ഹോസ്ദുര്‍ഗ് (www.evisionnews.co): ലക്ഷങ്ങള്‍ വിലയുള്ള എമുപക്ഷിയെ തട്ടിയെടുത്ത് കറിവച്ച് തിന്നുവെന്ന കേസില്‍ ഹോസ്ദുര്‍ഗ് പൊലീസ് അന്വേഷണം തുടങ്ങി. മുക്കൂട് ജി.എല്‍.പി സ്‌കൂള്‍ പരിസരത്തെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന അഞ്ചുവര്‍ഷം പ്രായമുളള രണ്ട് എമുപക്ഷികളില്‍ ഒന്നിനെ തട്ടിയെടുത്ത് കറിയാക്കി മദ്യത്തിനൊപ്പം വിളമ്പിയ സംഭവമാണ് ഹൊസ്ദുര്‍ഗ് പൊലിസ് അന്വേഷണം തുടങ്ങിയിരിക്കുന്നത്.
അഞ്ചുവര്‍ഷം മുമ്പ് മുഹമ്മദ് കുഞ്ഞി കാസര്‍കോട് നിന്നും 35000രൂപ വിലകൊടുത്ത് വാങ്ങിയ രണ്ട് എമു പക്ഷികളില്‍ ഒന്നിനെയാണ് തട്ടിയെടുത്ത് കൊണ്ടുപോയത്. കഴിഞ്ഞ നാലുദിവസം മുമ്പാണ് മുഹമ്മദ് കുഞ്ഞിയുടെ രണ്ട് എമുവിനെയും കാണാതായത്. അലഞ്ഞ് തിരിഞ്ഞ് രാവണീശ്വരത്തെത്തിയ എമു പക്ഷികളെ നാട്ടുക്കാര്‍ കെട്ടിയിട്ട് വീട്ടുകാരെ വിവരമറിയിച്ചു. എന്നാല്‍ ഇതില്‍ പെണ്‍പക്ഷിയെ ചിലര്‍ കെട്ടിയിട്ട സ്ഥലത്ത് നിന്നും ചിലര്‍ അഴിച്ചു കൊണ്ടുപോയി. നാട്ടുകാര്‍ എതിര്‍ത്തെങ്കിലും അവര്‍ കൂട്ടാക്കിയില്ല. പിന്നീട് ഒന്നിനെ വീട്ടുക്കാര്‍ തിരികെ കൊണ്ടുപോയെങ്കിലും പെണ്‍ പക്ഷിയെക്കുറിച്ച് ഏറെ അന്വേഷണം നടത്തിയിട്ടും വിവരവും ലഭിച്ചില്ല.
ഇതിനിടയിലാണ് രാവണീശ്വരത്തുകാരായ കുറച്ചുപേര്‍ ചേര്‍ന്ന് മദ്യത്തോടൊപ്പം എമുവിനെ കറിവെച്ച് സേവിച്ചതായി വിവരം ലഭിക്കുന്നത്. തുടര്‍ന്ന് മുഹമ്മദ് കുഞ്ഞിയുടെ ബന്ധുവായ ജാഫര്‍ ഹോസ്ദുര്‍ഗ് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
Post a Comment
0 Comments