കാസര്‍കോട് (www.evisionnews.co): കൂടത്തായിയിലെ കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജോളിയുടെ പേരില്‍ സ്ത്രീ സമൂഹത്തെ അടച്ചാക്ഷേപിച്ച് സോഷ്യല്‍ മീഡിയകളില്‍ വരുന്ന ട്രോളുകള്‍ വേദനാജനകമാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കമ്മീഷന്‍ അംഗങ്ങളായ ഷാഹിദാ കമാല്‍, ഇ.എം രാധ എന്നിവര്‍.
വനിതാ കമ്മീഷന്‍ മുമ്പാകെ ഹാജരാകേണ്ടിയിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ലീവുമായെത്തിയ പൊലീസ് കോണ്‍സ്റ്റബിള്‍ കമ്മീഷനെ ധിക്കരിച്ച് പോയതിനെ തുടര്‍ന്ന് ഈ പൊലീസുദ്യോഗസ്ഥനോട് അടുത്ത കമ്മീഷന്‍ സിറ്റിംഗില്‍ നേരിട്ട് ഹാജരാകാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു.
മാനസിക വൈകല്യമുള്ള കാസര്‍കോട് ഉപ്പള സ്വദേശി 2010ല്‍ ജാര്‍ഖണ്ഡ് സ്വദേശിനിയെ ഡോക്ടര്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ മരിച്ചതിനെത്തുടര്‍ന്ന് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ അവഗണിക്കുകയും സ്വത്തുക്കളും അര്‍ഹമായ മറ്റ് അവകാശങ്ങളും നല്‍കുന്നില്ലെന്നും കാണിച്ച് ജാര്‍ഖണ്ഡ് സ്വദേശിനി നല്‍കിയ പരാതിയില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളോട് അടുത്ത സിറ്റിങില്‍ ഹാജരാകാന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
അവിവാഹിതയായ പെണ്‍കുട്ടിക്കെതിരെ വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സൈബര്‍ സെല്ലിനോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് ചെലവിനു നല്‍കുന്നില്ലെന്ന യുവതിയുടെ പരാതിയില്‍ കമ്മീഷന്‍ 3000 രൂപ പ്രതിമാസം ഭാര്യക്ക് ചെലവിന് നല്‍കാന്‍ ആവശ്യപ്പെട്ടു. കമ്മീഷന്‍ തന്നെ നേരിട്ട് ഈ തുക ഭാര്യയെ ഏല്‍പ്പിച്ചു. മകന്‍ മദ്യപിച്ചു ദേഹോപദ്രവം ഏല്‍പ്പിക്കുന്നുവെന്ന 65 കാരിയുടെ പരാതിയില്‍ കമ്മീഷന്‍ മകന് താക്കീത് നല്‍കി പറഞ്ഞയച്ചു. മേലില്‍ മദ്യപിക്കരുതെന്നും അമ്മയെ ഉപദ്രവിക്കരുതെന്നും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. ഭര്‍ത്താവില്‍ നിന്ന് ചെലവിന് ലഭിക്കുന്നില്ലെന്ന രണ്ടാം ഭാര്യയുടെ പരാതി കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചു.
അദാലത്തില്‍ കമ്മീഷന്‍ 37 കേസുകള്‍ പരിഗണിച്ചു. അഞ്ച് എണ്ണം തീര്‍പ്പാക്കി. മൂന്ന് പരാതികള്‍ വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ടിനായി അയച്ചു. പുതുതായി ലഭിച്ച രണ്‍ണ്ടു പരാതികള്‍ ഉള്‍പ്പെടെ 24 പരാതികള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കും. വനിതാ കമ്മീഷന്‍ പാനല്‍ അഡ്വ. എ.പി ഉഷ, വനിതാസെല്‍ എസ്.ഐ ശാന്ത തുടങ്ങിയവര്‍ അദാലത്തിന് നേതൃത്വം നല്‍കി.
Post a Comment
0 Comments