Type Here to Get Search Results !

Bottom Ad

സംസ്ഥാന ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പ് ആറു മുതല്‍ ചീമേനിയില്‍

ചെറുവത്തൂര്‍ (www.evisionnews.co): സംസ്ഥാന ജൂനിയര്‍ വനിത ഹോക്കി ചാമ്പ്യന്‍ഷിപ്പ് ആറു മുതല്‍ എട്ടുവരെ ചീമേനി ഗവ: ഹയര്‍സെക്കന്ററി സ്‌കൂള്‍ മൈതാനത്ത് നടക്കും. അഞ്ചിന് വൈകിട്ട് അഞ്ചിന് ജില്ലാ ഹോക്കി അസോസിയേഷന്‍ പ്രസിഡന്റ് എം. രാമകൃഷ്ണന്‍ പതാക ഉയര്‍ത്തും. ആറിന് രാവിലെ 6.30ന് മത്സരം തുടങ്ങും. വൈകിട്ട് നാലിന് ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും.

മൈതാനത്ത് സ്ഥാപിക്കാനുള്ള ഗോളി പോസ്റ്റ് നാലിന് രാവിലെ 10ന് ചീമേനി സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി വത്സലനില്‍ നിന്നും സംഘാടക സമിതി ഭാരവാഹികള്‍ ഏറ്റുവാങ്ങും. 12ജില്ലകളില്‍ നിന്ന് 13ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. വയനാട്, ഇടുക്കി ജില്ലകളില്‍ ടീമുകളെത്തില്ല. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മത്സരത്തില്‍ നിന്നും ദേശീയ മത്സരത്തിനുള്ള സംസ്ഥാന ടീമിനെ തിരഞ്ഞെടുക്കും.

എട്ടിന് ഉച്ചക്ക് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഹബീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. പി.കെ.സുധാകരന്‍ സമ്മാനം വിതരണം ചെയ്യും. സംസ്ഥാന ഹോക്കി, ജില്ലാ ഹോക്കി അസോസിയേഷനുകളുടെ നേതൃത്വത്തിലുള്ള ജനകീയ സംഘാടകസമിതിയാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. പത്രസമ്മേളനത്തില്‍ എം. അച്ചുതന്‍, കെ. രാമകൃഷ്ണന്‍, എം. രാമകൃഷ്ണന്‍, കെ. രതീശന്‍, എം.കെ ബാബുരാജ്, സി.കെ കമലാക്ഷന്‍, പി.പി കുഞ്ഞിരാമന്‍, എം. വിഷ്ണുലാല്‍ സംബന്ധിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad