കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യു.ഡി.എഫ്, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന്‍ രാവിലെ 11മണിക്ക് വരണാധികാരിയായ മഞ്ചേശ്വരം ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ എന്‍. സുരേന്ദ്രന്റെ ഓഫീസില്‍ പത്രിക സമര്‍പ്പിക്കും.
രാവിലെ പത്തുമണിക്ക് മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ആസ്ഥാനമായ ഉപ്പള സി.എച്ച് സൗധത്തില്‍ നിന്നും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം പത്രിക സമര്‍പ്പണത്തിന് പുറപ്പെടുമെന്ന് മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ ടി.എ മൂസ, കണ്‍വീനര്‍ മഞ്ജുനാഥ ആള്‍വ എന്നിവര്‍ അറിയിച്ചു. ഖമറുദ്ദീന് കെട്ടിവെക്കാനുള്ള സംഖ്യ റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയാണ് നല്‍കുന്നത്. കഴിഞ്ഞ ദിവസം നോര്‍ത്ത് ചിത്താരിയില്‍ നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ തുക എം.സി ഖമറുദ്ദീനെ ഏല്‍പ്പിച്ചു.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. ശങ്കര്‍റൈയും നാളെ തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ പതിനൊന്നര മണിയോടെ നേതാക്കള്‍ക്കൊപ്പമെത്തിയാണ് പത്രിക സമര്‍പ്പിക്കുക.
അതേസമയം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള തിയതി തിങ്കളാഴ്ച അവസാനിക്കാനിരിക്കെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാവാതെ നേതൃത്വം ആപ്പിലായിരിക്കുകയാണ്. പ്രാദേശികനെ തന്നെ നിര്‍ത്തണമെന്ന മണ്ഡലത്തില്‍ നിന്നുള്ള ആവശ്യമാണ് ബി.ജെ.പിയെ ഇത്തരത്തില്‍ പ്രതിസന്ധിയിലാക്കിയത്. ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത്, കെ. രവീശ തന്ത്രി, മണ്ഡലം പ്രസിഡന്റ് കെ. സതീശ്ചന്ദ്ര ഭണ്ഡാരി എന്നിവരുടെ പേരുകള്‍ നേരത്തെ തന്നെ ഉയര്‍ന്നുകേട്ടിരുന്നു. അതിനിടെ കോണ്‍ഗ്രസ് നേതാവ് ബി. സുബയ്യറൈയെ സ്ഥാനാത്ഥിയാക്കാന്‍ ബിജെപി നീക്കം നടത്തിയെങ്കിലും നടന്നില്ല. നേരത്തെ മണ്ഡലത്തില്‍ മത്സരിച്ചിരുന്ന കെ. സുരേന്ദ്രന്‍ ഇനി മഞ്ചേശ്വരത്തേക്കില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു.

Post a Comment
0 Comments