കേരളം (www.evisionnews.co): എറണാകുളത്തെ മുത്തൂറ്റ് ഹെഡ് ഓഫീസിന് മുന്നില്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഉപരോധ സമരത്തിനെതിരെ പ്രതിഷേധ സമരവുമായി മുത്തൂറ്റിലെ ജീവനക്കാര്‍. ജോലി ചെയ്യാന്‍ സമരക്കാര്‍ ജീവനക്കാരെ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്സാണ്ടര്‍ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.
സമരം സ്ഥാപനത്തെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് ജോര്‍ജ് അലക്സാണ്ടര്‍ പറഞ്ഞു. കേരളത്തിലാകെ മുത്തൂറ്റിന് 46000ഓളം ബ്രാഞ്ചുകളുണ്ട്. എറണാകുളത്തെ ഹെഡ് ഓഫീസില്‍ മാത്രം 350 ജോലിക്കാര്‍ ജോലി ചെയ്യുന്നുണ്ട്. രാവിലെ ഒമ്പത് മണിയോടെ ജോലിക്കാര്‍ ഓഫീസില്‍ എത്തിയിരുന്നു. ജോലി ചെയ്യാന്‍ തയ്യാറായി വന്നവരാണ് മുഴുവനാളുകളും. എന്നാല്‍, സിഐടിയു പ്രവര്‍ത്തകര്‍ ജീവനക്കാരെ തടഞ്ഞുവയ്ക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇത് തുടരുകയാണെന്നും എംഡി ജോര്‍ജ് അലക്സാണ്ടര്‍ വ്യക്തമാക്കി.
സമരവേദിയില്‍ നിന്ന് പിരിഞ്ഞു പോകണമെന്ന പൊലീസ് നിര്‍ദേശം ഇരു വിഭാഗവും തള്ളുകയായിരുന്നു. പൊലീസ് നിര്‍ദ്ദേശം ചെവികൊള്ളാതെ ഓഫീസിന് മുന്നില്‍ സമരാനുകൂലികളും സമരത്തെ എതിര്‍ക്കുന്നവരും രണ്ട് ഭാഗങ്ങളിലായി സമരം ചെയ്യുകയാണ്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പൊലീസ് സംരക്ഷണം ഒരുക്കിയിട്ടുണ്ട്.

Post a Comment
0 Comments