Type Here to Get Search Results !

Bottom Ad

ഓര്‍മയായത് പണ്ഡിതനിരയിലെ സൗമ്യതയുടെ പ്രതിരൂപം

കാസര്‍കോട് (www.evisionnews.co): സുന്നി വൈജ്ഞാനിക മേഖലയിലെ ശ്രദ്ധേയമായ നേതൃത്വമായിരുന്നു കഴിഞ്ഞ ദിവസം വിടപറഞ്ഞ എം.എ.ഖാസിം മുസ്ലിയാര്‍. സമസ്ത ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയും സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറിയും കേന്ദ്ര മുശാവറ അംഗവുമായിരുന്ന കാസര്‍കോട്ടുകാരുടെ ഖാസിം ഉസ്താദിന്റെ വിയോഗത്തോടെ നഷ്ടമായത് പണ്ഡിതനിരയിലെ സൗമ്യ സാന്നിധ്യമാണ്. 

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ തണലില്‍ മതവൈജ്ഞാനീയങ്ങളുടെ വ്യാപനം എന്ന അതുല്യ ദൗത്യമായിരുന്നു അദ്ദേഹം നിര്‍വഹിച്ചത്. ഒരുപാട് ശിഷ്യ ഗണങ്ങളെ വളര്‍ത്തിയെടുത്ത അദ്ദേഹം പ്രഗത്ഭനായ വാഗ്മി കൂടിയായിരുന്നു. സ്വപിതാവ് അബ്ദുല്‍ റഹിമാന്‍ മുസ്ലിയാരില്‍ നിന്നും ബാലപാഠം നുകര്‍ന്ന ഖാസിം മുസ്ലിയാര്‍ അതിവേഗം പാണ്ഡിത്യത്തിന്റെ നിറകുടമാകുകയായിരുന്നു. സ്ഥാനങ്ങള്‍ തന്നെ തേടിയെത്തിയപ്പോഴും തലക്കനമില്ലാതെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മുന്നില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു അദ്ദേഹം. വിനയവും പുഞ്ചിരിയും ലാളിത്യവും അളന്നുമുറിച്ചുള്ള സംസാരവും ഖാസിം ഉസ്താദിനെ വ്യത്യസ്തനാക്കി. 

കാസര്‍കോട് തായലങ്ങാടി ജുമാമസ്ജിദില്‍ ദീര്‍ഘ കാലം മുദരിസും ഖത്തീബുമായി സേവനം അനുഷ്ടിച്ചിരുന്ന അദ്ദേഹം അക്കാലത്ത് മസ്ജിദില്‍ നടത്തിയിരുന്ന റമസാന്‍ ക്ലാസ് വളരെ പ്രസിദ്ധമായിരുന്നു. ഉച്ചക്ക് ഒന്ന് മുതല്‍ വൈകിട്ട് 3.30വരെ നീണ്ടുനില്‍ക്കുന്ന ക്ലാസ് ശ്രവിക്കാന്‍ ദൂരദിക്കില്‍ നിന്നും വിശ്വാസികള്‍ ഒഴുകിയെത്തിയിരുന്നു. സ്വത്വസിദ്ധമായ ശൈലിയില്‍ വളരെ ലളിതമായി ആ അധരങ്ങളില്‍ നിന്നും ഉതിര്‍ന്നുവീഴുന്ന വിജ്ഞാനമുത്തുകള്‍ വിശ്വാസികളുടെ നെഞ്ചിലെ വിശ്വാസത്തെ തണുപ്പിച്ചിരുന്നു. മൊഗ്രാലിലെ പ്രമുഖ പണ്ഡിത കുടുംബത്തില്‍ 1951ല്‍ ജനിച്ച ഖാസിം മുസ്ലിയാര്‍ വിവിധ ദര്‍സുകളിലെ പഠനത്തിന് ശേഷം ദാറുല്‍ ഉലൂം ദയൂബന്ദില്‍ നിന്ന് 'അല്‍ ഖാസിമി' ബിരുദം നേടി. തുടര്‍ന്ന് പട്ടോരി, കുക്കാജെ, തോടാര്‍, ബംബ്രാണ, പുത്തൂര്‍,കുമ്പള, തായലങ്ങാടി, അസ്ഹരിയ്യ കോളജ് പയ്യന്നൂര്‍ എന്നീ സ്ഥലങ്ങളില്‍ അധ്യാപനം നടത്തിയിരുന്നു.

ഇന്നലെ രാവിലെ യു.എം അബ്ദുല്‍റഹ്്മാന്‍ മുസ്ലിയാര്‍ക്കും സംഘടനാ ബന്ധുക്കള്‍ക്കും നേതാക്കള്‍ക്കുമൊപ്പം ഉപ്പള മംഗല്‍പാടി അദീക്ക കടപ്പുറത്തെ ദുരിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. അതിന് ശേഷമാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുന്നതും മരണം സംഭവിക്കുന്നതും. മരണവാര്‍ത്ത കാട്ടുതീപോലെയാണ് നാടറിഞ്ഞത്. അറിഞ്ഞത് മുതല്‍ നൂറുകണക്കിനാളുകളാണ് വീട്ടിലും മയ്യിത്ത് പൊതുദര്‍ശനത്തിന് വെച്ച കോളജ് പരിസരത്തും എത്തിച്ചേര്‍ന്നത്. 

എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സി.ടി അഹമ്മദലി, എം.സി ഖമറുദ്ദീന്‍, എ. അബ്ദുല്‍ റഹിമാന്‍, കല്ലട്ര മാഹിന്‍ ഹാജി, മൂസാ ബി ചെര്‍ക്കള, അസീസ് മരിക്കെ, പി.എം മുനീര്‍ ഹാജി, യഹ്യ തളങ്കര, എ. ഹമീദ് ഹാജി, വണ്‍ ഫോര്‍ അബ്ദുല്‍ റഹിമാന്‍, സി.കെ.കെ മാണിയൂര്‍, അഡ്വ. എം.ടി.പി കരീം, എം.ഐ.സി ദുബൈ കമ്മിറ്റി, പ്രസിഡന്റ് സലാം ഹാജി, ജനറല്‍ സെക്രട്ടറി റഷീദ് ഹാജി കല്ലിങ്കാല്‍ തുടങ്ങി സമസ്തയുടെയും മുസ്്ലിം ലീഗിന്റെയും നേതാക്കള്‍ അനുശോചിച്ചു.






Post a Comment

0 Comments

Top Post Ad

Below Post Ad