Type Here to Get Search Results !

Bottom Ad

പ്രകൃതിയെ തൊട്ടറിഞ്ഞ് റാണിപുരത്ത് ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ് കുടുംബ സംഗമം


കാഞ്ഞങ്ങാട് (www.evisionnews.co): മനുഷ്യ നിര്‍മിത പ്രകൃതി ദുരന്തങ്ങളില്‍ സമീപ നാളുകളില്‍ മലയാള നാട് വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ വരുംതലമുറക്ക് വേണ്ടി പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുടുംബാംഗങ്ങള്‍ക്ക് മനസിലാക്കിക്കൊടുക്കുന്നതിന് വേണ്ടി ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ് ഒരുക്കിയ 'മണ്ണിലേക്കും പ്രകൃതിയിലേക്കും' എന്ന യാത്ര ശ്രദ്ധേയമായി. ക്ലബിലെ അമ്പതോളം വരുന്ന കുടുംബാംഗങ്ങള്‍ കേരളത്തിന്റെ ഊട്ടിയെന്നറിയപ്പെടുന്ന റാണിപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു. പ്രസിഡന്റ്് അന്‍വര്‍ ഹസന്‍ ഉദ്ഘാടനം ചെയ്തു. 

മനുഷ്യരുടെ സ്വാര്‍ത്ഥതയും ദയയില്ലായ്മയുമാണ് പ്രകൃതിക്ഷോഭങ്ങളെ വിളിച്ചു വരുത്തിയത്, പ്രകൃതിയും പ്രകൃതിസമ്പത്തും വരും തലമുറയ്ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് മനുഷ്യര്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുമ്പോഴാണ് പ്രകൃതി മനുഷ്യര്‍ക്ക് മേല്‍ തണലും സംരക്ഷണ ഭിത്തിയുമൊരുക്കുകയെന്ന് അന്‍വര്‍ ഹസന്‍ പറഞ്ഞു.

റാണിപുരത്തെ കാട്ടുപാതയിലെ അപൂര്‍വ ഇനങ്ങളായ ഔഷധചെടികളെയും തുമ്പയും മുക്കുറ്റിയുമുള്‍പ്പെടെയുള്ള കാട്ടു പൂക്കളുടെ സൗന്ദര്യത്തെയും തൊട്ടറിഞ്ഞു കൊണ്ടുള്ള യാത്ര കുട്ടികളടങ്ങിയ പുതുതലമുറക്ക് പുത്തനനുഭവമായി. രാവിലെ ഒമ്പതു മണിക്ക് റാണിപുരം മഴക്കാടുകളും ചോലവനങ്ങളും നടന്നുകയറി മാനിമല പുല്‍മേടിന്റെ സൗന്ദര്യം ആസ്വദിക്കുകയും അതിനെ കുറിച്ചുള്ള വിവരങ്ങള്‍ അംഗങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധയിനം മത്സരങ്ങളും സമ്മാനവിതരണവും നടന്നു. കൂടാതെ കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച സംഗീത നൃത്ത പരിപാടികളും അരങ്ങേറി. സോണ്‍ ചെയര്‍ പേര്‍സന്‍ എംബി ഹനീഫ്, പ്രോഗ്രാം ഡയറക്ടര്‍ അബ്ദുല്‍ നാസര്‍, ഹാറൂണ്‍ ചിത്താരി, ഗോവിന്ദന്‍ നമ്പൂതിരി നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad