കാസര്‍കോട് (www.evisionnews.co): തെരഞ്ഞെടുപ്പ് പ്രചാരണ ജാഥ ആരംഭിക്കുന്നത് മുതല്‍ അവസാനിക്കുന്നത് വരെ ഏതൊക്കെ വഴികളിലൂടെയാണ് കടന്നുപോകുന്നതെന്ന കൃത്യമായ സമയ- സ്ഥല വിവരങ്ങള്‍ പൊലീസ് അധികൃതരെ അറിയിക്കണം. ഒരു പ്രദേശത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഭരണകൂടം പ്രഖ്യാപിക്കുന്ന ഉത്തരവുകളും ഗതാഗത നിയന്ത്രണങ്ങളും രാഷ്ട്രീയ പാര്‍ട്ടികള്‍ കര്‍ശനമായി പാലിക്കണം. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി പ്രചാരണ ജാഥയ്ക്ക് മുമ്പു തന്നെ മുന്‍കരുതലുകള്‍ സ്വീകരിക്കണം. നീളംകൂടിയ ജാഥയ്ക്കിടയില്‍ നിശ്ചിത അകലം സൃഷ്ടിച്ച് പൊതുജനങ്ങള്‍ക്ക് യാത്രാ സൗകര്യമൊരുക്കണം.
റോഡിന്റെ വലതു വശം ചേര്‍ന്നാണ് ജാഥ മുന്നോട്ടു പോകേണ്ടത്. കൂടാതെ ഡ്യൂട്ടിയിലുള്ള പൊലീസിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതവുമായിരിക്കണം. രണ്ടോ അതിലധികമോ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരു സ്ഥലത്ത് ഒരേ സമയത്ത് പ്രചാരണ ജാഥ നടത്തുകയാണെങ്കില്‍ സംഘട്ടനത്തിലേര്‍പ്പെടാതിരിക്കാനും പൊതുജനങ്ങള്‍ക്ക് യാത്രാ തടസമുണ്ടാക്കാതിരിക്കാനും പൊലീസുമായി ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കണം. ജാഥക്കിടയില്‍ അണികള്‍ അനഭിലഷണീയമായ രീതിയില്‍ പെരുമാറാതിരിക്കാന്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ജാഗ്രത പാലിക്കണം. എതിര്‍ പാര്‍ട്ടിയിലെ സ്ഥാനാര്‍ത്ഥികളുടെയും നേതാക്കളുടെയും പ്രതിമ, കോലം തുടങ്ങിയവ കത്തിക്കാനോ പ്രദര്‍ശിപ്പിക്കാനോ പാടില്ല.
തെരഞ്ഞെടുപ്പ് യോഗങ്ങള്‍ നടത്താനുദ്ദേശിക്കുന്ന സ്ഥലം, സമയം എന്നിവയെ കുറിച്ച് നേരത്തേ തന്നെ പോലീസ് അധികൃതരെ അറിയിക്കണം. ഒരു പ്രദേശത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് യോഗം ചേരുന്നതിന് ഭരണകൂടം വിലക്കോ നിയന്ത്രണമോ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അത് കൃത്യമായും പാലിക്കേണ്ടതാണ്. യോഗത്തിനാവശ്യമായ ലൗഡ് സ്പീക്കറിനും മറ്റുമുള്ള പ്രത്യേകാനുമതി ബന്ധപ്പെട്ട അധികൃതരില്‍ നിന്നും നേടിയിരിക്കണം. യോഗസ്ഥലത്ത് ക്രമസമാധാനം നിയന്ത്രിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ കുഴപ്പക്കാരെ നേരിടരുത്. പൊലീസിന്റെ സഹായം ആവശ്യപ്പെടണം.

Post a Comment
0 Comments