ദുബൈ (www.evisionnews.co): കോഴിക്കോട് ഡി.സി.സി അധ്യക്ഷന്‍ ടി. സിദ്ധിഖിനും കുടുംബത്തിനും എതിരെ അപവാദ പ്രചാരണം നടത്തിയെന്നാരോപിച്ച് സിദ്ധിഖിന്റെ ഭാര്യ ഷറഫുന്നീസ ദുബൈ പൊലീസില്‍ പരാതി നല്‍കി. തന്നെയും കുടുംബത്തെയും സമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്നാണ് പരാതി. പരാതിയില്‍ ദുബൈ പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ദുബൈയില്‍ വിവിധ പരിപാടികള്‍ക്കായി എത്തിയ സിദ്ധിഖും കുടുംബവും നടത്തിയ ഡെസര്‍ട്ട് സഫാരിക്കിടെ സിദ്ധിഖ് മദ്യപിച്ചുവെന്നായിരുന്നു പ്രചരണം. സവാരിക്കിടെ എടുത്ത വിഡിയോകളും ചിത്രങ്ങളും ഉപയോഗിച്ച് പ്രചാരണം നടത്തിയതില്‍ യു.എ.ഇയിലെ ചിലരും ഇവരുടെ സൈബര്‍ വിഭാഗങ്ങളും പരസ്യമായി വ്യക്തിഹത്യ നടത്തിയെന്ന് പരാതിയില്‍ പറയുന്നു. ഈ അക്കൗണ്ടുടമകളുടെ പേരും പരാതിയിലുണ്ട്.
പ്രചാരണം ശക്തമായതോടെ ടി. സിദ്ധിഖ് തന്നെ മറുപടിയുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ 20നാണ് താന്‍ ദുബൈലെത്തുന്നത്. കോഴിക്കോട് ജില്ലാ ഇന്‍കാസ് കമ്മറ്റിയുടേത് ഉള്‍പ്പെടെ നിരവധി പരിപാടികളില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് സന്ദര്‍ശനം നടത്തിയത്. മദ്യപിക്കില്ലെന്നുള്ളത് ജീവിതനിഷ്ഠയാണ്. ദുഷ്പ്രചാരണത്തിനെതിരെ പരാതി നല്‍കുമെന്നുമായിരുന്നു സിദ്ധിഖിന്റെ മറുപടി.

Post a Comment
0 Comments