Type Here to Get Search Results !

Bottom Ad

യു.എസില്‍ നീതിയുടെ കാവലാളായി കാസര്‍കോട് ജില്ലക്കാരിയായ യുവതി


കാസര്‍കോട് (www.evisionnews.co): യു.എസിലെ ടെക്‌സസ് സംസ്ഥാനത്തെ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി മൂന്നാംനമ്പര്‍ കോടതി ജഡ്ജിയായി ജനുവരിയില്‍ ചുമതലയേറ്റ ജൂലി മാത്യു എന്ന യുവ അറ്റോര്‍ണി അവിടുത്തെ മലയാളികളുടെ അഭിമാനമാണ്. വെളുത്ത വംശജരുടെ കുത്തകയായിരുന്ന പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഏഷ്യന്‍ വംശജ. യു.എസ്. രാഷ്ട്രീയത്തിലെ പുതിയ താരോദയം.

കാഞ്ഞങ്ങാടിന്റെ കിഴക്ക് പരപ്പ പ്ലാച്ചിക്കരയിലെ നടുവിലയില്‍ ജിമ്മി മാത്യുവിന്റെ ഭാര്യയാണ്. 'ദൈവാനുഗ്രഹം, അല്ലാതെന്തു പറയാന്‍' സ്ഥാനലബ്ധിയെക്കുറിച്ച് ജൂലി പറഞ്ഞു. തിരുവല്ല വെണ്ണിക്കുളത്തെ തോമസ് ഡാനിയലിന്റെയും സൂസമ്മയുടെയും മകളായ ജൂലി 1980-ലാണ് കുടുംബത്തോടൊപ്പം ഫിലഡല്‍ഫിയയിലെത്തിയത്. 2002-ല്‍ ഷുഗര്‍ലന്‍ഡിലെ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയിലേക്ക് താമസം മാറ്റി. സ്ഥിരമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ ജയിച്ചുവരുന്ന സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് ജൂലി മത്സരിച്ചത്. 2019 ജനുവരി 29 മുതല്‍ മുതല്‍ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ വ്യവഹാരങ്ങള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കുന്നത് ജൂലിയാണ്. ഹൂസ്റ്റണിലെ സാമൂഹിക സാംസ്‌കാരിക വേദികളിലെ സജീവ സാന്നിധ്യം കൂടിയാണ് ജൂലി.

ഫിലഡല്‍ഫിയയില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജൂലി പെന്‍ സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടി. വൈഡ്‌നര്‍ ഡെലവറിലെ ലോ സ്‌കൂളില്‍നിന്ന് നിയമപഠനം പൂര്‍ത്തിയാക്കി. അമേരിക്കയിലെ പ്രശസ്തമായ സ്വിക്കര്‍ ആന്‍ഡ് അസോസിയേഷന്‍ എന്ന നിയമസ്ഥാപനത്തില്‍ മൂന്നരവര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ജൂലി സിവില്‍-ക്രിമിനല്‍ കൈകാര്യം ചെയ്തിരുന്നു. ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ ഇന്റീരിയര്‍ ഡിസൈനിങ് കമ്പനി നടത്തുകയാണ് ഭര്‍ത്താവ് ജിമ്മി മാത്യു. എട്ടാം ക്ലാസുകാരി അലീന, മൂന്നു വയസ്സുകാരി ഇവ, രണ്ടു വയസ്സുകാരി സോഫിയ എന്നിവര്‍ മക്കളാണ്.

അവിടെ വെളുത്ത വംശജര്‍ 36 ശതമാനം, ഏഷ്യന്‍ വംശജര്‍ 20 ശതമാനം, കറുത്തവര്‍ഗക്കാര്‍ 20 ശതമാനം. ബാക്കിയുള്ളവര്‍ സ്പാനിഷ് വംശജരും മറ്റ് ന്യൂനപക്ഷക്കാരും. ഈ കോടതിയുടെ ചരിത്രത്തില്‍ വെളുത്ത വംശക്കാരനല്ലാത്ത ഒരു ജഡ്ജിയും ഇതുവരെ ഉണ്ടായിട്ടില്ല. 36 ശതമാനം വരുന്ന വെളുത്ത വംശജരുടെ പ്രതിനിധിയായി വരുന്നവര്‍ ന്യൂനപക്ഷക്കാര്‍ക്ക് വേണ്ടത്ര നീതി ചെയ്യുന്നില്ലെന്ന തിരിച്ചറിവാണ് 15 വര്‍ഷമായി അവിടെ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്ന എന്നെ അറ്റോര്‍ണിയായി മത്സരിക്കാന്‍ പ്രേരിപ്പിച്ചത്.

ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം രാജ്യം നേരിടുന്ന ന്യൂനപക്ഷപീഡനവും അസമത്വവുമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ വെറുക്കാന്‍ കാരണമായത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ന്യൂനപക്ഷങ്ങള്‍ക്കു നീതി നല്‍കുകയില്ലെന്ന തിരിച്ചറിവാണ് ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയാവാന്‍ കാരണം. ഇന്ത്യക്കാരുടെ പ്രത്യേകിച്ച് മലയാളികളുടെ ശക്തമായ പിന്തുണയുണ്ടായിരുന്നു. ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിച്ചതുകൊണ്ടാണ് എനിക്ക് വിജയിക്കാനായത്. എനിക്ക് 54.25 ശതമാനം വോട്ട്. എതിരാളിയായ ട്രിക്ക്യാ കരീനയ്ക്ക് കിട്ടിയത് 45.75 ശതമാനം.

Post a Comment

0 Comments

Top Post Ad

Below Post Ad