Type Here to Get Search Results !

Bottom Ad

സബ് കലക്ടറെ അക്രമിച്ച സംഭവം: അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളെ നിസാരകുറ്റം ചുമത്തി വിട്ടയച്ചു

കാഞ്ഞങ്ങാട് (www.evisionnews.co): സബ് കലക്ടര്‍ അരുണ്‍ കെ. വിജയന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തെ അക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളെ നിസാരകുറ്റം ചുമത്തി വിട്ടയച്ചു. പുതുക്കൈയിലെ അഭിരാം (25), അഭിജിത്ത് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത്. 

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം. അനധികൃത മണല്‍ കടത്ത് സംബന്ധിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സബ് കലക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോസ്ഥര്‍ വാഹനത്തില്‍ പട്രോളിംഗ് നടത്തുന്നതിനിടെ കാറിലെത്തിയ അഭിരാമും അഭിജിത്തും അക്രമം നടത്തിയത്. എന്നാല്‍ പതിനേഴ് മണിക്കൂര്‍ കഴിഞ്ഞാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിസാര വകുപ്പ് ചേര്‍ത്താണ് ഹൊസ്ദുര്‍ഗ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. 

സബ് കലക്ടര്‍ അടക്കം ജുഡീഷ്യല്‍ അധികാരമുള്ള ഉദ്യോഗസ്ഥനെ അക്രമിച്ചിട്ടും പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി നിര്‍വഹണം തടസപ്പെടുത്തുകയും കലക്ടറുടെ ഗണ്‍മാനെ അക്രമിക്കുകയും ചെയ്തിട്ടും പൊലീസ് നിസാരമായ കുറ്റംചുമത്തി വിട്ടയച്ചത് വലിയ വിവാദത്തിനിടയാക്കിയിട്ടുണ്ട്. പ്രതികളിലൊരാള്‍ കാസര്‍കോട്ടെ ഒരു എസ്.ഐയുടെ മകനും മറ്റൊരാള്‍ റിട്ട. എസ്.ഐയുടെ മകനുമാണ്. പ്രതികളുടെ പിതാക്കള്‍ നേരിട്ടെത്തി സബ് കലക്ടറുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു. പ്രതികള്‍ക്ക് കനത്ത ശിക്ഷ നല്‍കണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്ന സബ് കലക്ടറുടെ മേല്‍ മുകളില്‍ നിന്നും ശക്തമായ സമര്‍ദമുണ്ടായതാണ് അദ്ദേഹം തണുത്ത നിലപാടെടുക്കാന്‍ കാരണമായതെന്നാണ് വിവരം. 

സബ് കലക്ടറെ അക്രമിച്ചത് പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളായതിനാലും ഇവര്‍ മണല്‍ മാഫിയയുമായി ബന്ധമുള്ളവരായതിനാലുമാണ് കേസെടുക്കാന്‍ പൊലീസ് ഇത്രയും വൈകിയതെന്ന ആക്ഷേപം ശക്തമാകുകയാണ്. റവന്യൂ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെ അക്രമിച്ച ഗുരുതരമായ സംഭവമായിട്ട് പോലും അര്‍ഹിക്കുന്ന ഗൗരവത്തോടെ കേസ് കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായുള്ള വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്.




Post a Comment

0 Comments

Top Post Ad

Below Post Ad