Type Here to Get Search Results !

Bottom Ad

കടലില്‍ തോണി മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ബേക്കല്‍ (www.evisionnews.co): മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടെ തോണി മറിഞ്ഞ് കടലില്‍ കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കരക്കടിഞ്ഞു.  കീഴൂര്‍ കടപ്പുറത്തെ ദാസന്റെ (57) മൃതദേഹമാണ് വെള്ളിയാഴ്ച രാത്രി 11മണിയോടെ പള്ളിക്കരക്കും ചേറ്റുകുണ്ടിനുമിടയില്‍ കരക്കടിഞ്ഞത്. ഫിഷറീസ് വകുപ്പിന്റെയും തളങ്കര തീരദേശ പൊലീസിന്റെയും ബോട്ടുകള്‍ തകരാറിലായതിനാല്‍ വെള്ളിയാഴ്ച വൈകിട്ട് കണ്ണൂരില്‍ നിന്നും മറ്റും രക്ഷാപ്രവര്‍ത്തനത്തിനുപയോഗിക്കുന്ന ബോട്ടുകളെത്തിച്ച് തിരച്ചില്‍ തുടരുകയായിരുന്നു. 

ബേക്കല്‍ പൊലീസിനും ഫയര്‍ഫോഴ്സിനും നാട്ടുകാര്‍ക്കും പുറമെ തിരച്ചിലിന് തീരദേശ പൊലീസിന്റെ സഹായവുമുണ്ടായിരുന്നു. ആദ്യം തിരച്ചില്‍ നടത്താനാവശ്യമായ സജ്ജീകരണങ്ങള്‍ ഇല്ലാതെ വന്നത് തീരദേശവാസികളുടെ കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു. പിന്നീടാണ് ഏറെവൈകി ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിനുള്ള മറ്റ് സാമഗ്രികളും കൊണ്ടുവന്നത്. 

വെള്ളിയാഴ്ച രാവിലെയാണ് ദാസനെ തോണിമറിഞ്ഞ് കാണാതായത്. രാവിലെ പള്ളിക്കര പുതിയ കടപ്പുറത്തുനിന്ന് ഏതാനും മീറ്റര്‍ അകലെയാണ് ശക്തമായ തിരമാലകളില്‍പെട്ട് തോണി മറിഞ്ഞത്. നിറയെ ചെമ്മീനുമായി തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്നവര്‍ നീന്തി രക്ഷപ്പെട്ടെങ്കിലും ദാസനെ കടലില്‍ കാണാതാവുകയായിരുന്നു. കീഴൂര്‍ കടപ്പുരത്തെ ഗോപാലന്റെയും ഉണ്ടച്ചിയുടെയും മകനാണ് ദാസന്‍. ഭാര്യ: ഭാനു. മക്കള്‍; ധന്യ, ദിവ്യ, ദീപ, പരേതനായ ദീപു.







Post a Comment

0 Comments

Top Post Ad

Below Post Ad