കേരളം (www.evisionnews.co): പാലായില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന്റെ തോല്‍വിക്ക് പ്രധാനകാരണം പക്വതയില്ലായ്മയെന്ന് പി.ജെ ജോസഫ്. രണ്ടില ചിഹ്നം ഇല്ലാത്തതും തോല്‍വിക്ക് കാരണമെന്ന് പി.ജെ ജോസഫ് പറഞ്ഞു. മാണി സ്വീകരിച്ച കീഴ്വഴക്കങ്ങള്‍ ജോസ് ലംഘിച്ചെന്നും ജോസഫ് കുറ്റപ്പെടുത്തി. പാലായില്‍ രണ്ടു കൂട്ടരും പ്രശ്നം ഉണ്ടാക്കിയെന്ന പ്രസ്താവനകള്‍ ശരിയല്ലെന്നും പ്രശ്നമുണ്ടാക്കിയത് ആരെന്ന് യു.ഡി.എഫ് പരിശോധിക്കണമെന്നും ജോസഫ് പറഞ്ഞു. പാര്‍ട്ടി ഭരണഘടന അംഗീകരിക്കാന്‍ ഒരു കൂട്ടര്‍ തയാറായില്ല. തന്നെ കൂവിയതിനെ കുറിച്ച് ആരും ഖേദം പ്രകടിപ്പിച്ചില്ല. തെറ്റു തിരുത്തി മുന്നോട്ടുപോകാന്‍ തയാറെന്നും പി.ജെ ജോസഫ് കൂട്ടിച്ചേര്‍ത്തു.
കെ.എം മാണി 54വര്‍ഷമായി പ്രതിനിധീകരിച്ച പാലാ മണ്ഡലത്തില്‍ വിജയം അനിവാര്യമാണെന്ന് കരുതി. എന്നാല്‍ എന്തുകൊണ്ട് അത് സാധിച്ചില്ലെന്ന് യു.ഡി.എഫ് ഗൗരവകരമായി പഠിക്കുകയും ചിന്തിക്കുകയും ചെയ്യണം. കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ മാണി സാറിന്റെ മരണത്തെ തുടര്‍ന്നുള്ള സ്ഥാന ചര്‍ച്ചകള്‍ വിജയിക്കാതെ വന്നപ്പോള്‍ പല മധ്യസ്ഥന്‍മാരും ഇടപെട്ടു. കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭരണഘടനയിലുള്ള ചില കാര്യങ്ങള്‍ പ്രധാനമായും ചെയര്‍മാനും വര്‍ക്കിങ് ചെയര്‍മാനും എന്നുള്ള പാരഗ്രാഫ് അംഗീകരിക്കാന്‍ ഒരു കൂട്ടര്‍ തയാറാകാത്തതാണ് പ്രശ്നങ്ങള്‍ രൂക്ഷമാക്കിയത്.
ചെയര്‍മാന്റെ അഭാവത്തില്‍ വര്‍ക്കിംഗ് ചെയര്‍മാനിലാണ് അധികാരങ്ങള്‍ നിക്ഷിപ്തം എന്നാണ് പാര്‍ട്ടി ഭരണഘടനയിലുള്ളത്. അതായത് കെ എം മാണിയുടെ അഭാവത്തില്‍ വര്‍ക്കിംഗ് ചെയര്‍മാനാണ് അധികാരമെന്നുള്ളത് അംഗീകരിക്കാന്‍ ജോസ് കെ. മാണി തയാറാകാത്തതാണ് അടിസ്ഥാന പ്രശ്നം. കെ.എം മാണി സ്വീകരിച്ച കീഴ്വഴക്കങ്ങള്‍ ജോസ് കെ. മാണി ലംഘിച്ചെന്നും പി.ജെ ജോസഫ് പറഞ്ഞു.

Post a Comment
0 Comments