ വിശേഷിപ്പിച്ചത് കേരള- കര്‍ണാടകയെ ബന്ധിപ്പിക്കുന്ന പാലം എന്നായിരുന്നു. 

മാനവികതയുടെയും പൗര ബോധത്തിന്റെയും ഉദാത്ത മാതൃക കൂടിയാണ് എന്‍.എ മുഹമ്മദ്. കേരള-കര്‍ണാടക യിലെ ബിസിനസ് ഐക്കണായി മാറിയപ്പോഴും സാധാരണക്കാരന്റെ ഭാഷയോ വേഷമോ വികാരമോ അദ്ദേഹം മറന്നില്ല. കീഴൂരിലെ തറവാട്ട് വീട്ടിലെത്തിയാല്‍ എന്‍ എ യെ കാണാനെത്തുന്ന ആബാലവൃദ്ധം ജനങ്ങള്‍ അത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. സ്‌നേഹത്തിന്റെയും ചേര്‍ത്ത് പിടിക്കലിന്റെയും എന്‍എ ശൈലി കല്‍പ്പണിക്കാരന്‍ തൊട്ട് ഭരണ സിരാ കേന്ദ്രങ്ങളിലെ ഉന്നതസ്ഥാനിയരെ വരെ അദ്ദേഹത്തിലേക്ക് ആകര്ഷിപ്പിച്ചു. കര്‍ണാടക മുന്‍ മുഖ്യമന്ത്രിമാരായിരുന്ന ദേവരാജ അരസ്, ഗുണ്ടുറാവു, ബംഗാരപ്പ , ജെ എച് പട്ടേല്‍, വീരപ്പമൗലി, എസ്എം കൃഷ്ണ ,സിദ്ധരാമയ്യ, കുമാരസ്വാമി, മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൌഡ തുടങ്ങിയവര്‍ എന്‍എ മുഹമ്മദുമായി അടുത്തബന്ധം പുലര്‍ത്തി. മുന്‍ മന്ത്രിയും സ്പീക്കറുമായിരുന്ന കെ.ആര്‍ രമേശ് കുമാര്‍, മുന്‍ മന്ത്രി കെഎച്ച് ശ്രീനിവാസ് എന്നിവര്‍ അടുത്ത സുഹൃത്തുക്കളാണ്. അതുപോലെ തന്നെ കേരള രാഷ്ട്രീയത്തിലെ അതികായകന്മാരായ ഉമ്മന്‍ചാണ്ടി, എ.കെ ആന്റണി, രമേശ് ചെന്നിത്തല, കെ സുധാകരന്‍, കെ. മുരളീധരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരും ഡോ എന്‍എ മുഹമ്മദിന്റെ സുഹൃദ് വലയത്തില്‍ ഉണ്ട്. ബാംഗ്ലൂര്‍ ആസ്ഥാനമായ മലബാര്‍ മുസ്ലിം അസോസിയേഷന്റെ പ്രസിഡന്റായ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കോടിക്കണക്കിന് രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് വര്‍ഷംതോറും നടന്നുവരുന്നത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ഡോ. എന്‍.എ മുഹമ്മദ് അല്ലാത്ത മറ്റൊരു നേതൃത്വത്തെ സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്തവിധം എംഎംഎക്കും ജീവകാരുണ്യ രംഗത്തും എന്‍എ തന്റെ ജീവിതം സമര്‍പ്പിച്ചിട്ടുണ്ട്. ജാതി മതഭേദമന്യേ കോടിക്കണക്കിന് രൂപയുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളാണ് മലബാര്‍ മുസ്ലിം അസോസിയേഷന്‍ ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് ചെയ്തു കൊണ്ടിരിക്കുന്നത്. നിര്‍ധനരായ നിരവധി പേര്‍ക്ക് വീടുകള്‍ നിര്‍മിച്ച് നല്‍കി. ആസാദ് നഗറില്‍ എട്ടു വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി.



ബാംഗ്ലൂര്‍ നീലസാന്ദ്രയില്‍ 25ഓളം പേര്‍ക്ക് വീടുകള്‍ നിര്‍മിക്കാനുള്ള സ്ഥലമെടുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. മടിക്കേരിയിലെ പ്രളയ ബാധിതരായ അന്‍പതോളം പേര്‍ക്ക് വീട് നിര്‍മ്മിക്കാനുള്ള സ്ഥലമെടുപ്പിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്നു. സമൂഹത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ആശ്രയമായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളുകള്‍, കോളജുകള്‍ ചികിത്സാ സഹായരംഗത്ത് ആംബുലന്‍സ്, ഡയാലിസിസ് സെന്റര്‍, ഹോസ്റ്റലുകള്‍, ചികിത്സാ സഹായം, മെഡിക്കല്‍- റിലീഫ് ക്യാമ്പുകള്‍ അങ്ങനെ നിരവധിയാര്‍ന്ന നിരന്തര പ്രവര്‍ത്തനങ്ങളാണ് എംഎംഎ നടത്തിക്കൊണ്ടിരിക്കുന്നത്. തൊഴില്‍- വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് ബാംഗ്ലൂരില്‍ എത്തിച്ചേരുന്ന മലയാളികളുടെ പ്രത്വേകിച്ച് സാധാരണക്കാരുടെ ആശാകേന്ദ്രമാണ് എംഎംഎ. ബാംഗ്ലൂരില്‍ മരണപ്പെടുന്ന മലയാളികളുടെ മൃതശരീരം നാട്ടിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സൌജന്യമായാണ് എംഎംഎ നടത്തുന്നത്.

ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും ഉണ്ട് ഒരു എന്‍എ ശൈലി. നിര്ദ്ധനര്‍ക്ക് ഒരു തവണ നല്‍കുന്ന സാമ്പത്തിക സഹായത്തിനു പകരം അവര്‍ക്ക് നിത്യ വരുമാനം ഉറപ്പിക്കുന്ന തൊഴില്‍ -വിദ്യാഭ്യാസ സഹായങ്ങള്‍ നല്‍കാനാണ് അദ്ദേഹം മുന്ഗണന നല്‍കാറുള്ളത്. നൂറുകണക്കിന് പേര്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, ഉന്തുവണ്ടി, ടൂ വീലര്‍, ഓട്ടോറിക്ഷകള്‍, തയ്യല്‍ മഷിനുകള്‍ വര്‍ഷം തോറും എംഎംഎ യുടെ നേത്രത്വത്തില്‍ നല്‍കിവരുന്നു. ഗുരുതരമായ രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന ഹതഭാഗ്യരായ അശരണര്‍ക്ക്,ഭവന രഹിതര്‍ക്കൊക്കെ പ്രതീക്ഷയുടെ തിരിനാളമാണ് എന്‍എ എന്ന നന്മ മരം. ജന്മ സ്ഥലമായ കീഴൂരില്‍ സ്ഥാപിച്ച നാലപ്പാട് റീ ഹാബിലിട്ടെശന്‍ സെന്റര്‍, മേല്‍പറമ്പ് സ്‌കൂളിനു നിര്‍മിച്ച് നല്‍കിയ സയന്‍സ് ബ്ലോക്ക്, കാസര്‍കോട്് സ്ഥാപിച്ച എംആര്‍ഐ സ്‌കാനിംഗ് സെന്റര്‍ എന്നിവ എടുത്തു പറയേണ്ടതാണ്. ഉത്തരമലബാറിലെ ചികിത്സാ രംഗത്തെ ചരിത്രം മാറ്റി കുറിച്ച പരിയാരം മെഡിക്കല്‍ കോളേജിന്റെ ഡയറക്ടറായി ദീര്‍ഘകാലം സേവനമനുഷ്ടിച്ചിട്ടുണ്ട് ഡോക്ടര്‍ എന്‍ എ മുഹമ്മദ്.

രാഷ്ട്രീയ രംഗത്ത് അദ്ദേഹത്തിന് ലഭിച്ച് കൊണ്ടിരിക്കുന്ന ആദരവും പിന്തുണയും അദ്ദേഹം നടത്തിയ നിസ്വാര്‍ത്ഥമായ നിരന്തര സേവനത്തിന്റെ ഫലമായിരുന്നു. കര്‍ണാടക യൂത്ത് കോണ്ഗ്രസ് ഓര്‍ഗനൈസിംഗ് സെക്രട്ടറി, കോണ്‍ഗ്രസ് സെക്രട്ടറി, പാര്‍ട്ടി നിരീക്ഷകന്‍, കേരള പ്രദേശ് കോണ്ഗ്രസ് കമ്മിറ്റി നിര്‍വാഹക സമിതി അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിരുന്ന ഡോ. എന്‍എ മുഹമ്മദ് 2004ന് ശേഷം കോണ്‍ട്രാക്ടിങ്ങ് രംഗത്ത് നിന്നും അവധിയെടുത്ത് മുഴുസമയ സാമുഹിക പ്രവര്‍ത്തകനായി മാറി. 2004ല്‍ കാസര്‍കോട് ലോകസഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അദ്ദേഹം മത്സരിക്കുകയും ചെയ്തു. പിതാവിന്റെ വ്യക്തിപ്രഭാവം മകന്‍ എന്‍.എ ഹാരിസിന് ബാംഗ്ലൂര്‍ ശാന്തിനഗര്‍ മണ്ഡലത്തിലെ വിധാന്‍സഭ സാമാജികനായി വിജയിച്ച് വരുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്. കീഴൂര്‍ സംയുക്ത ജമാഅത്ത് പ്രസിഡണ്ട്, സഅദിയ്യ ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് ചെയര്‍മാന്‍, എംഐസി കോളജ് ഡയറക്ടര്‍ തുടങ്ങിയ കാസര്‍കോട്ടെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ ഡോ. എന്‍എ മുഹമ്മദ് നിറഞ്ഞു നില്‍ക്കുന്നു.

കര്‍ണാടക- കേരള സംസ്ഥാനങ്ങളിലെ സാമൂഹിക- വിദ്യാഭ്യാസ രംഗത്ത് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് 2007ല്‍ അമേരിക്കയിലെ കോസ്മോ പോളിട്ടിഷ്യന്‍ സര്‍വകലാശാലയുടെ ഡോക്ടറേറ്റ് എന്‍.എ മുഹമ്മദിനെ തേടിയെത്തി. നെല്‍സണ്‍ മണ്ടേലക്ക് ഡോക്ടറെറ്റ് നല്‍കി ആദരിച്ച കോസ്മോ പോളിട്ടിശ്യന്‍ സര്‍വ്വകലാശാലയുടെ അംഗീകാരം തേടിവന്ന രാജ്യത്തെ അപൂര്‍വം വ്യക്തികളില്‍ ഒരാളാണ് എന്‍.എ മുഹമ്മദ്. അതേവര്‍ഷം തന്നെ വേള്‍ഡ് പീസ് ആന്റ് ഫ്രണ്ട്ഷിപ്പ് കൗണ്‍സിലിന്റെ സേവാരത്ന എക്സലന്‍സ് അവാര്‍ഡിനും ഡോ. എന്‍.എ മുഹമ്മദ് അര്‍ഹനായി. മദ്രാസില്‍ മുന്‍ സ്പ്രീം കോടതി ജഡ്ജ് ഡോക്ടര്‍ എസ് മോഹനന്‍, മദ്രാസ് ഹൈകോടതി ജഡ്ജിമാരായിരുന്ന ജസ്റ്റിസ് കെ. വെങ്കട്ടരാമന്‍, ജസ്റ്റിസ് ടി. വല്ലിനായകം തുടങ്ങിയ സമൂഹത്തിലെ വിവിധ മേഖലകളിലുള്ള സമുന്നതരായ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തില്‍ അദ്ദേഹം അവാര്‍ഡ് ഏറ്റുവാങ്ങി.



ശാന്തിനഗര്‍ വിധാന്‍ സഭ സാമാജികനും കര്‍ണാടക കോണ്‍്ഗ്രസ് രാഷ്ട്രീയത്തിലെ കരുത്തുറ്റ നേതാവുമായ എന്‍.എ ഹാരിസ് മൂത്ത മകനാണ്. ഡോക്ടര്‍ എന്‍.എ മുഹമ്മദിന് തന്റെ ബിസിനസ് സംരംഭങ്ങള്‍ വൈവിധ്യവല്‍ക്കരിക്കുന്നതിലും വ്യാപിപ്പിക്കുന്നതിലും വലംകയ്യായി നിന്ന് മകന്‍ എന്‍എ ഹാരിസ് വലിയപങ്കാണ് വഹിച്ചത്. ജീവകാരുണ്യ രംഗത്തും സാധാരണക്കാരനോടോപ്പം നില കൊള്ളുന്നതിലും എന്‍എ മുഹമ്മദ് ശൈലി തന്നെയാണ് എന്‍എ ഹാരിസും പിന്തുടരുന്നത്. 'തീപിടുത്തത്തില്‍ എന്റെ അയല്‍വാസിക്ക് വീട് നഷ്ടപ്പെട്ടു, ഇതറിഞ്ഞ എന്‍എ ഹാരിസ് ഇടപെടുകയും പുതിയ വീട് നിര്‍മ്മിച്ച് കൊടുകുക്കയും കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുകയും ചെയ്തു'. വില്‍സണ്‍ ഗാര്‍ഡനില്‍ താമസിക്കുന്ന വഞ്ചമ്മ എന്ന സ്ത്രീ ദേശിയ മാധ്യമങ്ങളോട് പങ്ക് വെച്ച അനുഭവമാണ്. ഈചേര്‍ത്ത് പിടിക്കലാണ് എന്‍എ ഹാരിസിനെ ജനകീയനാക്കി മാറ്റിയത്. എന്‍എ ഹാരിസ് ഫൗണ്ടേഷന്‍ വഴി വിദ്യാഭ്യാസ- തൊഴില്‍ രംഗത്ത് സജീവമായ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. എന്‍എസ്‌യുവിലൂടെ സ്‌കൂള്‍ കാലംതൊട്ട് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച എന്‍എ ഹാരിസ് കര്‍ണാടക യൂത്ത് കോണ്ഗ്രസ്സിന്റെ സെക്രട്ടറി, വൈസ് പ്രസിഡന്റ് പദവികള്‍ വഹിച്ചിട്ടുണ്ട്.

2008ലാണ് ആദ്യമായി അദ്ദേഹം കര്‍ണാടക വിധാന്‍ സഭയിലേക്ക് മത്സരിച്ച് വിജയിച്ചത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ പത്ത് ധനാഢ്യരായ എംഎല്‍എമാരില്‍ ഒരാളാണ് എന്‍എ ഹാരിസ് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷം തുടര്‍ച്ചയായി മികച്ച എംഎല്‍എയായി എന്‍എ ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടു. അറ്റന്‍ഡന്സിലും സഭാ ചോദ്യോത്തരത്തിലും എം.എല്‍.എമാര്‍ക്കിടയില്‍ എന്‍എ ഹാരിസ് തന്നെയാണ് മുന്നിട്ടുനില്‍ക്കുന്നത്. ജനങ്ങള്‍ തന്നിലേല്‍പ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിക്കുന്നതില്‍ ജൂനിയര്‍ എന്‍.എ പുലര്‍ത്തുന്ന സൂക്ഷ്മതയാണ് ഇതു ചൂണ്ടിക്കാട്ടുന്നത്. ഇക്കണോമിക് ടൈംസിന്റെ 2019 ലെ Excellence in Social Entrepreneurship Award തേടിയെത്തിയത് എന്‍എ ഹാരിസിന്റെ മകനായ മുഹമ്മദ് ഹാരിസ് നാലപ്പാടിനെയായിരുന്നു. ആ അവാര്‍ഡ് അദ്ദേഹം സമര്‍പ്പിച്ചത് മുത്തച്ഛനായ ഡോ. എന്‍.എ മുഹമ്മദിനായിരുന്നു. ജീവകാരുണ്യ രംഗത്ത് ഉപ്പുപ്പയുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടുവളര്‍ന്നതാണ് തന്നെയും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തേക്ക് കൊണ്ടെത്തിച്ചതെന്ന് അവാര്‍ഡ് ഏറ്റുവാങ്ങിയതിന് ശേഷം അദ്ദേഹം വ്യക്തമാക്കി. ബാംഗ്ലൂര്‍ സിറ്റി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
എന്‍.എ ഹാരിസിന്റെ മറ്റൊരു മകനായ ഒമറുല്‍ ഫാറൂക്ക് ബ്രിട്ടനില്‍ നിന്നും ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിന് ശേഷം നാലപ്പാട് അക്കാദമിയുടെ നേതൃസ്ഥാനം വഹിക്കുന്നു. എജുക്കേഷന്‍ വേള്‍ഡിന്റെ 2019- 20ലെ ഗ്രാന്റ് ജൂറി റാങ്കിംഗ്സില്‍ എമെര്‍ജിംഗ് ഹൈപൊട്ടന്‍ഷ്യല്‍ സ്‌കൂള്‍ വിഭാഗത്തില്‍ നാലപ്പാട് അക്കാദമി ഇന്ത്യയില്‍ ആറാം സ്ഥാനവും കര്‍ണാടകയില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. മേല്‍ പുരസ്‌കാരം ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഒമറുല്‍ ഫാറൂക്ക് ഏറ്റുവാങ്ങി. ആയിഷ നാലപ്പാട്, സുരയ്യ നാലപ്പാട് എന്നീ രണ്ടുപെണ്‍കുട്ടികളും എന്‍എ ഹാരിസിനുണ്ട്. ചട്ടഞ്ചാല്‍ പട്ടുവത്തില്‍ കുടുംബത്തിലെ കെ. മൊയ്തീന്‍ കുട്ടി ഹാജിയുടെ പുത്രി താഹിറയാണ് എന്‍.എ ഹാരിസിന്റെ ഭാര്യ.



മറ്റൊരു മകനായ എന്‍എ അബ്ദുള്ള തന്റെ ബിസിനസ് രംഗം മിഡില്‍ ഈസ്റ്റിലാണ് കേന്ദ്രികരിച്ചിട്ടുള്ളത്. ലണ്ടനില്‍ നിന്നും ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ദുബായ് കേന്ദ്രികരിച്ച് നാലപ്പാട് ഇന്‍വെസ്റ്റ്‌മെന്റ്സ് ഗ്രൂപ്പ് സ്ഥാപിക്കുകയും കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി അതിന്റെ കീഴില്‍ പെട്രോളിയം, , ട്രാന്‍സ്പോര്‍ട്ട്, ഹെല്‍ത്ത് കെയര്‍, മാനുഫാക്ച്ചറിംഗ്, കണ്‍സല്‍ട്ടിംഗ് തുടങ്ങിയ വൈവിധ്യമാര്‍ന്ന ബിസിനസ് മേഖലകളില്‍ ശ്രദ്ധേയമായ സാന്നിധ്യമായി മാറുകയും ചെയ്തു.യു എ ഇ സര്‍ക്കാര്‍ ബിസിനസ്-നിക്ഷേപ രംഗത്ത് രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് അനുവദിക്കുന്ന പത്ത് വര്‍ഷത്തെ ദീര്‍ഘ കാല വിസ-ഗോള്‍ഡന്‍ കാര്‍ഡിന് അബ്ദുള്ള നാലപ്പാടും അര്‍ഹനായി. ഗോള്‍ഡ് കാര്‍ഡ് യു എ ഇ അധികാരികളില്‍ നിന്നും അദ്ദേഹം നേടി. അദ്ദേഹത്തിന്റെ നേത്രത്വത്തില്‍ ദുബായിലുള്ള credence school വിശാലമായ അടിസ്ഥാന സൗകര്യവും ഗുണമേന്മ യും കൊണ്ട് മിഡില്‍ ഈസ്റ്റിലെ തന്നെ മികച്ച സ്‌കൂളുകളില്‍ ഒന്നാണ്. Educational World ഗ്ലോബല്‍ സ്‌കൂള്‍ റാങ്കിങ്ങില്‍ ദുബായിലെ മികച്ച പത്ത് ഇന്ത്യന്‍ സ്‌കൂളുകളില്‍ ഒന്നായി Credence school തിരഞ്ഞെടുക്കപ്പെട്ടു. ചെറിയൊരു കാലയളവിലാണ് ഈ വലിയ നേട്ടം credence school ന് നേടാന്‍ സാധിച്ചത്. തളങ്കര കുടുംബത്തില്‍ ഡോക്ടര്‍ നൂറുദ്ദീന്റെ പുത്രി റുബീന യാണ് എന്‍ എ അബ്ദുള്ള യുടെ സഹധര്‍മ്മിണി. ഹാരിസ്, സല്‍മാന്‍, ഹംദാന്‍ എന്നിവര്‍ മക്കളാണ്.

ബിസിനസ് - സാമുഹിക - രാഷ്ട്രീയ ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും കുടുംബ ജീവിതത്തിന്റെ പ്രാധാന്യവും ഊഷ്മളത യും നില നിര്‍ത്താന്‍ ഡോ എന്‍എ മുഹമ്മദിനു സാധിച്ചു. ഭാര്യ സുരയ്യ മുഹമ്മദ് ഈ അതികായകന്റെ വളര്‍ച്ചക്ക് പിന്നിലെ നിശബ്ദ ചാലക ശക്തിയായി നില കൊണ്ടു. എന്‍എ ഹാരിസ്, എന്‍എ അബ്ദുള്ളയെ കൂടാതെ എന്‍എ സറീന ,എന്‍ എ റിഹാന ഫാത്തിമ എന്നീ രണ്ടു പെണ്‍കുട്ടികളും ഡോ എന്‍എ മുഹമ്മദ്- സുരയ്യ മുഹമ്മദ് ദാമ്പതികള്‍ക്കുണ്ട്. തളങ്കര കുടുംബത്തില്‍ ഡോക്ടര്‍ അബ്ദുല്‍ റഹ്മാന്റെ മകന്‍ മംഗലാപുരത്ത് എക്സിക്യുട്ടീവ് എഞ്ചിനിയറായ കെ എന്‍ മുഹമ്മദ് ഹനീഫാണ് മൂത്തമകള്‍ എന്‍ എ സറീന യെ വിവാഹം ചെയ്തിരിക്കുന്നത്. അവര്‍ക്ക് ഫിന്നു, സുഹൈല്‍, സഫ സുരയ്യ എന്നീ മൂന്നു മക്കള്‍. യു കെ യില്‍ നിന്നും ഉന്നത പഠനം പൂര്‍ത്തിയാക്കി ബാംഗ്ലൂരില്‍ ഐടി കമ്പനിയില്‍ ജോലി നോക്കുകയാണ് സുഹൈല്‍. മുന്‍ ഹൈക്കോടതി ജസ്റ്റിസായിരുന്ന ജസ്റ്റിസ് ഷാഫിയുടെ മകനും പ്രമുഖ അഭിഭാഷകനുമായ ഷിറാസ് അബ്ദുള്ളയാണ് ഇളയ മകള്‍ എന്‍എ റിഹാന ഫാത്തിമയുടെ നല്ലപാതി. തനിഷ ആമിന, സൈദ് എന്നീ രണ്ടു മക്കളാല്‍ അനുഗ്രഹീതരാണ് ഈ ദമ്പതികളും. തലമുറകളെ പ്രചോദിപ്പിക്കുന്ന ഊര്‍ജ്ജമായി ഡോക്ടര്‍ എന്‍ എ മുഹമ്മദ് ഏഴു പതിറ്റാണ്ടിന്റെ ജീവിതം നയിച്ചിട്ടും അദ്ദേഹം വിശ്രമിക്കുന്നില്ല, അശരണരുടെ കണ്ണീരൊപ്പാന്‍ ആവലിയ മനുഷ്യന്‍ ഇപ്പോഴും ഓടിനടക്കുകയാണ്. ആ നല്ല മനസിന് നല്ല മനുഷ്യരുടെ പ്രാര്‍ത്ഥനയാണ് വലിയ പിന്‍ബലം.





Tags

Post a Comment

0 Comments

Top Post Ad

Below Post Ad