കാസര്‍കോട് (www.evisionnews.co): കാസര്‍കോട് നിന്ന് രാജ്യാന്തര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്‌സില്‍ ചേര്‍ന്നവരില്‍ എട്ടു പേര്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സിയുടെ സ്ഥിരീകരണം. ഇവരുടെ കേരളത്തിലെ ബന്ധുക്കള്‍ക്ക് ഇതു സംബന്ധിച്ചു നേരത്തെ വിവരം ലഭ്യമായെങ്കിലും എന്‍ഐഎയുടെ സ്ഥിരീകരണം ഇപ്പോഴാണുണ്ടാകുന്നത്.
അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് ഇവര്‍ മരിച്ചതെന്നാണു കേരള പോലീസിനെ എന്‍ഐഎ അറിയിച്ചത്. കൂടുതല്‍ നടപടികള്‍ക്കായി എന്‍ഐഎ അഫ്ഗാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ അബ്ദുല്‍ റാഷിദ് അബ്ദുല്ലയുടെ നേതൃത്വത്തില്‍ ഐഎസില്‍ ചേര്‍ന്ന 23പേരില്‍ ഉള്‍പ്പെട്ടവരാണ് എട്ടുപേരും.
അബ്ദുല്‍ റാഷിദും ഒപ്പമുള്ളവരും ടെലഗ്രാമിലൂടെ പല ഘട്ടങ്ങളായി ബന്ധുക്കളെ അറിയിച്ച മരണവാര്‍ത്തകള്‍ക്കാണ് ഇപ്പോള്‍ സ്ഥിരീകരണമുണ്ടായത്. അതേസമയം അബ്ദുല്‍ റാഷിദ് രണ്ട് മാസം മുമ്പ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചെങ്കിലും എന്‍ഐഎ സ്ഥിരീകരിച്ച എട്ടു പേരുടെ പട്ടികയില്‍ ഇല്ല.

Post a Comment
0 Comments