കാസര്‍കോട് (www.evisionnews.co): കണ്ണൂര്‍ യൂണിവേഴ്സിറ്റി കാസര്‍കോട് ഗവ. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് യു.ഡി.എസ്.എഫ് ബഹിഷ്‌കരിച്ചത് പരാജയ ഭീതിമൂലമെന്ന് എസ്.എഫ്.ഐ നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സെപ്തംബര്‍ അഞ്ചിന് നടക്കുന്ന കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് വ്യാജ രേഖ വിവാദം ഉയര്‍ന്നത്. ഇപ്പോള്‍ യൂണിയന്‍ ഭരിക്കുന്നത് യു.ഡി.എസ്.എഫാണ്. എന്നാല്‍ ഇപ്പോള്‍ എസ്എഫ്‌ഐക്ക് ജയിക്കാനുള്ള സാഹചര്യമാണുള്ളതെന്നും നേതാക്കള്‍ പറയുന്നു.
ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എ.കെ അഭിജിത്തിന് മത്സരിക്കാന്‍ യോഗ്യതയില്ലെന്നാണ് യുഡിഎസ്എഫ് ആരോപിക്കുന്നത്. മൂന്നാം വര്‍ഷ ഫിസിക്‌സ് ബിരുദ വിദ്യാര്‍ത്ഥിയായ അഭിജിത്തിന് മാത്‌സില്‍ പാസാവാന്‍ മാര്‍ക്കില്ലെന്നായിരുന്നു യുഡിഎസ്എഫിന്റെ പരാതി. കഴിഞ്ഞ സര്‍വകലാശാല കലോത്സവത്തില്‍ തെരുവ് നാടകത്തില്‍ ഒന്നാം സ്ഥാനം നേടിയത് അഭിജിത്ത് നേതൃത്വം നല്‍കിയ ടീമായിരുന്നു. അതിലൂടെ ലഭിക്കുന്ന ഗ്രേസ് മാര്‍ക്ക് കൂടിയായപ്പോള്‍ അഭിജിത്ത് എല്ലാ വിഷയങ്ങളിലും പാസായിട്ടുണ്ടെന്നാണ് സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ നല്‍കിയ രേഖയില്‍ പറയുന്നത്.
തങ്ങളുന്നയിച്ച എല്ലാ വാദങ്ങളും പൊളിഞ്ഞതിന്റെ ജാള്യതയിലാണ് തെരഞ്ഞെടുപ്പില്‍നിന്ന് പിന്‍വാങ്ങുന്നതായി കെ.എസ്.യുവും എം.എസ്.എഫും പ്രഖ്യാപിച്ചത്. എം.എസ്.എഫിന് സ്വാധീനമുണ്ടായിരുന്ന കോളജില്‍ ഭൂരിപക്ഷം കുട്ടികളും എസ്.എഫ്.ഐയെ പിന്തുണക്കുന്നുവെന്ന ഘട്ടത്തിലാണ് ആരോപണവുമായി അവര്‍ രംഗത്തുവന്നതെന്നും എസ്.എഫ്.ഐ കുറ്റപ്പെടുത്തുന്നു. പത്രസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി ആല്‍ബിന്‍ മാത്യു, വൈസ് പ്രസിഡന്റ് കെ.എച്ച് സവാഗ്, കെ.എം മുനീര്‍, വി. വിപിന്‍രാജ്, പി.വി സല്‍നാമോള്‍, അഹമ്മദ് മന്‍സൂര്‍ സംബന്ധിച്ചു.

Post a Comment
0 Comments