കാസര്‍കോട് (www.evisionnews.co): അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മത്സരിക്കാന്‍ തയാറല്ലെന്ന ഉറച്ച നിലപാടില്‍ ബി.ജെ.പിയിലെ മുന്‍നിര നേതാക്കള്‍. ഇതോടെ സംസ്ഥാന ഭാരവാഹികളുടെ അടിയന്തര യോഗം ഇന്ന് കൊച്ചിയില്‍ ചേരും. ആദ്യം കോര്‍ കമ്മിറ്റി യോഗവും പിന്നീട് ഭാരവാഹി യോഗവും നടക്കും.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവെച്ച മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ്, കോന്നി മണ്ഡലങ്ങളില്‍ മത്സരിക്കാനില്ലെന്ന പ്രമുഖനേതാക്കളുടെ നിലപാട് ജയസാധ്യത കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍. ഉപതിരഞ്ഞെടുപ്പുകളില്‍ വോട്ട് കുറഞ്ഞ ചരിത്രമുള്ളതുകൊണ്ടാണ് നേതാക്കള്‍ പിന്മാറുന്നതെന്ന് വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.
മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലും പാര്‍ട്ടി വിജയ സാധ്യത കാണുന്നുണ്ട്. എന്നാല്‍ ഇവിടങ്ങളില്‍ മത്സരിക്കാന്‍ മുന്‍നിര നേതാക്കളാരും ഇതുവരെ തയ്യാറായിട്ടില്ല. മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍ വീണ്ടും മത്സരിക്കുന്നത് ഗുണംചെയ്യുമെന്ന് അഭിപ്രായമുള്ളവര്‍ ബി.ജെ.പി നേതൃത്വത്തിലുണ്ട്.
വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കണമെന്ന് സംസ്ഥാന കമ്മിറ്റിയിലെ ഒരു വിഭാഗവും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങാതെ മത്സരിക്കാന്‍ ഇല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കുമ്മനം.
കുമ്മനം രാജശേഖരന്‍ മത്സരിക്കുന്നില്ലെങ്കില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശിന്റെ പേരിനാണ് മുന്‍തൂക്കം. എന്നാല്‍ രമേശിനെ പരിഗണിക്കുന്നതില്‍ മുരളീധരപക്ഷത്തിന് താല്‍പര്യമില്ല. കോന്നിയില്‍ കെ.സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് സാധ്യത. കോന്നിയില്‍ സുരേന്ദ്രന്‍ മത്സരിക്കണമെന്ന് ബി.ജെ.പി. പത്തനംതിട്ട ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. മത്സരിക്കാന്‍ താത്പര്യമില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞതോടെയാണ് മറ്റുപേരുകള്‍ ഉള്‍പ്പെടുത്തി പട്ടിക തയാറാക്കിയത്.

Post a Comment
0 Comments