കാസര്‍കോട് (www.evisionnews.co): സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതോടെ മണ്ഡലത്തില്‍ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തമായിക്കഴിഞ്ഞു. വലിയ ആത്മവിശ്വാസത്തോടെയാണ് എം.സി ഖമറുദ്ദീന്‍ ചെര്‍ക്കളത്തിന്റെയും പിബി അബ്ദുല്‍ റസാഖിന്റെയും ഓര്‍മകള്‍ തുടിക്കുന്ന മണ്ണില്‍ പോരിനിറങ്ങുന്നത്. മഞ്ചേശ്വരം മണ്ഡലത്തില്‍ പ്രചാരണ പരിപാടികള്‍ ഏകോപിപ്പിക്കുന്നതിന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടിയെയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് എന്നിവര്‍ക്ക് ചുമതല നല്‍കി. മണ്ഡലം നിലനിര്‍ത്തുന്നതിനൊടൊപ്പം വലിയ ഭൂരിപക്ഷം നേടിയെടുക്കുക എന്നതാണ് യു.ഡി.എഫ് മഞ്ചേശ്വരത്ത് ലക്ഷ്യമിടുന്നത്.
എം.എസ്.എഫിലൂടെ കാസര്‍കോടിന്റെ സാമൂഹിക രംഗത്ത് നിറസാന്നിധ്യമായ എം.സി ഖമറുദ്ദീന്‍ നിലവില്‍ യു.ഡി.എഫ് കാസര്‍കോട് ജില്ലാ ചെയര്‍മാനും ജില്ലാ മുസ്്‌ലിം ലീഗ് പ്രസിഡന്റുമാണ്. നേരത്തെ ചെര്‍ക്കളം അബ്ദുള്ള പ്രസിഡന്റായിരുന്ന മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയില്‍ ഏറെ കാലം ജനറല്‍ സെക്രട്ടറിയായിരുന്നു. കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് ഖാദി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്നു.
അവിഭക്ത കണ്ണൂര്‍ ജില്ലയില്‍ എം.എസ്.എഫിനെ ശക്തിപ്പെടുത്തുകയും കണ്ണൂര്‍ ജില്ലാ എം.എസ്.എഫിന്റെയും പിന്നീട് കാസര്‍കോട് ജില്ല രൂപീകരിച്ചപ്പോള്‍ യൂത്ത് ലീഗിന്റെ പ്രസിഡന്റ് ആയി. സ്വന്തം നാടായ പടന്നയിലെ മഹാഭൂരിപക്ഷവും വി.കെ.പി ഖാലിദ് ഹാജിയുടെ കൂടെ അഖിലേന്ത്യ ലീഗില്‍ നിന്നപ്പോള്‍ ഒറ്റയ്ക്ക് യൂണിയന്‍ ലീഗിന് വേണ്ടി കഷ്ടപ്പെട്ട ആളാണ് എം.സി. അന്ന് വടക്കേ മലബാറില്‍ യൂണിയന്‍ ലീഗിന്റെ പ്രസംഗ രംഗത്ത് ഒന്ന് കാഞ്ഞങ്ങാട് നിന്നും പി. മുഹമ്മദ് കുഞ്ഞി മാസ്റ്ററും കോഴിക്കോട് നിന്ന് ജാഫര്‍ അത്തോളിയും പിന്നെ ഇവിടെ ഖമറുദീനുമായിരുന്നു ഉണ്ടായിരുന്നത്. വര്‍ഷങ്ങളോളം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി, ഇപ്പോള്‍ പ്രസിഡന്റ്. സ്വന്തം വീട്ടില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള കാസര്‍കോട് ജില്ലാ ലീഗ് ഓഫീസിലേക്ക് മുടങ്ങാതെയുള്ള യാത്ര. ഇതിനു ചിലവ് സ്വന്തം കീശയില്‍ നിന്ന്. ദിവസേന നല്ലൊരു തുക ഇതിനു വേണം. ലോക് സഭയില്‍ ലക്ഷക്കണക്കിന് വോട്ടിന് ഇടതുപക്ഷം ജയിക്കുന്ന കാസര്‍കോട് മണ്ഡലത്തില്‍ ഖമറുദീന്‍ ചെയര്‍മാനായ ആദ്യസമയത്ത് നിസാരവോട്ടിനാണ് ടി.സിദ്ധീഖ് പരാജയപ്പെട്ടത്. രണ്ടാം തവണ ഖമറുദീന്‍ ചെയര്‍മാനായപ്പോള്‍ വലിയ ഭൂരിപക്ഷത്തിന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിജയിക്കുകയും ചെയ്തു.

Post a Comment
0 Comments