കാസര്‍കോട് (www.evisionnews.co): വിശ്വാസി മനസിനെ വ്രണപ്പെടുത്തിയ ശബരിമല വിഷയം തെരഞ്ഞെടുപ്പ് ചര്‍ച്ചയാവുന്നതിനെ അപലപിച്ചിട്ട് കാര്യമില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. മഞ്ചേശ്വരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ വിശ്വാസിയായത് കൊണ്ടാണോ ഇങ്ങനെ അധിക്ഷേപിക്കുന്നതെന്ന് പരിതപിക്കുന്ന മുഖ്യമന്ത്രി ആദ്യം വിശ്വാസികളെ വേദനിപ്പിച്ച നടപടികളെ തിരുത്താന്‍ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.
ഉപ്പളയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവിനും യു.ഡി.എഫിനും നേരെ തിരിയുന്നത് പരാജയഭീതി മുന്നില്‍ കണ്ടാണ്. യു.ഡി.എഫിന് വര്‍ഗീയ കാര്‍ഡ് ഇറക്കേണ്ട ആവശ്യമില്ല. ജനങ്ങളെ അലട്ടുന്ന പ്രശ്‌നങ്ങളും കൊള്ളരുതായ്മകളും തെരഞ്ഞെടുപ്പ് വിഷയമാകും. ശബരിമല വിഷയം വിശ്വാസികളുടെ മനസിനെ വ്രണപ്പെടുത്തിയ ഒന്നാണ്. അത് തെരഞ്ഞെടുപ്പ് ചര്‍ച്ചയാവുന്നതിനെ അപലപിച്ചിട്ട് കാര്യമില്ലെന്നും വേണുഗോപാല്‍ പറഞ്ഞു
ശബരിമല വിഷയത്തില്‍ ബി.ജെ.പിയും സി.പി.എമ്മും നിലപാട് വ്യക്തമാക്കണം. ശബരിമല നിയമ നിര്‍മാണത്തിന് ബി.ജെ.പിക്ക് താല്‍പ്പര്യമില്ല. കശ്മീര്‍ വിഷയത്തില്‍ എടുത്ത താല്‍പര്യം ശബരിമലയില്‍ കേന്ദ്ര സര്‍ക്കാരിനില്ലെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി. തമ്മിലടിപ്പിച്ച് ഒരു സുവര്‍ണാവസരമായി ബി.ജെ.പി ശബരിമല പ്രശ്‌നത്തെ കണ്ടപ്പോള്‍ വിശ്വാസി മനസിനെ വ്രണപ്പെടുത്തുന്ന നടപടികളുമായി മുന്നോട്ടുപോവുകയായിരുന്നു എല്‍.ഡി.എഫ് സര്‍ക്കാറും മുഖ്യമന്ത്രിയും. വിശ്വാസികളെ വെല്ലുവിളിച്ച് അവിശ്വാസികളായ ആക്ടിവിസ്റ്റുകളെ ശബരിമലയിലേക്ക് കടത്തിവിട്ട് സി.പി.എമ്മും രാഷ്ട്രീയ നാടകം കളിച്ചു. അതിന്റെ പരിണിതഫലമാണ് കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി. ഇപ്പോള്‍ ആ കൂട്ടത്തില്‍നിന്ന് തന്നെ പലരും തിരുത്തിക്കൊണ്ടിരിക്കുന്നു- അദ്ദേഹം പറഞ്ഞു.

Post a Comment
0 Comments