കാസര്‍കോട് (www.evisionnews.co): പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുമ്പള പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. അതിനിടെ പ്രതികള്‍ ഉപയോഗിച്ച സ്വിഫ്റ്റ് ഡിസയര്‍ കാര്‍ മഞ്ഞനാടിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. നേരത്തെ ഒരു ആള്‍ട്ടോ കാറും കസ്റ്റഡിയിലെടുത്തിരുന്നു.
വ്യാഴാഴ്ച രാത്രിയാണ് ഗള്‍ഫുകാരനെ രണ്ടു കാറുകളിലായി എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കുന്നതിനിടയില്‍ മഞ്ചേശ്വരം സുങ്കതക്കട്ടയില്‍ പൊലീസ് സംഘത്തെ കണ്ട അക്രമിസംഘം ഇയാളെ കാറില്‍ നിന്ന് ഇറക്കിവിട്ട് രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ ആറു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ കഴിഞ്ഞ ദിവസം വിദേശ മദ്യവുമായി പിടിയിലായിരുന്നു.
ബായാര്‍ മുളി ഗെദയിലെ സൈനുല്‍ ആബിദ് (25), മീഞ്ച കൊളച്ചാപ്പിലെ ഹുസൈന്‍ (25) എന്നിവരാണ് പിടിയിലായത്. ഇരുവരെയും തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഒരു കര്‍ണാടക സ്വദേശിയുള്‍പ്പെടെ മറ്റു പ്രതികളെക്കുറിച്ചും സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു.

Post a Comment
0 Comments