സിനിമ (www.evisionnews.co): നാളെ നിര്‍ണായക ദിവസം. ജല്ലികട്ട് മുതല്‍ അഞ്ചു സിനിമകളാണ് നാളെ മാത്രം തിയേറ്ററുകളില്‍ എത്തുന്നത്. രണ്ട് ദിവസം മുമ്പ് ഒക്ടോബര്‍ രണ്ടിന് ഇറങ്ങിയ മൂന്ന് അന്യഭാഷ ചിത്രങ്ങള്‍ മികച്ച പ്രതികരണവുമായി തിയേറ്ററുകളില്‍ ഉണ്ട്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ജല്ലിക്കട്ട്, കമല്‍ സംവിധാനം ചെയ്യുന്ന പ്രണയ മീനുകളുടെ കടല്‍, ജിബു ജേക്കബിന്റെ ആദ്യ രാത്രി, എം.സി ജോസഫ് സംവിധാനം ചെയ്യുന്ന വികൃതി, വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന അസുരന്‍ എന്നിവയാണ് തിയേറ്ററുകളില്‍ എത്തുന്നത്.
ജല്ലിക്കട്ട്
2019ല്‍ ഏറ്റവുമധികം തിയേറ്റര്‍ റിലീസിന് പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ജല്ലിക്കെട്ട്. ചിത്രം ഒക്ടോബര്‍ നാലിന് തിയേറ്ററുകളില്‍ എത്തും. രാജ്യാന്തര മേളകളിലെ പ്രദര്‍ശനത്തിന് പിന്നാലെയാണ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യുന്നത്.
പ്രണയമീനുകളുടെ കടല്‍
അനാര്‍ക്കലിക്ക് ശേഷം ലക്ഷദ്വീപ് പ്രധാന പശ്ചാത്തലമായി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രണയമീനുകളുടെ കടല്‍. വിനായകനെയും ദിലീഷ് പോത്തനെയും പ്രധാന കഥാപാത്രങ്ങളായി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് പ്രശസ്ത തിരക്കഥകൃത്ത് ജോണ്‍പോളാണ്. കടലില്‍ സ്രാവിനെ പിടിക്കുന്നയാളായാണ് വിനായകന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.
വികൃതി
ഒരു യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കി നവാഗതനായ എം.സി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വികൃതി. സുരാജ് വെഞ്ഞാറമൂടും സൗബിന്‍ ഷാഹിറുമാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. സുരഭിയാണ് സുരാജിന്റെ നായികയാവുന്നത്. സംസാരശേഷിയില്ലാത്ത കഥാപാത്രങ്ങളായിട്ടാണ് ഇരുവരും ചിത്രത്തില്‍ എത്തുന്നത്. സിനിമയ്ക്കായി ഇരുവരും ആംഗ്യ ഭാഷയില്‍ പ്രത്യേക പരിശീലനം നേടിയിരുന്നു.
ആദ്യരാത്രി
വെള്ളിമൂങ്ങയ്ക്ക് ശേഷം ബിജു മേനോന്‍- അജു വര്‍ഗീസ് ജിബു ജേക്കബ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ആദ്യരാത്രി. ബിജു മേനോന്‍ നായകനാവുന്ന ഈ ചിത്രത്തില്‍ അനശ്വര രാജന്‍ ആണ് നായിക. ഒരു കല്യാണ ബ്രോക്കറായിട്ടാണ് ബിജു മേനോന്‍ ചിത്രത്തില്‍ എത്തുന്നത്. വിജയരാഘവന്‍,അജു വര്‍ഗീസ്,മാല പാര്‍വതി,ബിജു സോപാനം തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.
അസുരന്‍
വടചെന്നൈ, മാരി 2 എന്നീ വമ്പന്‍ ഹിറ്റുകള്‍ക്ക് ശേഷം ധനുഷ് അഭിനയിക്കുന്ന ചിത്രമാണ് അസുരന്‍. വെട്രിമാരന്‍-ധനുഷ് കൂട്ടുകെട്ടിലെ നാലാമത്തെ ചിത്രം കൂടിയാണിത്. വെട്രിമാരന്‍ സംവിധാനം ചെയ്ത ആടുകളത്തിലെ അഭിനയത്തിന് ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. ഇരുവരും ഒന്നിച്ചപ്പോഴെല്ലാം മികച്ച സിനിമകളുണ്ടായിട്ടുണ്ട്.നടി മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക.
Post a Comment
0 Comments