Type Here to Get Search Results !

Bottom Ad

ചെമ്പരിക്ക ഖാസി വധം: രാപകല്‍ സമരം നാളെ

Image result for cm abdulla moulavi

കാസര്‍കോട് (www.evisionnews.co): പ്രമുഖ മതപണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ഘാതകരെ നിയമത്തിനു മുന്നിലെത്തിക്കണമെന്നു ആവശ്യപ്പെട്ട് നാളെ രാവിലെ ഒമ്പത് മുതല്‍ നാളെ രാവിലെ ഒമ്പത് മണിവരെ രാപകല്‍ സമരം നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സി.എം അബ്ദുല്ല മൗലവിയുടെ കുടുംബവും ജനകീയ ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായി കാസര്‍കോട് നഗരത്തില്‍ നടത്തി വരുന്ന അനിശ്ചിതകാല സമരത്തിന്റെ ഒന്നാംവര്‍ഷം പൂര്‍ത്തിയാകുന്ന ദിനത്തിലാണ് രാപകല്‍ സമരം നടക്കുന്നത്.

നാളെ രാവിലെ ഒമ്പതിന് മുന്‍മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായ സി.ടി അഹമ്മദലി രാപകല്‍ സമരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. വ്യാഴാഴ്ച രാവിലെ ഒമ്പതിന് സമാപന ചടങ്ങ് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സമസ്ത മുശാവറ അംഗവും കാസര്‍കോട് ജില്ലാ പ്രസിഡന്റുമായ താഖാ അഹമ്മദ് അല്‍ അസ്ഹരി, മുശാവറ അംഗങ്ങളായ ഖാസി ഇ.കെ മഹ്മൂദ് മുസ്ലിയാര്‍, മാഹിന്‍ മുസ്ലിയാര്‍ തൊട്ടി, ജനകീയ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഡി. സുരേന്ദ്രനാഥ് തുടങ്ങി മത സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക നേതാക്കള്‍ ഉള്‍പ്പെടെ സംബന്ധിക്കും. 

2010 ഫെബ്രുവരി 15 നാണു അബ്ദുല്ല മൗലവിയെ ചെമ്പരിക്കയിലെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2011 ആഗസ്റ്റോടെ കേസന്വേഷണം ഏറ്റെടുത്ത സി.ബി.ഐ കേസ് തെളിയിക്കാന്‍ തരത്തിലുള്ള നീക്കങ്ങള്‍ നടത്തുന്നില്ല. കാലം കഴിയുന്തോറും തെളിവുകളും മറ്റുസാക്ഷി മൊഴികളും നഷ്ടപ്പെടുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

മൂന്നുവര്‍ഷം മുമ്പ് അനിശ്ചിത കാല സമരം നടത്തിയിരുന്നെങ്കിലും 84ദിവസം പിന്നിട്ടപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ റവന്യൂ വകുപ്പ് മന്ത്രിയെ ഇടപെടുവിച്ചു സമരം നിര്‍ത്തിക്കുകയും കേസന്വേഷണം സി.ബി.ഐയുടെ ഉന്നത സംഘത്തെ ഏല്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ യാതൊരു നടപടികളും സ്വീകരിച്ചില്ല. ലോക്കല്‍ പൊലിസും ക്രൈംബ്രാഞ്ചും പ്രഹസനമാക്കിയ കേസന്വേഷണം സി.ബി.ഐയും തുടരുകയാണ്. പത്രസമ്മേളനത്തില്‍ സി.എ മുഹമ്മദ് ഷാഫി, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ സിദ്ധീഖ് നദ്വി ചേരൂര്‍, അബ്ദുല്‍ ഖാദര്‍ സഅദി, യൂസുഫ് ഉദുമ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad