സൗദി (www.evisionnews.co): ഇറാനുമായുള്ള സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ധനവില സങ്കല്‍പ്പിക്കാനാവാത്ത വിധം കുതിച്ചുയരുമെന്ന് മുന്നറിയിപ്പ് നല്‍കി സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. ടെഹ്റാനുമായുള്ള റിയാദിന്റെ തര്‍ക്കം ഇനിയും ഉയര്‍ന്നാല്‍ അത് ലോക സമ്പദ് വ്യവസ്ഥയെ ഭയപ്പെടുത്തുന്ന രീതിയിലേക്ക് കാര്യങ്ങളെ എത്തിക്കുമെന്നും സല്‍മാന്‍ പറഞ്ഞു.
'ഇറാനെ പിന്തിരിപ്പിക്കാന്‍ ലോകം ശക്തവും ഉറച്ചതുമായ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ എണ്ണ വിതരണം തടസ്സപ്പെടുകയും എണ്ണവില നമ്മുടെ ജീവിതകാലത്ത് കണ്ടിട്ടില്ലാത്ത അത്ര ഉയര്‍ന്ന നിരക്കിലേക്ക് ഉയരുകയും ചെയ്യും, ''പ്രിന്‍സ് മുഹമ്മദ് ഞായറാഴ്ച വൈകുന്നേരം സിബിഎസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇറാന്റെ പിന്തുണയോടെ ഹൂതി വിമതര്‍ സൗദി എണ്ണക്കിണറുകളില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷവും ഇതിന് പിന്നാലെ രൂക്ഷമായിരുന്നു.
അക്രമങ്ങളില്‍ തങ്ങള്‍ക്ക് പങ്കുണ്ടെന്ന സൗദിയുടെ വാദം ഇറാന്‍ തള്ളിയിരുന്നു. ആക്രമണത്തിന് പിന്നില്‍ യെമന്‍ ഹൂതി വിമതര്‍ ആണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. എന്നാല്‍ ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ ഇറാന്റേതാണെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കിയിരുന്നു. ഇതേ നിലപാടുമായി മുഹമ്മദ് ബിന്‍ സല്‍മാനും രംഗത്തെത്തിയിരുന്നു.

Post a Comment
0 Comments