Type Here to Get Search Results !

Bottom Ad

വീണ്ടും പോലീസിന്റെ കൊല്ലാക്കൊല: വാഹനമോഷ്ടാവായി ചിത്രീകരിച്ച് യുവാവിന്റെ നട്ടെല്ലൊടിച്ചു

തിരുവനന്തപുരം (www.evisionnews.co): ടെക്നോപാര്‍ക്ക് ജീവനക്കാരനായ യുവാവിനെ വാഹനമോഷ്ടാവായി ചിത്രീകരിച്ച് പോലീസിന്റെ കൊല്ലാക്കൊല. നെടുമങ്ങാട് പോലീസ് സ്റ്റേഷനിലാണു ഗരുഡന്‍തൂക്കം, ഉരുട്ടല്‍ തുടങ്ങി മര്‍ദനമുറകള്‍ ഒന്നൊന്നായി പുറത്തെടുത്തത്. നട്ടെല്ലില്‍ പൊട്ടലുണ്ടെന്നു കണ്ടെത്തിയതോടെ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോഷ്ടാവുമായി രൂപസാദൃശ്യമുണ്ടെങ്കിലും ആളുമാറിയെന്നാണ് പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. നെടുമങ്ങാട് പൂവത്തൂര്‍ വിജയവിലാസം വീട്ടില്‍ ബാബുവിന്റെ മകന്‍ സജിത് ബാബു (23)വാണ് പോലീസിന്റെ ഒടുങ്ങാത്ത ക്രൂരതയ്ക്ക് ഇരയായത്.

കഴിഞ്ഞ 15ന് ഉഴമലയ്ക്കല്‍ സ്വദേശിയുടെ ബൈക്ക് മോഷണം പോയിരുന്നു. മോഷ്ടാവ് ബൈക്കുമായി പോകുന്നതിന്റെയും ഹോട്ടലിന് മുന്നില്‍വന്ന് മുഖം കഴുകുന്നതിന്റെയും ദൃശ്യങ്ങള്‍ ഒരു കടയുടെ മുന്നില്‍ സ്ഥാപിച്ചിരുന്ന സി.സി.ടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ബൈക്ക് പിറ്റേന്ന് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടാണ് പോലീസിന്റെ അന്വേഷണം സജിത് ബാബുവിലെത്തിയത്. ലോക്കപ്പില്‍ ക്രൂരമര്‍ദനത്തിന് ഇരയായിട്ടും സജിത് കുറ്റം സമ്മതിച്ചില്ല. വാഹന പരിശോധനക്കിടയില്‍ പിടികൂടിയ മോഷ്ടാവെന്ന നിലയില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്താണ് ഇന്നലെ രാവിലെ മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയത്. എഫ്.ഐ.ആറിലെ പിഴവുകള്‍ കണ്ടെത്തിയ മജിസ്ട്രേറ്റ് മൊഴിയെടുത്തതോടെ പോലീസിന്റെ കള്ളക്കളി പുറത്തായി. ഉടനടി ജാമ്യം അനുവദിച്ചു. ആരോഗ്യനിലയില്‍ മജിസ്ട്രേറ്റ് ആശങ്ക പ്രകടിപ്പിച്ചതായി സജിത് ബാബുവിന്റെ അഭിഭാഷകന്‍ അറിയിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad