ദേശീയം (www.evisionnews.co): ബീഫിന്റെ പേരില്‍ സംഘ്പരിവാര്‍ അക്രമികള്‍ കൊലപ്പെടുത്തിയ ക്ഷീരകര്‍ഷകന്‍ പെഹ്ലുഖാന്റെ ബന്ധുക്കള്‍ നീതിക്കു വേണ്ടി നടത്തുന്ന പോരാട്ടത്തില്‍ ഒപ്പമുണ്ടാവുമെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി. യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പെഹ്ലുഖാന്റെ ഹരിയാന നൂഹ് ജില്ലയിലെ ജയ്സിംഗ്പൂരിലുള്ള കുടുംബത്തെ നേരില്‍ക്കണ്ടാണ് ഇക്കാര്യം അറിയിച്ചത്.
പെഹ്ലുഖാന്റെ ഘാതകരെ ഈമാസം 14ന് രാജസ്ഥാനിലെ ആല്‍വാര്‍ സെഷന്‍സ് കോടതി വെറുതെവിട്ട പശ്ചാത്തലത്തിലായിരുന്നു നേതാക്കളുടെ സന്ദര്‍ശനം. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമാരായ അഡ്വ: വി.കെ ഫൈസല്‍ ബാബു, ആസിഫ് അന്‍സാരി, മുഹമ്മദ് ആരിഫ്, എക്സിക്യൂട്ടീവ് അംഗം ഷിബു മീരാന്‍, ഹരിയാന യൂത്ത് ലീഗ് നേതാക്കളായ മുഹമ്മദ് അനീസ് എന്നിവരടങ്ങുന്ന സംഘമാണ് പെഹ്ലുഖാന്റെ വസതിയിലെത്തിയത്.
പെഹ്ലുഖാന്റെ ഭാര്യ സൈബുന, മക്കളായ ഇര്‍ഷാദ്, ആരിഫ്, മുബാറക്, ഇന്‍സാദ് തുടങ്ങിയവരുമായി സംസാരിച്ച നേതാക്കള്‍ നിയമനടപടികള്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. സൈബുനയുടെ അഭ്യര്‍ത്ഥന പ്രകാരം ഇളയ മകന്‍ ഇന്‍സാദിന്റെ തുടര്‍ വിദ്യാഭ്യാസത്തിനും മകളുടെ വിവാഹത്തിനും വേണ്ട സഹായങ്ങള്‍ നല്‍കുമെന്ന് നേതാക്കള്‍ ഉറപ്പുനല്‍കി.
സെഷന്‍സ് കോടതിയില്‍ പ്രതികള്‍ രക്ഷപ്പെട്ട സാഹചര്യം ചോദിച്ച് മനസിലാക്കിയ നേതാക്കള്‍ കുടുംബത്തിന്റെ അഭിഭാഷകരെ നേരില്‍ കണ്ടു. കേസിന്റെ നിയമനടപടികള്‍ ഏകോപിപ്പിക്കുന്ന അഡ്വ: അസദ് ഹയാത്തുമായും യൂത്ത് ലീഗ് നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തി. അന്വേഷണ ഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ വരുത്തിയ ഗുരുതര വീഴ്ചകള്‍ കേസിനെ ബാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ ആന്തരിക മുറിവുകളാണ് മരണകാരണം എന്ന് പറയുന്നുണ്ട്. പെഹ്ലു ഖാന്റ മരണ മൊഴിയില്‍ പേരെടുത്ത് പറഞ്ഞ ആറു പേര്‍ക്കെതിരെ അന്വേഷണം ഉണ്ടായില്ല. അക്രമണത്തിന്റെ ഭൃശ്യങ്ങള്‍ തെളിവായി സ്വീകരിച്ചില്ല. എന്നിരുന്നാലും വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കുമെന്നും അഭിഭാഷകന്‍ അറിയിച്ചു.
അഭിഭാഷകരായ നാസിര്‍ നഖ്വി, ഷാഹിദ് ഹസന്‍ (രാജസ്ഥാന്‍ ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍) എന്നിവരാണ് ജയ്പൂര്‍ ഹൈക്കോടതിയില്‍ ഹാജരാവുക. സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരും കപില്‍ സിബലിന്റെ നിയമ നിര്‍ദ്ദേശങ്ങളനുസരിച്ചാണ് അപ്പീല്‍ തയാറാക്കുന്നത്.

Post a Comment
0 Comments