കാഞ്ഞങ്ങാട് (www.evisionnews.co): പട്രോളിംഗിനിറങ്ങിയ സബ് കലക്ടറെ മണല്‍ മാഫിയ അക്രമിച്ചു. അക്രമികളെ തടയാന്‍ചെന്ന ഗണ്‍മാന് പരിക്കേറ്റു. പുലര്‍ച്ചെ രണ്ട് മണിക്ക് അജാനൂര്‍ ഇട്ടമ്മലില്‍ വെച്ചാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സബ് കലക്ടര്‍ അരുണ്‍ കെ. വിജയന്റെ വാഹനമാണ് ഒരു സംഘം തടഞ്ഞിട്ടത്. സബ് കലക്ടറുടെ വാഹനത്തിന് നേരെ പാഞ്ഞടുത്ത സംഘത്തെ തടയാന്‍ ശ്രമിക്കുമ്പോഴാണ് ഗണ്‍മാന്‍ സാരംഗിന് പരിക്കേറ്റത്.
അതിഞ്ഞാലില്‍ സബ്കലക്ടറുടെ വാഹനം പിറകില്‍ കണ്ട യുവാക്കള്‍ തങ്ങളെ പിന്തുടരുകയാണെന്ന് തെറ്റിദ്ധരിച്ച് തെറിയഭിഷേകം നടത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്നു യുവാക്കളെന്ന് പൊലീസ് പറഞ്ഞു. വാഹനം ഇട്ടമ്മല്‍ ഭാഗത്തെത്തിയപ്പോഴാണ് സബ് കലക്ടര്‍ക്ക് നേരെ തിരിഞ്ഞത്. വാഹനങ്ങള്‍ നിര്‍ത്തിയിട്ട് റോഡില്‍ സംഘടിച്ചവരാണ് അക്രമിച്ചത്. വാഹനങ്ങള്‍ സബ് കലക്ടറുടെ വാഹനത്തിന് കുറുകെയിടുകയും ചെയ്തു.
അക്രമികളെ പ്രതിരോധിക്കുന്നതിനിടയില്‍ ഹൊസ്ദുര്‍ഗ് സ്റ്റേഷനിലേക്ക് വിളിച്ച് സംഭവ സ്ഥലത്തേക്ക് കൂടുതല്‍ പൊലീസിനെ വരുത്തുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസാണ് രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്തത്. ഒരു റിട്ട. എസ്.ഐയുടെ മകനും എ.ആര്‍ ക്യാമ്പിലെ ഒരു എസ്.ഐയുടെ മകനുമാണ് കസ്റ്റഡിയിലുള്ളത്. കാഞ്ഞങ്ങാട് സൗത്ത് സ്വദേശികളാണിവര്‍. തീരദേശത്ത് മണലെടുപ്പ് വ്യാപകമായതിനാല്‍ റവന്യൂ അധികൃതര്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് സബ് കലക്ടര്‍ പുലര്‍ച്ചെ പട്രോളിംഗിനിറങ്ങിയത്.

Post a Comment
0 Comments