Type Here to Get Search Results !

Bottom Ad

ദേശീയപാത വികസനം: ഡെപ്യൂട്ടി കലക്ടറും സ്ഥലം മാറി: ഭൂമിയും കെട്ടിടവും നഷ്ടപ്പെടുന്നവര്‍ ആശങ്കയില്‍


കാസര്‍കോട് (www.evisionnews.co): ദേശീയപാത വികസനത്തിന് മേല്‍നോട്ടം വഹിക്കേണ്ട സ്പെഷ്യല്‍ ഡെപ്യൂട്ടി കലക്ടറും സ്ഥലം മാറിപ്പോയതോടെ ഭൂഉടമകള്‍ വീണ്ടും ആശങ്കയിലായി. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്ഥലവും കെട്ടിടവും നഷ്ടപ്പെടുന്നവരാണ് തഹസില്‍ദാര്‍ക്ക് പിന്നാലെ ഡെപ്യൂട്ടി കലക്ടറും സ്ഥലംമാറിയതോടെ പ്രതിസന്ധിയിലായത്.

ജില്ലയില്‍ ദേശീയപാത വികസനത്തിന് മേല്‍നോട്ടം വഹിച്ച തഹസില്‍ദാര്‍ അടുത്തിടെയാണ് സ്ഥലംമാറിപോയത്. സ്ഥലമേറ്റെടുക്കലിന്റെ ഫയലുകള്‍ക്ക് ആറുമാസത്തോളം മേല്‍നോട്ടം വഹിച്ചിരുന്നത് തഹസില്‍ദാര്‍ ആയിരുന്നു. തഹസില്‍ദാര്‍ക്ക് പകരം നിയമനമായെങ്കിലും പരിചയക്കുറവ് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ വലിയ രീതിയില്‍ ബാധിച്ചിരുന്നു. അതിനിടെയാണ് ഡെപ്യൂട്ടി കലക്ടറും സ്ഥലംമാറിപോയത്. സ്ഥലം, കെട്ടിട ഉടമകള്‍ക്ക് ഫണ്ട് നല്‍കേണ്ടതടക്കമുള്ള പ്രധാനപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് ഡെപ്യൂട്ടി കലക്ടറായിരുന്നു. പകരം എ.ഡി.എമ്മിനാണ് ചുമതല നല്‍കിയിരിക്കുന്നത്.

രേഖകള്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ട പ്രധാനപ്പെട്ട ഉദ്യോഗസ്ഥരെ ഇങ്ങനെ സ്ഥലംമാറ്റുന്നത് സ്ഥലമുടമകളെ വലിയ ആശങ്കയിലാക്കുകയാണ്. തലപ്പാടി മുതല്‍ കാലിക്കടവ് വരെയുള്ള ജില്ലയിലെ 87 കിലോമീറ്റര്‍ ദേശീയപാതയുടെ വികസനം ഏറ്റവും ആദ്യം നടപ്പിലാക്കുമെന്ന് വര്‍ഷങ്ങളായി പറയുന്നുണ്ടെങ്കിലും സ്ഥലം ഏറ്റെടുക്കലിന്റെ ചെറിയൊരു ഘട്ടംമാത്രമെ ജില്ലയില്‍ പൂര്‍ണ്ണമായിട്ടുള്ളു. വളരെ കുറച്ചുപേര്‍ക്ക് മാത്രമേ ഇതിനോടകം നഷ്ടപരിഹാരതുക നല്‍കിയത്. എന്നാല്‍ ആദ്യ ഘട്ടത്തില്‍ പ്രവൃത്തി നടക്കേണ്ട കാസര്‍കോട് ജില്ലയിലെ തന്നെ സ്ഥലമേറ്റെടുപ്പ് വരെ പൂര്‍ത്തിയാവാത്ത സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ ലക്ഷ്യംകടക്കാന്‍ ഏറെ കാത്തിരിക്കേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.




Post a Comment

0 Comments

Top Post Ad

Below Post Ad