Type Here to Get Search Results !

Bottom Ad

പട്ടാപ്പകല്‍ മാതാവിനെ കുത്തിക്കൊന്ന കേസില്‍ മകന്‍ കുറ്റക്കാരന്‍: ശിക്ഷാവിധി നാളെ

കാസര്‍കോട് (www.evisionnews.co): പട്ടാപ്പകല്‍ മാതാവിനെ കുത്തിക്കൊന്ന മകനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും. ചൗക്കി ആസാദ് നഗറിലെ കുഞ്ഞിരാമന്റെ ഭാര്യ പത്മാവതി (60)യെ കൊലപ്പെടുത്തിയ കേസിലാണ് മകന്‍ അനില്‍കുമാര്‍(38) കുറ്റക്കാരനെന്ന് കാസര്‍കോട് ജില്ലാ അഡീ. സെഷന്‍സ് (മൂന്ന്) ജഡ്ജ് പി.കെ നിര്‍മല കണ്ടെത്തിയത്. 

2015 മെയ് 18ന് കുമ്പള ബസ് സ്റ്റാന്‍ഡിനടുത്ത് നടപ്പാതയില്‍ വെച്ചാണ് പത്മാവതിയെ മകന്‍ അനില്‍കുമാര്‍ കുത്തിക്കൊന്നത്. ഉച്ചയ്ക്ക് 12.30 മണിയോടെ പിറകിലൂടെയെത്തിയ മകന്റെ കുത്തേറ്റ് വീണ പത്മാവതിയെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് വൈകിട്ട് 3.30 മണിയോടെയായിരുന്നു മരിച്ചത്.

പത്മാവതിയുടെ ഭര്‍ത്താവ് സംഭവത്തിന് ഏഴുമാസം മുമ്പ് മരിച്ചിരുന്നു. ഇവര്‍ക്ക് രണ്ട് മക്കളാണുള്ളത്. അനിതയും അനില്‍കുമാറും. സ്വത്തില്‍ ഒരു ഭാഗം വിറ്റ് പണം അനിതയ്ക്ക് കൊടുത്തുവെന്നാരോപിച്ച് ബാക്കിയുള്ള സ്വത്തില്‍ അവകാശം വേണമെന്ന് ആവശ്യപ്പെട്ട് അനില്‍ പ്രശ്നമുണ്ടാക്കിയിരുന്നു. ഒടുവില്‍ കേസ് പോലീസ് സ്റ്റേഷനിലെത്തി. അവിടെ വെച്ച് ഒത്തുതീര്‍പ്പാവാത്തതിനാല്‍ പോലീസ് കേസ് കൈവിട്ടു. തിരിച്ച് ബദിയടുക്കയിലുള്ള മകളുടെ വീട്ടിലേക്ക് പോകാനായി പത്മാവതിയും മകള്‍ അനിതയും അനിതയുടെ ഭര്‍ത്താവ് രാമചന്ദ്രനും കുമ്പളയില്‍ എത്തി നടപ്പാതയിലൂടെ നടന്ന് പോകുമ്പോള്‍ പിന്നിലൂടെ വന്ന അനില്‍ അമ്മയെ കത്തികൊണ്ട് കുത്തിയെ്‌നാണ് കേസ്.

കേസില്‍ അഞ്ചു ദൃക്സാക്ഷികളടക്കം 23സാക്ഷികളെ വിസ്തരിച്ചു. സാക്ഷികളാരും കൂറുമാറിയില്ല. കേസിന്റെ അന്വേഷണം കുമ്പള സി.ഐ ആയിരുന്ന സുരേഷ് ബാബുവിനായിരുന്നു. പ്രോസിക്യൂഷനുവേണ്ടി കെ. ബാലകൃഷ്ണനും പ്രതിക്ക് വേണ്ടി പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ ഐ വി പ്രമോദുമാണ് ഹാജരായത്. 

Post a Comment

0 Comments

Top Post Ad

Below Post Ad