ദേശീയം (www.evisionnews.co): കമ്പനി അഴിച്ചുപണിയുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്നതായി പോഴ്സണല്‍ കമ്പ്യൂട്ടര്‍ നിര്‍മാതാക്കളില്‍ പ്രമുഖരായ എച്ച്.പി ഇന്‍ക് കമ്പനി. എച്ച്.പിയുടെ പ്രധാന ഉത്പന്നങ്ങളിലൊന്നായ പ്രിന്ററിന്റെ വില്‍പ്പനയിലെ ഇടിവിനെ മറികടക്കാന്‍ കമ്പനി ശ്രമിക്കവേ വരുന്ന മൂന്നു വര്‍ഷത്തിനുള്ളില്‍ 9000ത്തോളം ജോലിക്കാരെ പിരിച്ചുവിടാനാണ് തീരുമാനം. നിലവില്‍ 55000 ജീവനക്കാരാണ് എച്ച്.പിക്കുള്ളത്. പുതിയ തീരുമാനത്തോടെ ജീവനക്കാരുടെ എണ്ണം 16ശതമാനം വരെ കുറയുമെന്നര്‍ത്ഥം.
എച്ച്.പിയുടെ നിയുക്ത സി.ഇ.ഒ എന്റിക്ക് ലോറേയാണ് ഈ നീക്കത്തിന് പിന്നില്‍. വ്യക്തിപരമായ കാരണങ്ങളാല്‍ സ്ഥാനമൊഴിയുന്ന ഡിയോണ്‍ വെയ്സ് ലറുടെ പിന്‍ഗാമിയായി ലോറേ നവംബര്‍ 1-നു ചുമതലയേല്‍ക്കും. 2015 മുതല്‍ സി.ഇ.ഒ ആയി സേവനമനുഷ്ഠിക്കുന്ന വെയ്സ് ലറുടെ കീഴില്‍, എച്ച്.പി വിപണിയിലെ ഒന്നാം സ്ഥാനക്കാരായ ലെനോവോയുമായി മികച്ച മത്സരമാണ് കാഴ്ചവെച്ചത്. ഇന്ന് സാങ്കേതിക രംഗത്ത് ഉയരുന്ന നിരവധി പ്രതിസന്ധികളിലൂടെ എച്ച്. പിയെ നയിക്കാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള ലോറേ, കമ്പനിയുടെ ചരിത്രത്തിലെ ഒരു പുതിയ അദ്ധ്യായത്തിനു തുടക്കം കുറിക്കും എന്ന് പ്രഖ്യാപിച്ചു.
ഇത്രയധികം ജീവനക്കാരെ പിരിച്ചു വിടുന്നത് വഴി 2022 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ഒരു മില്യണ്‍ ഡോളറോളം ലാഭിക്കാമെന്നാണ് എച്ച്.പി കണക്കു കൂട്ടുന്നത്. കമ്പനിയുടെ സെയില്‍സ്, കോര്‍പ്പറേറ്റ് വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കാണ് കൂടുതലും തൊഴില്‍ നഷ്ടമാകുക. ഇതുവഴി സമാഹരിക്കുന്ന പണം കമ്പനിയുടെ വളര്‍ച്ചയെ പരിപോഷിപ്പിക്കാനും കൂടുതല്‍ ലാഭവിഹിതം നല്‍കി ഓഹരികള്‍ തിരിച്ചുവാങ്ങിയും ഓഹരിയുടമകള്‍ക്കു കൂടുതല്‍ വരുമാനം നേടിക്കൊടുക്കാനും ഉപയോഗിക്കാനാകും എന്ന് മാനേജ്മന്റ് കരുതുന്നു.

Post a Comment
0 Comments