കാസര്‍കോട് (www.evisionnews.co): കാസര്‍കോട്- മംഗലാപുരം ദേശീയ പാതയിലെ മൊഗ്രാല്‍ പാലം അപകട ഭീഷണിയില്‍. ബലക്ഷയം കൊണ്ടും പാലം റോഡില്‍ ഉണ്ടായിരിക്കുന്ന ഗര്‍ത്തങ്ങള്‍ കൊണ്ടും ഏതുനിമിഷവും അപകടം സംഭവിക്കാവുന്ന സ്ഥിതിയാണിവിടെ. ചെറുതും വലുതമായ ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാതയിലാണ് പാലം. ദിനേനെ നൂറുകണക്കിന് ആംബുലന്‍സുകളും സ്‌കൂള്‍- യാത്ര ബസുകളും അപകടം മുന്നില്‍ കണ്ടുകൊണ്ട് തന്നെയാണ് ഇതുവഴികടന്നുപോകുന്നത്.
ടാങ്കര്‍ ലോറികള്‍, ടണ്‍ കണക്കിന് ഭാരം കയറ്റിയ ചരക്കു ലോറികള്‍ ഉള്‍പ്പടെ വലിയ വാഹനങ്ങള്‍ പാലം വഴി കടന്നുപോവുന്നത് കൂടുതല്‍ അപകട സാധ്യതകള്‍ വരുത്തിവെക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. കാസര്‍കോട് മുതല്‍ തലപ്പാടി വരെ റോഡ് തകര്‍ന്ന് വന്‍ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. പാലത്തിലും വലിയ രീതിയില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. പാലത്തിന്റെ കൈവരികളും ശോഷിച്ച നിലയിലാണ്. നിരവധി തവണ വാഹനങ്ങള്‍ ഇടിച്ചും മറ്റും കൈവരികള്‍ക്ക് കേടുപാട് പറ്റിയെങ്കിലും നന്നാക്കാനോ മാറ്റി സ്ഥാപിക്കാനോ അധികൃതര്‍ മുന്നോട്ടുവരുന്നില്ല.
അമ്പത് വര്‍ഷം പഴക്കമുള്ളതാണ് മൊഗ്രാല്‍ പാലം. പാലത്തിലൂടെ വാഹനങ്ങള്‍ ചീറിപ്പായുമ്പോള്‍ ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാരുടെയും കാല്‍നട യാത്രക്കാരുടെയും നെഞ്ചില്‍ തീയാളുകയാണ്. അപകട സാധ്യത ഏറെയുള്ള ദേശീയപാതയില്‍ അടിയന്തിരമായി അറ്റകുറ്റപ്പണികള്‍ തീര്‍ക്കണമെന്നും മൊഗ്രാല്‍ പാലം ഗതാഗത യോഗ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment
0 Comments