കാഞ്ഞങ്ങാട് (www.evisionnews.co): ശനിയാഴ്ച വൈകിട്ട് കനത്ത മഴയില്‍ അരയി പുഴയിലേക്ക് ഒഴുകിപോയ കാര്‍ കണ്ടെത്തി. കാറിലുണ്ടായിരുന്ന ചായ്യോം ബസാറിലെ അബ്ദുല്‍ സമദ്, ഭാര്യ നജ്മുന്നീസ എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.ശനിയാഴ്ച വൈകിട്ടോടെയാണ് ദമ്പതികള്‍ സഞ്ചരിക്കുകയായിരുന്ന കെഎല്‍ 60 എന്‍ 7973കാര്‍ ഒഴുക്കില്‍പെട്ടത്. ശക്തമായ മഴയില്‍ കവിഞ്ഞൊഴുകുന്ന പാലത്തിലൂടെ കടന്നുവരുന്ന കാര്‍ ശ്രദ്ധയില്‍പെട്ട ഉടന്‍ തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിനിടയില്‍ കുത്തിയൊഴുക്കില്‍പ്പെട്ട് നിയന്ത്രണംവിട്ട കാര്‍ റോഡിലെ ചുഴിയില്‍ നിന്ന് തെക്ക് ഭാഗത്തേക്ക് കൂപ്പുകുത്തുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന അരയി നിവാസികളായ പ്രമോദ് പാറമ്മല്‍, മനോജ് നീരോക്കില്‍, വിമല്‍ പ്രസാദ്, വിജിത്ത്, ഹരീഷ്, വൈശാഖ്, സച്ചിന്‍ എന്നിവര്‍ അതിസാഹസികമായി ദമ്പതികളെ രക്ഷപ്പെടുത്തിയതിനാല്‍ വന്‍ ദുരന്തമൊഴിവായി.
ഞായറാഴ്ച രാവിലെ ശക്തമായ ഒഴുക്കുണ്ടായിരുന്നിട്ടും ഏറെപണിപ്പെട്ടാണ് രക്ഷാപ്രവര്‍ത്തകര്‍ കാര്‍ കരയിലെത്തിച്ചത്. കാറിലെ സീറ്റിന് മുകളില്‍ ഹാന്റ് ബാഗില്‍ സൂക്ഷിച്ചിരുന്ന ഇരുപത് പവന്‍ സ്വര്‍ണ്ണവും പത്തായിരം രൂപയും വെള്ളത്തില്‍ ഒലിച്ചുപോയതായി കരുതുന്നു. ശക്തമായ കാലവര്‍ഷം കാരണം അരയി പാലം വഴി വാഹന ഗതാഗതം സ്തംഭിച്ചിരുന്നു. ഇതറിയാതെയാണ് വെള്ളമൊഴുകിക്കൊണ്ടിരുന്ന പാലത്തിലൂടെ കാര്‍ മുന്നോട്ടെടുത്തത്.
Post a Comment
0 Comments