Type Here to Get Search Results !

Bottom Ad

ഉരുള്‍പ്പൊട്ടലുണ്ടായ പുത്തുമലയിലും കവളപ്പാറയിലും 36പേര്‍ ഇനിയും മണ്ണിനടിയില്‍


കേരളം (www.evisionnews.co): മഴ വന്‍ദുരന്തം വിതച്ച പുത്തുമലയിലും കവളപ്പാറയിലും ഇന്നും തെരച്ചില്‍ തുടരും. ഉരുള്‍പൊട്ടല്‍ വന്‍ദുരന്തം വിതച്ച നിലമ്പൂര്‍ കവളപ്പാറയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ രാവിലെ തന്നെ ആരംഭിക്കും. 14 മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് തെരച്ചില്‍ നടക്കുക. മണ്ണിടിഞ്ഞ പ്രദേശം നാല് ഭാഗമായി തിരിച്ചാണ് തെരച്ചില്‍ നടത്തുന്നത്. കവളപ്പാറയില്‍ നിന്ന് 29 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇതുവരെ 30 പേരുടെ മൃതദേഹം കിട്ടിയിരുന്നു. പുത്തുമലയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും ഇന്ന് പ്രത്യേകം തെരച്ചില്‍ നടത്തും.

അതിശക്തമായ മണ്ണിടിച്ചിലുണ്ടായ വയനാട് പുത്തുമലയില്‍ ഇനി ഏഴുപേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് അധികൃതരുടെ കണക്ക്. ആകെ 10 മൃതദേഹങ്ങളാണ് ഇവിടെ നിന്ന് ഇതുവരെ കിട്ടിയത്. തുടര്‍ച്ചയായ മൂന്നാം ദിവസവും പുത്തുമലയില്‍ നിന്ന് ആരെയും കണ്ടത്താനായില്ല. നാട്ടുകാര്‍ പറഞ്ഞ സാദ്ധ്യതകള്‍ക്ക് അനുസരിച്ചായിരുന്നു ഏക്കറു കണക്കിന് ഭൂമിയില്‍ കഴിഞ്ഞ മൂന്ന് ദിവസവും മണ്ണുമാന്തി ഉപയോഗിച്ച് തെരച്ചില്‍ നടത്തിയത്. മനുഷ്യര്‍ കുടുങ്ങിക്കിടക്കുന്നയിടം പ്രവചിച്ച് ഭൂപടം തയ്യാറാക്കിയും പുത്തുമലയിലെ ഇന്നലത്തെ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

സ്‌കാനറുകള്‍ അടക്കമുള്ള സാങ്കേതിക വിദ്യയൊന്നും ഇതുവരെ കൊണ്ടു വന്നിട്ടില്ല. അതൊന്നും പുത്തുമലയില്‍ പ്രാവര്‍ത്തികമല്ലെന്നാണ് ദുരന്തനിവാരണ സേന പറയുന്നത്. പാറക്കല്ലുകളും മരത്തടികളും നിറഞ്ഞ ദുരന്തഭൂമിയില്‍ സ്‌കാനറുകള്‍ പരാജയപ്പെടുമെന്നാണ് നിഗമനം. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ചതുപ്പായിക്കഴിഞ്ഞു ദുരന്തഭൂമി. മണ്ണുമാന്തി യന്ത്രങ്ങള്‍ പലപ്പോഴും ചതുപ്പില്‍ പുതഞ്ഞു പോവുന്നത് പ്രതിസന്ധി രൂക്ഷമാക്കുകയാണ്. ഏറ്റവുമൊടുവില്‍ എറണാകുളത്ത് നിന്ന് മണം പിടിച്ച് മൃതദേഹം കണ്ടെത്തുന്ന നായകളെ കൊണ്ടുവന്ന് തെരച്ചില്‍ നടത്താനാണ് ശ്രമം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad