Type Here to Get Search Results !

Bottom Ad

കിണര്‍ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം: മൊഗ്രാല്‍ പുത്തൂരില്‍ ക്ലോറിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചു

മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാര്‍, കടവത്ത്, മൊഗര്‍ തുടങ്ങിയ സ്ഥലങ്ങളിലെ കിണര്‍ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയുടെ സാന്നിധ്യം കൂടിയ തോതില്‍ കണ്ടെത്തിയതിനാല്‍ വെള്ള ശുദ്ധീകരണത്തിനായി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ക്ലേറിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചു.

ജലശക്തി അഭയാന്റെ ഭാഗമായാണ് കുടിവെള്ളം പരിശോധന നടത്തിയത്. മനുഷ്യന്റെയും മൃഗങ്ങളുടെയും മലത്തില്‍ കാണപ്പെടുന്ന ബാക്ടീരിയ പ്രദേശത്തെ കിണറുകളില്‍ ഒരു മില്ലി ലിറ്റര്‍ വെള്ളത്തില്‍ 1100 പ്ലസ് ആണ്. ഇത് തീരെ ഉണ്ടാവാന്‍ പാടില്ലെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സിട്രോബാക്ടര്‍, എന്ററോ ബാക്ടര്‍, ഹാഫ്‌നിയാ, ക്ലബ്ബ്‌സിയെല്ലാ, എസ്‌ചെറിഷിയ തുടങ്ങിയ വിവിധ ഇനം ബാക്ടീരിയയുടെ കൂട്ടമാണിതെന്നും മഞ്ഞപിത്തം, ടൈഫോയിഡ്, വയറിളക്കരോഗങ്ങള്‍, ഭക്ഷ്യ വിഷബാധ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാക്കുമെന്നും ആരോഗ്യവകുപ്പ് പറയുന്നു. 

20മിനിറ്റ് നേരം തിളപ്പിച്ച് ആറിയത് ഉപയോഗിക്കുക, അള്‍ട്രവൈലറ്റ് (യു.വി) ഫില്‍ട്ടര്‍ ഉപയോഗിക്കുക, ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ക്ലേറിനേഷന്‍ നടത്തുക. ഇതൊക്കെയാണ് വെള്ളം ശുദ്ധീകരിക്കാനുള്ള മാര്‍ഗം. ആയിരം ലിറ്റര്‍ വെള്ളത്തിന് 2.5ഗ്രാം ബീച്ചിംഗ് പൗഡറാണ് ഉപയോഗിക്കേണ്ടത്. വെള്ളത്തിന്റെ അളവ് നോക്കിയ ആവശ്യമായ ബ്ബിച്ചിംഗ് പൗഡര്‍ ഒരു മഗ്ഗില്‍ അല്‍പം വെള്ളം ഒഴിച്ച് പേസ്റ്റ് രൂപത്തില്‍ കലക്കണം. മഗ്ഗില്‍ മുക്കാല്‍ ഭാഗം വെള്ളമൊഴിച്ച് നന്നായി കോലുകൊണ്ട് കലക്കി അഞ്ചു മിനിട്ടുനേരം വയ്ക്കണം. വെള്ളം കോരുന്ന ബക്കറ്റില്‍ ഒഴിച്ച് കിണറ്റില്‍ കെട്ടി താഴ്ത്തി കുറേസമയം ചലിപ്പിക്കാം. ഒരു മണിക്കൂറിന് ശേഷം വെളളം ഉപയോഗിക്കാം.

പടിഞ്ഞാറില്‍ നടത്തിയ ബോധവല്‍ക്കരണ പരിപാടിയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി. അഷറഫ് ക്ലാസെടുത്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എ.കെ സുന്ദരന്‍, കെ. രഞ്ജീവ രാഘവന്‍, ആസ്പത്രി മാനേജ്‌മെന്റ് കമ്മിറ്റി അംഗം മാഹിന്‍ കുന്നില്‍, ബഷീര്‍ പി.ബി, ഷഫീഖ് പി.ബി, അബൂബക്കര്‍, കമാല്‍, മെയ്തീന്‍, ഷാഫി, നവാസ്, അമീര്‍ കോട്ടക്കുന്ന് നേതൃത്വം നല്‍കി. മൊഗറില്‍ പി.എസ് ഫസല്‍, എസ്.കെ മുഹമ്മദ് അലി, ഷരീഫ്, എം.പി ഹംസ, കരീം നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad