ദേശീയം (www.evisionnews.co): സാമ്പത്തിക മാന്ദ്യം പിടിമുറുക്കുന്നതിനിടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നുവെന്ന സൂചനകള്‍ നല്‍കി കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യക്ഷ നികുതി വരുമാനത്തില്‍ കനത്ത ഇടിവ്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍ സെപ്തംബര്‍ 15 വരെയുള്ള അഞ്ചര മാസക്കാലം കൊണ്ട് ഉണ്ടായ നികുതി വരുമാനം ആകെ പ്രതീക്ഷിക്കപ്പെടുന്ന വരുമാനത്തിന്റെ മൂന്നിലൊന്നു മാത്രമാണ്. ഇക്കാലയളവില്‍ ആദായ നികുതി ഉള്‍പ്പടെയുള്ള പ്രത്യക്ഷ നികുതി വരുമാനത്തിലെ വര്‍ധന അഞ്ചു ശതമാനമായി ചുരുങ്ങി. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 18 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ സ്ഥാനത്താണ് ഇത്.
നടപ്പ് സാമ്പത്തിക വര്‍ഷം ഈ ഇനത്തില്‍ ബജറ്റ് ലക്ഷ്യമിട്ടിരിക്കുന്നത് 17.3ശതമാനം വരുമാന വര്‍ധനയാണ്. ഇപ്പോഴത്തെ തോതില്‍ വരുമാനം ഗണ്യമായി ഇടിയുമെന്ന് വ്യക്തമാവുകയാണ്. ബജറ്റ് ലക്ഷ്യം നേടണമെങ്കില്‍ ഇനിയുള്ള ആറ് മാസം 27 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ കഴിയണം. ഇന്നത്തെ സാമ്പത്തിക സാഹചര്യത്തില്‍ ഇത് അപ്രാപ്യമാണ്. ഇതോടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജിഎസ്ടി നിരക്കുകളില്‍ ഇളവ് വേണമെന്ന ആവശ്യവും സര്‍ക്കാരിനു നടപ്പാക്കാന്‍ കഴിയാതെ പോകുന്ന സ്ഥിതി ഉണ്ടായേക്കാം.
ഏപ്രില്‍ ഒന്നു മുതല്‍ സെപ്തംബര്‍ 15 വരെയുള്ള നികുതി വരുമാനം അഞ്ചു ശതമാനം മാത്രം വര്‍ധിച്ച് 4.4 ലക്ഷം കോടി രൂപയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതായത്, ബജറ്റില്‍ നിര്‍ദേശിച്ചിരിക്കുന്ന നികുതി വരുമാനമായ 13.35ലക്ഷം കോടി രൂപ നേടണമെങ്കില്‍ അടുത്ത ആറര മാസം കൊണ്ട് ഇതുവരെ ലഭിച്ചിട്ടുള്ള തുകയുടെ രണ്ടിരട്ടിയിലധികം നേടണമെന്നാണ് കണക്കുകള്‍ പറയുന്നത്.

Post a Comment
0 Comments