ഉദുമ (www.evisionnews.co): ഒരു മാസത്തിനകം പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടഉദുമയിലെ ഭാസ്‌ക്കര കുമ്പള ബസ് കാത്തിരിപ്പു കേന്ദ്രം പൊളിക്കാനെത്തിയ തഹസില്‍ദാരടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരെ മുന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു. ചൊവാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയും വന്‍ പൊലീസ് സന്നാഹവുമായി എത്തിയ റവന്യൂ ഉദ്യോഗസ്ഥരെയാണ് സിപിഎമ്മുകാര്‍ തടഞ്ഞത്. ഇതേ തുടര്‍ന്ന് തഹസില്‍ദാരടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരും വന്‍ പോലീസ് സന്നാഹവും സന്ധ്യയോടെ മടങ്ങിപ്പോയി.
സി.പി.എമ്മിന്റെ സമ്മര്‍ദത്തിന് വഴങ്ങി ഹൈക്കോടതി അനുവദിച്ച സമയ പരിധി അവസാനിക്കുന്ന ബുധനാഴ്ച വൈകിട്ട് സംസ്ഥാന അറ്റോര്‍ണി ജനറല്‍ കെ.വി സോഹന്റെ ഓഫീസില്‍ നിന്നും ലഭിച്ച കത്തിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ നടപടി നിര്‍ത്തിവെച്ചു. ഡി.വൈ.എഫ്.ഐ ഉദുമ ബ്ലോക്ക് സെക്രട്ടറി എ.വി ശിവപ്രസാദ് ഹൈക്കോടതിയില്‍ അഡ്വ: കാര്‍ത്തിക്ക് ഭാവദാസ് മുഖേന സമര്‍പ്പിച്ച റിവ്യൂ ഹര്‍ജിയിലെ വാദം കേട്ട ശേഷം നേരത്തെ ലഭിച്ച ഉത്തരവ് നടപ്പാക്കിയാല്‍ മതിയെന്ന് അറ്റോര്‍ണി ജനറല്‍ കളക്ടര്‍ക്ക് ബുധനാഴ്ച വൈകിട്ട് കത്ത് നല്‍കുകയായിരുന്നു.
കാസര്‍കോട്- കാഞ്ഞങ്ങാട് കെ.എസ്.ടി.പി സംസ്ഥാന ഹൈവേയില്‍ ഉദുമ ടൗണിലുള്ള ഭാസ്‌ക്കര കുമ്പളബസ് കാത്തിരിപ്പു കേന്ദ്രമാണ് വിവാദമയിരിക്കുന്നത്. റെയില്‍വെ ഗേറ്റിന് പടിഞ്ഞാറ് ഭാഗത്ത് ഡി.വൈ.എഫ്.ഐ ആണ് ഇത് നിര്‍മിച്ചത്. കെ.എസ്.ടി.പി റോഡ് വികസിപ്പിക്കുമ്പോള്‍ ഈ ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചു മാറ്റാതെ നിലനിര്‍ത്തിയിരുന്നു.
റെയില്‍വേ ഗേറ്റിന് നേരെ എതിര്‍വശത്തുള്ള കാത്തിരിപ്പു കേന്ദ്രം കൂടുതല്‍ അപകടങ്ങള്‍ക്കിടയാക്കുന്നുവെന്ന ആക്ഷേപം അവഗണിക്കുകയും ബാഹ്യസമ്മര്‍ദവും മൂലമാണ് ബസ് കാത്തിരിപ്പു കേന്ദ്രം കെ.എസ്.ടി.പി. പൊളിക്കാതിരുന്നതെന്ന് പരാതിയുമായി യൂത്ത് ലീഗിന് വേണ്ടി ടി.കെ മുഹമ്മദ് ഹസീബ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്റെ വിധിയുണ്ടായത്. ഉത്തരവിന്റെ ശരിപകര്‍പ്പുകിട്ടി ഒരു മാസത്തിനുള്ളില്‍ വിധി നടപ്പിലാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിടരുന്നു. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, ഉദുമ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, കെ.എസ്.ടി.പി ചീഫ് എഞ്ചിനീയര്‍, ജില്ലാ കലക്ടര്‍ എന്നിവരായിരുന്നു എതിര്‍ കക്ഷികള്‍.

Post a Comment
0 Comments