ന്യൂഡല്‍ഹി (www.evisionnews.co): സാമൂഹിക മാധ്യമങ്ങളുടെ നടത്തിപ്പുകാര്‍ക്കായി മാര്‍ഗരേഖ തയാറാക്കുന്നതിനെക്കുറിച്ച് മൂന്ന് ആഴ്ചയ്ക്കകം വിശദമായ സത്യവാങ്മൂലം നല്‍കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോടു നിര്‍ദേശിച്ചു. സമൂഹിക മാധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യ, വിദ്വേഷ പ്രചാരണം, ലൈംഗിക ചൂഷണം തുടങ്ങിയവയില്‍ കടുത്ത ആശങ്കയുണ്ടെന്നു കോടതി വ്യക്തമാക്കി.
സമൂഹിക മാധ്യമ അക്കൗണ്ടിന് ഔദ്യോഗിക തിരിച്ചറിയല്‍ സംവിധാനങ്ങള്‍ വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്കു മാറ്റണമെന്ന് ഫേസ്ബുക്ക് നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.
ഹര്‍ജി അടുത്ത മാസം 22നു വീണ്ടും പരിഗണിക്കും. സമൂഹ മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ ആരു തുടങ്ങി വയ്ക്കുന്നുവെന്ന് കണ്ടെത്തുക എളുപ്പമല്ലെന്ന ഹര്‍ജിക്കാരുടെ നിലപാട് കോടതി അംഗീകരിച്ചില്ല. തുടങ്ങിവയ്ക്കാന്‍ സാങ്കേതികവിദ്യയുണ്ടെങ്കില്‍ നിര്‍ത്താനും സംവിധാനം വേണമെന്നു കോടതി പറഞ്ഞു.
വ്യക്തികളുടെ സ്വകാര്യത സംരക്ഷിച്ചുള്ളതാവണം മാര്‍ഗരേഖ. പൊലീസ് കമ്മിഷണര്‍ ചോദിച്ചു എന്നതിന്റെ പേരില്‍ വ്യക്തിപരമായ വിവരങ്ങള്‍ മുഴുവന്‍ നല്‍കാനാവില്ല. വ്യക്തികളുടെ സ്വകാര്യതയ്ക്കും അന്തസ്സിനും രാജ്യത്തിന്റെ പരമാധികാരത്തിനും കോട്ടം തട്ടാത്ത രീതിയില്‍ നയമുണ്ടാക്കണം.
കോടതിയല്ല സര്‍ക്കാരാണ് നയമുണ്ടാക്കേണ്ടത്. നയം ഭരണഘടനാപരമായ അവകാശങ്ങളുമായി ഒത്തുപോകുന്നതാണോയെന്നു കോടതി പരിശോധിക്കും. പ്രചാരണം തുടങ്ങിവയ്ക്കുന്നത് ആരെന്നു കണ്ടെത്താന്‍ സാധിക്കാത്തവര്‍ക്ക് പ്രവര്‍ത്തിക്കാനും അവകാശമില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞു.

Post a Comment
0 Comments