കാസര്‍കോട് (www.evisionnews.co): കൊല്ലം ഇരവിപുരം സ്വദേശിനി പ്രമീള (35)യെ കൊലപ്പെടുത്തിയ ശേഷം കല്ലുകെട്ടി പുഴയില്‍ താഴ്ത്തിയ കേസില്‍ സുപ്രധാന തെളിവായ മൃതദേഹം ഇനിയും കണ്ടെത്താനാകാതെ അന്വേഷണ സംഘം. മൃതദേഹത്തിനായി മൂന്നാം ദിവസമായ ഇന്നലെയും വൈകിട്ട് പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തി. മൃതദേഹം കല്ലിട്ട് താഴ്ത്തിയെന്ന് പ്രതി മൊഴി നല്‍കിയ ഭാഗത്താണ് വെള്ളിയാഴ്ച തിരച്ചില്‍ നടത്തിയത്. ഇന്നലെ കുറച്ചുകൂടി അകലത്തില്‍ തിരച്ചില്‍ നടത്തി.
അതേസമയം പ്രതിയായ ഭര്‍ത്താവ് തളിപ്പറമ്പ് ആലക്കോട് നെടുപ്പത്തേല്‍ വീട്ടില്‍ സെല്‍ജോ (43)യെ ഇന്നലെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് സെല്‍ജോയെ കാസര്‍കോട് ഡി.വൈ.എസ്.പി പി.പി സദാനന്ദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. പ്രമീളയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് സെല്‍ജോക്ക് ഒത്താശ നല്‍കിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സെല്‍ജോയുടെ കാമുകിയായ ഇടുക്കി സ്വദേശിനിയെ ചോദ്യംചെയ്യാന്‍ പൊലീസ് നടപടി തുടങ്ങി. കൊലപാതകത്തില്‍ കാമുകിക്ക് മനസറിവുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിചേര്‍ക്കുന്ന കാര്യം ആലോചിക്കുമെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ മാസം 20നാണ് പ്രമീളയെ കാണാനില്ലെന്ന പരാതിയുമായി സെല്‍ജോ വിദ്യാനഗര്‍ പൊലീസിനെ സമീപിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ സെല്‍ജോയുടെ മൊഴിയില്‍ വൈരുധ്യമുള്ളതായി മനസിലാക്കുകയും വിശദമായി ചോദ്യം ചെയ്തതോടെ കൊലപാതകം തെളിയുകയുമായിരുന്നു. പ്രമീളയുടെ മൃതദേഹം ചട്ടഞ്ചാല്‍ തെക്കില്‍ പാലത്തില്‍ നിന്നും കല്ലുകെട്ടി പുഴയിലേക്ക് തള്ളിയെന്നാണ് സെല്‍ജോ മൊഴി നല്‍കിയത്. സെല്‍ജോയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന്് വ്യാഴാഴ്ച മുതലാണ് പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരുടെ സഹായത്തോടെ തിരച്ചിലാരംഭിച്ചത്.
സെല്‍ജോയും പ്രമീളയും വിദ്യാനഗര്‍ പന്നിപ്പാറയിലെ വാടകക്വാര്‍ട്ടേഴ്സില്‍ താമസിച്ചുവരികയായിരുന്നു. ഇടുക്കി സ്വദേശിനിയായ യുവതിയുമായി സെല്‍ജോക്കുള്ള വഴിവിട്ട ബന്ധത്തെ ചോദ്യം ചെയ്ത വിരോധമാണ് പ്രമീളയെ കൊലപ്പെടുത്താന്‍ കാരണമെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ആസൂത്രിതമായാണ് കൊലനടത്തിയതെന്നും വ്യക്തമായിട്ടുണ്ട്.
അതേസമയം മൃതദേഹത്തിന് വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരുമെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു. കാസര്‍കോട് ഡി.വൈ.എസ്.പി പി.പി സദാനന്ദന്‍, സി.ഐമാരായ വി.വി മനോജ്, അബ്ദുല്‍റഹീം, എസ്.ഐ സന്തോഷ്, എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Post a Comment
0 Comments